മസ്കത്ത്: മസീറയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ലോഞ്ച് ‘ഹിക്ക’ചുഴലിക്കൊടുങ്കാറ്റിൽ പെട്ടുണ്ടായ അപകടത്തിൽ ഇതുവരെ കണ്ടെടുത്തത് മൂന്ന് മൃതദേഹങ്ങൾ. അഴുകി ജീർണാവസ്ഥയിലായതിനാൽ മൃതദേഹങ്ങൾ ഇതുവരെ കൃത്യമായി തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കുകയുള്ളൂവെന്ന് ആശുപത്രിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഒരു മൃതദേഹം ശനിയാഴ്ചയും രണ്ടെണ്ണം ഞായറാഴ്ചയുമാണ് കണ്ടെടുത്തത്. ബോട്ടിലുണ്ടായിരുന്ന കന്യാകുമാരി സ്വദേശി ദാസെൻറയാണ് കണ്ടെടുത്ത മൃതദേഹങ്ങളിലൊന്ന് എന്ന് തിരച്ചിൽ സംഘത്തിലുണ്ടായിരുന്ന മസീറയിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ പറയുന്നു. എന്നാൽ, ഇക്കാര്യം സ്പോൺസർ സ്ഥിരീകരിച്ചിട്ടില്ല. മറ്റു രണ്ട് മൃതദേഹങ്ങളും ആരുടേതാണെന്ന കാര്യം വ്യക്തമല്ല. സിനാവ്, ദുകം ആശുപത്രികളിലായാണ് മൃതദേഹങ്ങൾ ഉള്ളത്.
അപകടത്തിൽ പെട്ട ലോഞ്ച് സെപ്റ്റംബർ 17നാണ് മസീറയിൽനിന്ന് യാത്ര തിരിച്ചത്. സാധാരണ മത്സ്യബന്ധനത്തിന് ശേഷം കരക്ക് എത്തുന്നതിന് പരമാവധി 10 ദിവസം വരെയാണ് എടുക്കാറുള്ളത്. സെപ്റ്റംബർ 24ന് ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നതിന് മുമ്പ് നിരവധി ബോട്ടുകൾ കരക്ക് അടുത്തെങ്കിലും ഇൗ ബോട്ടിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ചുഴലിക്കാറ്റും കടലിെൻറ പ്രക്ഷുബ്ധാവസ്ഥയും ഒടുങ്ങിയ ശേഷം റോയൽ ഒമാൻ പൊലീസ് ബോട്ടുകളും എയർഫോഴ്സ് ഹെലികോപ്ടറുകളും ഒപ്പം മത്സ്യത്തൊഴിലാളികളും നടത്തിയ പരിശോധനയിലാണ് മറിഞ്ഞ ലോഞ്ചും മൃതദേഹങ്ങളും കണ്ടെത്തിയത്. മസീറയിൽനിന്ന് ദുകം ഭാഗത്തേക്ക് 110 കിലോമീറ്റർ അകലെയുള്ള ഉൾക്കടലിൽ ഗ്ലൂഫ് എന്നുവിളിക്കുന്ന ഭാഗത്താണ് ലോഞ്ച് കണ്ടെത്തിയത്.
അഞ്ച് തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽ പെട്ട ലോഞ്ചിലുണ്ടായിരുന്നതെന്ന് ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചു. ഇതോടൊപ്പം അപകടത്തിൽ പെട്ട ലോഞ്ചിലെ വയർലെസ് സെറ്റ് തകരാറിലായിരുന്നെന്ന രീതിയിലുള്ള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ലോഞ്ച് അപകടത്തിൽ പെടാനുള്ള കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിശദീകരണം ലഭ്യമായിട്ടില്ല (അപകടത്തിൽ പെട്ട ലോഞ്ചിലെ കന്യാകുമാരി സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തതായി കഴിഞ്ഞ ദിവസം ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയിൽ െകാടുത്ത ചിത്രം കാണാതായവരിൽ ഒരാളുടേതാണ്. തെറ്റായ ചിത്രം പ്രസിദ്ധീകരിക്കാനിടയായതിൽ ഖേദിക്കുന്നു).