ആമീറാത്ത് - ബൗഷർ ചുരം റോഡിൽ ഹെവി വാഹനങ്ങൾക്ക് വിലക്ക്
text_fieldsആമീറാത്ത്-ബൗഷർ മൗണ്ടൻ റോഡിൽ ഏർപ്പെടുത്തിയ ഉയര നിയന്ത്രണം
മസ്കത്ത്: ആമീറാത്ത്-ബൗഷർ മൗണ്ടൻ റോഡിൽ ഭാരവും ഉയരവുമേറിയ വാഹനങ്ങൾക്ക് മസ്കത്ത് മുനിസിപ്പാലിറ്റി നിയന്ത്രണമേർപ്പെടുത്തി. മൂന്നു ടൺ ഭാരമുള്ളതോ മൂന്നു മീറ്ററിൽ കൂടുതൽ ഉയരമുള്ളതോ ആയ വാഹനങ്ങളുടെ പ്രവേശനമാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.ഇതിന്റെ ഭാഗമായി നാലു വ്യത്യസ്ത സ്ഥലങ്ങളിൽ ഉയര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. സുരക്ഷയും ഗതാഗതവും മെച്ചപ്പെടുത്തുന്നതിനാണ് ഇതെന്നും ഹെവി വാഹന ഡ്രൈവർമാർ നിർദേശങ്ങൾ പാലിക്കാനും ബദൽ മാർഗങ്ങൾ ഉപയോഗിക്കാനും മസ്കത്ത് മുനിസിപ്പാലിറ്റി നിർദേശിച്ചു.
റോഡിലെ ഉയര നിയന്ത്രണ ബോർഡുകൾ സ്ഥാപിക്കുന്നതിനായി നേരത്തെ കരാറുകാരിൽനിന്ന് മുനിസിപ്പാലിറ്റി നേരത്തെ ബിഡ്ഡുകൾ ക്ഷണിച്ചിരുന്നു. ആമീറാത്ത്-ബൗഷർ മൗണ്ടൻ റോഡിൽ ഹെവി വാഹനങ്ങളുൾപ്പെടെ അപകടത്തിൽപ്പെട്ട് ഗതാഗത പലപ്പോഴും തടസപ്പെടുന്ന സ്ഥിതിയാണുള്ളത്. ഈ പാതയിൽ നടന്ന അപകടങ്ങളിൽ പലതിലും ജീവനും പൊലിഞ്ഞിട്ടുണ്ട്. ഇത്തരം അപടകങ്ങളും ഗതാഗത തടസവും ഒഴിവാക്കുന്നതിനായി അമീറാത്ത്-ബൗഷർ വിലായത്തുകളെ ബന്ധിപ്പിച്ച് ബദൽ തുരങ്കപാത നിർമിക്കണമെന്ന ആവശ്യവും പൊതുജനങ്ങളിൽനിന്നുയർന്നിട്ടുണ്ട്. തുരങ്ക പദ്ധതിക്കായി ഈ വർഷം അനുബന്ധ ടെൻഡർ പ്രഖ്യാപിക്കുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാർ-സ്വകാര്യ പങ്കാളിത്തത്തിൽ ഒരുങ്ങുന്ന പദ്ധതിയിൽ മസ്കത്ത് നഗരസഭ, ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം, ധനകാര്യ മന്ത്രാലയം എന്നീ വിഭാഗങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കും.
2.6 കിലോമീറ്ററായിരിക്കും തുരങ്കപാതയുടെ നീളം. തലസ്ഥാനത്തെ ഗതാഗത കുരുക്കഴിക്കുന്നതിനും പാത ഗുണകരമാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. ടണൽ പാത അമീറത്തിന്റെ മുഖച്ഛായ തന്നെ മാറ്റും. വിനോദ സഞ്ചാര വാണിജ്യ മേഖല വളരാനും വഴി ഒരുക്കും. നിലവിലെ റോാഡിൽ പൊലീസ് റോന്ത് ചുറ്റൽ വർധിപ്പിക്കണമെന്നും പൊതുജനങ്ങൾ നിർദേശം വെക്കുന്നുണ്ട്.ഒമാനിലെ പ്രധാന ചുരം റോഡായ അമീറാത്ത്- ബോഷർ റോഡ് ഗതാഗത രംഗത്ത് വൻ കാൽവെപ്പാണ്. ബൗഷർ ഭാഗത്ത് നിന്ന് വരുന്നവർക്ക് എളുപ്പത്തിൽ അമീറാത്തിലേക്കും ഖുറിയാത്ത്, സൂർ ഭാഗങ്ങളിലേക്കും എത്തിച്ചേരാൻ റോഡ് സഹായകമായിരുന്നു.
ഇത് കാരണം സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ തിരക്ക് കുറക്കാനും സഹായിച്ചിരുന്നു. എന്നാൽ, ഈ റോഡിൽ നിരവധി അപകടങ്ങളാണ് നടക്കുന്നത്. വാഹനം ഓടിക്കുന്നവരുടെ ചെറിയ അശ്രദ്ധപോലും വൻ ദുരന്തത്തിലേക്ക് നയിക്കാറുണ്ട്.നിരവധി മരണങ്ങൾക്ക് കാരണമായ അപകടങ്ങളും ഈ റോഡിൽ നടന്നിട്ടുണ്ട്. അതോടൊപ്പം മഴയും മറ്റു കാലാവസ്ഥ പ്രശ്നങ്ങളും ഉണ്ടാവുമ്പോൾ റോഡുമായി ബന്ധപ്പെട്ട മലകൾ ഇടിഞ്ഞ് വീഴുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. സുരക്ഷ പ്രശ്നങ്ങളാൽ റോഡ് നിരവധി തവണ അടച്ചിടുകയും ചെയ്തിരുന്നു. തുരങ്കപാത യാഥാർഥ്യമാകുന്നതോടെ ഇതിനൊക്കെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

