മൂടൽമഞ്ഞും ചാറ്റൽ മഴയും ഉടനെത്തും; സലാലക്ക് സന്തോഷം
text_fieldsഖരീഫ് സീസണിൽ സലാലയിൽനിന്നുള്ള കാഴ്ച (ഫയൽ)
മസ്കത്ത്: ഖരീഫിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ദോഫാറിൽ മൂടൽമഞ്ഞിനും നേരിയ ചാറ്റൽ മഴക്കും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഖദുരി. സിവിൽ ഏവിയേഷൻ അതോറിറ്റി സംഘടിപ്പിച്ച മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറേറ്റിലേക്കുള്ള സന്ദർശകർക്ക് ഉടൻ തന്നെ അതിന്റെ പച്ചപ്പ് ആസ്വദിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ അൽ ഹജർ പർവത പ്രദേശങ്ങളിലും പരിസരപ്രദേശങ്ങളിലും പതിവിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സെപ്റ്റംബർ 21 വരെ നീളുന്ന ഖരീഫ് മഴക്കാലത്തിന് ജൂൺ 21നാണ് തുടക്കമായത്. ഖരീഫിന്റെ വരവറിയിച്ച് ജബൽ പ്രദേശങ്ങളിൽ ദിവസങ്ങൾക്ക് മുമ്പുതന്നെ മഴ പെയ്തു തുടങ്ങിയിട്ടുണ്ട്. എന്നാൽ, സലാലയടക്കമുള്ള നഗരങ്ങളിൽ കുറച്ചുദിവസമായി മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്. നഗര പ്രദേശങ്ങളിൽ നല്ല ചൂടാണനുഭവപ്പെടുന്നത്. എന്നാൽ വരും ദിവസങ്ങളിൽ ഇവിടെയും മഴ എത്തുമെന്നുള്ള പ്രവചനം താമസക്കാരും കച്ചവടക്കാരും ഏറെ പ്രതീക്ഷയോടെയാണ് വരവവേൽക്കുന്നത്.
മഴ ലഭിക്കുന്നതോടെ സലാലയടക്കമുള്ള പ്രദേശങ്ങളുടെ മനസ്സിലും കുളിര് പടർത്തും. മഴ കനക്കുന്നതോടെ മലനിരകളും താഴ്വാരങ്ങളും പച്ച പുതക്കും. പച്ചപ്പിനൊപ്പം വെള്ളച്ചാട്ടങ്ങളും രൂപം കൊള്ളും. ഇതോടെ ഖരീഫ് മഴക്കാലം ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ ദോഫാറിൽ എത്തും. രാജ്യത്തുനിന്നും പുറത്തുനിന്നുമായി ദോഫാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരിക്കും ഈ വർഷവും സാക്ഷ്യം വഹിക്കുക. ജി.സി.സി രാജ്യങ്ങളിൽനിന്നാകും ഇത്തവണയും കൂടുതൽ ആളുകൾ എത്തുക. സുൽത്താനേറ്റിന്റെ മറ്റു ഭാഗങ്ങളും ഇതര ഗൾഫ് നാടുകളും വേനൽ ചൂടിൽ വെന്തുരുകുമ്പോഴാണ് പ്രകൃതിയുടെ വരദാനമെന്നവണ്ണം സലാലയിൽ കുളിരണിയിച്ച് മഴയെത്തുക.
പ്രകൃതിക്കു മാത്രം വശമുള്ള വിരുതാണിത്. മനം നിറയെ പുതുമഴ ആസ്വദിക്കാനും ചാറ്റൽമഴയിലലിഞ്ഞ് സ്വയം മറക്കാനും സ്വദേശികളായ നിരവധിപേർ ജബലുകൾ കയറും. ഇടവേളകളില്ലാതെ ചന്നംപിന്നം പെയ്യുന്ന മഴ ഗൾഫ് നാടുകളിൽ സലാലക്ക് മാത്രമാണ് സ്വന്തം. സീസണിന്റെ തുടക്കത്തിൽ സലാലയോട് ചേർന്ന മലനിരകളെ കുളിരണയിക്കുന്ന ചാറ്റൽ മഴ പിന്നീട് പ്രദേശമാകെ പടരും. മഴത്തുള്ളികൾ മണ്ണിൽ പതിയുന്നതോടെയാണ് വേനലിൽ ഉണങ്ങി വരണ്ട് കിടന്ന മലനിരകളിൽ ജീവന്റെ പുൽക്കൊടികൾ ദൃശ്യമാവുക. മഴ കനക്കുന്നതോടെ വെള്ളച്ചാട്ടങ്ങളുടെ അഴക് വർധിക്കും. ഖരീഫ് സീസണിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ വിവിധ ക്രമീകരണങ്ങളാണ് റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്. വാഹനാപകടങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ട് സലാലയിലേക്കുള്ള റോഡുകളിൽ പട്രോളിങും പരിശോധനകളും ഏർപ്പെടുത്തും.
ടൂറിസം മന്ത്രാലയം ഖരീഫിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനായി വിവിധ മാർക്കറ്റിങ് കാമ്പയിനുകളും നടപ്പാക്കി. ഒരു മുൻനിര മൺസൂൺ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദോഫാറിനെ പരിചയപ്പെടുത്തുന്നതിനായി സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും ശക്തമാക്കി. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2024 ഖരീഫ് സീസണിൽ ദോഫാർ 1.048 ദശലക്ഷം സന്ദർശകരാണ് എത്തിയത്. ഇത് 2023നെ അപേക്ഷിച്ച് ഒമ്പത് ശതമാനം വർധനവാണ്. ഒമാനി സന്ദർശകരുടെ എണ്ണം 70.1 ശതമാനം വർധിച്ച് 734,500 ആയി. അതേസമയം ഗൾഫ് സന്ദർശകരുടെ എണ്ണം 16.9 ശതമാനം ഉയർന്ന് 177,000 ആയി. മറ്റു അറബ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരിലും 3.6 ശതമാനം നേരിയ വർധനവ് രേഖപ്പെടുത്തി. ഈ വർഷം സന്ദർശകരുടെ എണ്ണം 10 മുതൽ 15 ശതമാനം വരെ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

