റിയാലിന് ഉയർന്ന വിനിമയനിരക്ക്: ചെലവഴിക്കാൻ മടിച്ച് പ്രവാസികൾ
text_fieldsമസ്കത്ത്: ഒമാനി റിയാലിന്‍റെ വിനിമയനിരക്ക് ഉയർന്നതോടെ ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾ പണം ചെലവഴിക്കാൻ മടിക്കുന്നു. തങ്ങളുടെ വരുമാനത്തിന് ഉയർന്ന മൂല്യം ലഭിക്കുന്നതിനാൽ കൂടുതൽ പണം നാട്ടിലേക്ക് അയക്കുകയാണിപ്പോൾ പ്രവാസികൾ.
ഒരു റിയാലിന് 206 രൂപയിലധികമാണ് കഴിഞ്ഞ കുറെ ദിവസമായി ഇന്ത്യയിലേക്ക് പണം അയക്കുന്നവർക്ക് ലഭിക്കുന്നത്. അതിനാൽ അനാവശ്യ ചെലവുകൾ പരമാവധി ഒഴിവാക്കി പലരും പണം നാട്ടിലേക്ക് അയക്കുകയാണ്. ഇന്ത്യക്കു പുറമെ പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ കറൻസികളുമായും റിയാലിന്‍റെ വിനിമയനിരക്ക് കുത്തനെ ഉയർന്നിട്ടുണ്ട്.
ഇതോടെ ഈ രാജ്യങ്ങളിലേക്കുള്ള പണത്തിന്‍റെ ഒഴുക്കും വർധിച്ചിട്ടുണ്ട്. ഇതുമൂലം കുറെ ആഴ്ചകളായി സ്ഥാപനങ്ങളിൽ തിരക്ക് കുറവാണെന്ന് വ്യാപാരികൾ പറയുന്നു.
നാട്ടിലേക്ക് പണം അയക്കാൻ കരുതിയിരുന്നവരെല്ലാം വിനിമയനിരക്ക് റിയാലിന് 200 രൂപയിലെത്തിയപ്പോൾതന്നെ നാട്ടിലേക്ക് അയച്ചിരുന്നു. ബാക്കിയുള്ളവർ അടുത്ത ദിവസങ്ങളിൽ അയച്ചുകഴിഞ്ഞതോടെ വിനിമയ സ്ഥാപനങ്ങളിൽ തിരക്കും കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ബാങ്ക് വായ്പയും മറ്റും ഉള്ളവർക്ക് വിനിമയനിരക്ക് ഉയർന്നത് വലിയ അനുഗ്രഹമായിട്ടുണ്ട്. പലരും കഴിയുന്നത്ര പണം സ്വരൂപിച്ച് നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
കുറച്ച് ദിവസങ്ങളായി ഷോപ്പുകളിൽ തിരക്ക് കുറവാണെന്ന് റൂവിയിൽ മൊബൈൽ കടകൾ നടത്തുന്നവർ പറയുന്നു. മുൻകാലങ്ങളിൽ എന്തു പ്രതിസന്ധിയുണ്ടായാലും മൊബൈൽ കടകളിൽ തിരക്ക് അനുഭവപ്പെടാറുണ്ടായിരുന്നു.
പുതിയ മൊബൈൽ ഫോണുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും എപ്പോഴും ആവശ്യക്കാരുണ്ടായിരുന്നു.എന്നാൽ, ഇപ്പോൾ ഇത്തരക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് റൂവിയിലെ ചെറുകിട വ്യാപാരികൾ പറയുന്നു. മറ്റു മേഖലകളിലെ വ്യാപാരത്തെയും വിനിമയനിരക്ക് ബാധിച്ചിട്ടുണ്ട്. ഭക്ഷ്യ ഉൽപന്നങ്ങൾ മാത്രമാണ് കാര്യമായി വിറ്റഴിക്കപ്പെടുന്നത്.
അതിൽതന്നെ പലരും ഓഫറുകൾ നോക്കിയാണ് ഉൽപന്നങ്ങൾ വാങ്ങുന്നത്. ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാരസ്ഥാപനങ്ങൾ ഓഫറുകളും ഡിസ്കൗണ്ടുകളുമൊക്കെ നൽകുന്നുണ്ട്. എങ്കിലും വിപണിയിൽ കാര്യമായ ചലനങ്ങളൊന്നുമില്ലെന്ന് വ്യാപാരികൾ പറയുന്നു.
ഉൽപന്നങ്ങളുടെ വില ഇന്ത്യൻ രൂപയിലേക്കു മാറ്റി നോക്കി, ഇന്ത്യയിലെ വിലയുമായി താരതമ്യം ചെയ്യുന്നവരും നിരവധിയാണ്. വാട്സ്ആപ് അടക്കമുള്ള സംവിധാനം ഉള്ളതിനാൽ നാട്ടിലെ വില അറിയാനും എളുപ്പമാണ്.
അതിനാൽ നാട്ടിൽനിന്ന് സാധനങ്ങൾ വാങ്ങാമെന്ന് കരുതി പോകുന്നവരും ധാരാളമുണ്ട്. ഒമാനിലെ പ്രധാന ഹൈപർ മാർക്കറ്റുകളുടെയും മറ്റും ശാഖകൾ നാട്ടിൽ പരക്കെയുള്ളതിനാൽ അവിടെനിന്ന് സാധനങ്ങൾ വാങ്ങാമെന്ന് കരുതുന്നവരുടെ എണ്ണം കൂടിവരുകയാണ്.
അതേസമയം, വിനിമയനിരക്ക് ഉയർന്നത് പ്രവാസികളിൽ സമ്പാദ്യശീലം വർധിപ്പിക്കാൻ സഹായകമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

