അവധിയാഘോഷം; മസ്കത്ത് നൈറ്റ്സിൽ തിരക്കേറി
text_fieldsമസ്കത്ത് നൈറ്റ്സ് അന്താരാഷ്ട്ര ബില്യാർഡ്സ്-സ്നൂക്കർ ചാമ്പ്യൻഷിപ്പിന് ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിൽ തുടക്കമായപ്പോൾ
മസ്കത്ത്: തുടർച്ചയായ അവധി ദിനങ്ങൾ ലഭിച്ചതോടെ മസ്കത്ത് നൈറ്റ്സിലും തിരക്കേറി. മസ്കത്തിലെ വിവിധ വേദികളിലായി നടക്കുന്ന ആഘോഷരാവുകളിലേക്ക് വ്യാഴാഴ്ച പ്രവാസികളടക്കം നിരവധി പേർ സന്ദർശകരായെത്തി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണദിന വാർഷികവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയും ഇസ്റാഅ്- മിഅ്റാജ് ദിനവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയും പൊതുഅവധി പ്രഖ്യാപിച്ചതോടെ വാരാന്ത്യമടക്കം നാലു ദിവസം അവധി ലഭിച്ച സന്തോഷത്തിലണ് ജനങ്ങൾ. ജനുവരി 31വരെ നീളുന്ന മസ്കത്ത് നൈറ്റ്സിൽ രണ്ടാഴ്ചക്കിടെ ആറു ലക്ഷത്തിലധികം സന്ദർശകരാണെത്തിയത്. വിനോദം, സംസ്കാരം, കായികം, വ്യാപാരം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള വിപുല പരിപാടികളാണ് സംഘാടകരായ മസ്‌കത്ത് മുനിസിപ്പാലിറ്റി ഒരുക്കിയിരിക്കുന്നത്.
അൽ ഖുറം നാച്വറൽ പാർക്ക്, അൽ ആമിറാത്ത് പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ട്, സീബ് ബീച്ച്, ഖുറിയാത്ത് തുടങ്ങിയ എട്ട് പ്രധാന വേദികളിലായാണ് പരിപാടികൾ നടക്കുന്നത്. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ട് ചെറുകിട, ഇടത്തരം സംരംഭകർക്കും (എസ്.എം.ഇകൾ) കുടിൽ വ്യവസായങ്ങൾക്കുമായി പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഡ്രോൺ ഷോകൾ, ലേസർ ലൈറ്റ് ഷോകൾ, കലാ പ്രകടനങ്ങൾ, രാജ്യാന്തര സർക്കസ്, കുട്ടികൾക്കായുള്ള റൈഡുകൾ എന്നിവ പ്രധാന ആകർഷണങ്ങളാണ്. അന്താരാഷ്ട്ര ബില്യാർഡ്സ്, സ്‌നൂക്കർ, ചെസ്, ബാസ്‌ക്കറ്റ്‌ബാൾ തുടങ്ങിയ കായിക മത്സരങ്ങളും മസ്കത്ത് നൈറ്റ്സിന്റെ ഭാഗമാണ്.
സന്ദർശകരുടെ സൗകര്യത്തിനായി പ്രധാന വേദികളിലേക്ക് സൗജന്യ ഷട്ടിൽ ബസ് സർവിസുകളും പാർക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആമിറാത്ത് പാർക്കിൽ പ്രവർത്തിക്കുന്ന ക്രാഫ്റ്റ്‌സ്‌മെൻസ് സൂഖ് ഒമാനി പാരമ്പര്യത്തെ അടുത്തറിയാനും കരകൗശല നിർമാതാക്കൾക്ക് അവരുടെ ഉൽപന്നങ്ങൾ നേരിട്ട് വിപണനം ചെയ്യാനുമുള്ള വേദിയായി മാറി. നിരവധി സ്വദേശികളും പ്രവാസികളുമാണ് സൂഖ് സന്ദർശിക്കുന്നത്. ഒമാനി കരകൗശലകലയെ പ്രഫഷനൽ രീതിയിൽ അവതരിപ്പിക്കാനും വിപണി സാധ്യത കണ്ടെത്താനും കരകൗശലക്കാർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുകയാണ് മസ്കത്ത് നൈറ്റ്സിലെ ഈ ശ്രമങ്ങളുടെ ലക്ഷ്യം. ഇതിലൂടെ ദേശീയവും അന്താരാഷ്ട്രവുമായ വിപണികളിലേക്കുള്ള പ്രവേശനം സാധ്യമാകുന്നു.
സമാഹരിച്ച അനുഭവസമ്പത്ത്, കൈവേല ഉൽപന്നങ്ങളുടെ ദൃശ്യപ്രാപ്യത വർധിപ്പിക്കൽ, ഒമാനി ജീവിതത്തിന്റെയും തിരിച്ചറിവിന്റെയും അവിഭാജ്യ ഘടകമായി ഹസ്തകലകളെ അംഗീകരിക്കൽ എന്നിവയാണ് ഈ മേഖലയെ ശക്തിപ്പെടുത്തുന്നത്. അതേസമയം, വിവിധ കായികമത്സരങ്ങളും മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ സീസണിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. മസ്കത്ത് നൈറ്റ്സ് അന്താരാഷ്ട്ര ബില്യാർഡ്സ്-സ്നൂക്കർ ചാമ്പ്യൻഷിപ് വിവിധ വിഭാഗങ്ങളിലായി വ്യാഴാഴ്ച ആരംഭിച്ചു. ഉദ്ഘാടനചടങ്ങ് ഒമാൻ ഓട്ടോ മൊബൈൽ അസോസിയേഷൻ ആസ്ഥാനത്ത് നടന്നു. 18 രാജ്യങ്ങളിൽനിന്നുള്ള 125 താരങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

