ഒമാനിൽ മഴ കനത്തുതന്നെ; പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു, ഖസബിൽ നാശനഷ്ടം രൂക്ഷം
text_fieldsഖസബിൽ വെള്ളക്കെട്ടിൽ അകപ്പെട്ടവരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തുന്നു
മസ്‌കത്ത്: വടക്കൻ ഒമാനിലെ വിവിധ ഗവർണറേറ്റുകളിലും വിലായത്തുകളിലും ബുധനാഴ്ച ശക്തമായ മഴ അനുഭവപ്പെട്ടു. നിരവധി വാദികൾ നിറഞ്ഞൊഴുകി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മുസന്ദം ഗവർണറേറ്റിൽ ചൊവ്വാഴ്ച തുടങ്ങിയ കനത്ത മഴയിൽ കെടുതികൾ തുടരുകയാണ്. ഖസബിൽ വാദിയിൽ ഒുക്കിൽപെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച അതി ശക്തമായ മഴ പെയ്ത ഖസബിൽ പ്രളയം റിപ്പോർട്ട് ചെയ്തിരുന്നു. ഖസബിൽ കനത്ത നാശനഷ്ടമാണുണ്ടായത്. നിരവധി കാറുകൾ വെളളത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചു പോയി. പ്രദേശത്ത് കുടുങ്ങിയ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ‘അൽ മസറാത്ത്’ എന്നറിയപ്പെടുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനമാണ് നിലവിലെ കനത്ത കാലാവസ്ഥക്ക് കാരണം.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖ്, മുസന്ന, ബർക, നഖൽ, അവാബി, വാദി അൽ മാവിൽ എന്നീ വിലായത്തുകളിൽ ബുധനാഴ്ച മിതമായതോതിലാണ് മഴ വർഷിച്ചത്. അതേസമയം, അദ്ദാഹിറ ഗവർണറേറ്റിലെ യാൻകുൽ വിലായത്തിലെ വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലും ശക്തമായ മഴ ലഭിച്ചതിനെ തുടർന്ന് മേഖലയിലെ നിരവധി വാദികൾ നിറശഞ്ഞാഴുകി. അദ്ദാഖിലിയ ഗവർണറേറ്റിലെ നിസ്‍വ വിലായത്തിലും വിവിധ ഗ്രാമങ്ങളിൽ വ്യത്യസ്ത തീവ്രതയിൽ മഴ ലഭിച്ചു. വാദി അൽ ഹിജ്രി ഉൾപ്പെടെ നിരവധി വാദികളും ചെറുനദികളും സജീവമായി. വിലായത്തിലെ എല്ലാ പ്രദേശങ്ങളിലേക്കും മഴ വ്യാപിച്ചതോടെ അണക്കെട്ടുകൾ കരകവിഞ്ഞൊഴുകി.
വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവാ വിലായത്തിൽ ശക്തമായ കാറ്റും മഴയും റിപ്പോർട്ട് ചെയ്തു. ഇതോടെ നിരവധി വാദികളും ഒഴുക്കുകളും രൂപപ്പെട്ടു. ചില പ്രദേശങ്ങളിൽ പ്രധാന റോഡുകളിലും സർവീസ് റോഡുകളിലും ഗതാഗതം പൂർണമായി നിലച്ചതായും റിപ്പോർട്ടുണ്ട്. റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് വിഭാഗവും ഗതാഗത നിയന്ത്രണത്തിനും സുരക്ഷാ നടപടികൾക്കുമായി പരിശ്രമങ്ങൾ തുടരുകയാണ്. വാദികളിലൂടെ വാഹനങ്ങൾ ഓടിക്കരുതെന്ന് ഡ്രൈവർമാരോട് നിർദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമായി മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഡാം ഗേറ്റുകൾ തുറക്കും; മുന്നറിയിപ്പുമായി മന്ത്രാലയം
മസ്‌കത്ത്: സംഭരണ ശേഷിയുടെ 75 ശതമാനം ജലനിരപ്പ് കവിയുന്ന സാഹചര്യത്തിൽ ഡാമുകളുടെ ഗേറ്റുകൾ തുറക്കുമെന്ന് കൃഷി-ജലവിഭവ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കുകയും ഭൂഗർഭ ജലശേഖരണം വർധിപ്പിക്കുകയും ചെയ്യുന്നതിനായുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ കാലാവസ്ഥ കൂടുതൽ ശക്തമാകാനിടയുള്ളതായും അതുമൂലം വാദികളിൽ ശക്തമായ ഒഴുക്കുകൾ രൂപപ്പെടാനിടയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ ഡാം ഗേറ്റുകൾ തുറക്കുന്നത് ജലസംഭരണികളിലെ നിരപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നതോടൊപ്പം അധിക ജലം ഭൂഗർഭ ജലസ്രോതസ്സുകളിലേക്ക് ചേരാനും സഹായകരമാകും. പ്രളയ സാധ്യതകൾ നിയന്ത്രിക്കുന്നതിനും ശക്തമായ മഴയിൽ നിന്നുള്ള പ്രയോജനം പരമാവധി നേടുന്നതിനും ഇത്തരം മുൻകരുതൽ നടപടികൾ അനിവാര്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. പൗരന്മാരും പ്രവാസികളും വാദികൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
ആലിപ്പഴ വർഷം; ജാഗ്രത പാലിക്കണം
മസ്കത്ത്: ഒമാന്റെ ചില ഭാഗങ്ങളിൽ ശക്തമായ ആലിപ്പഴ വർഷം തുടരുന്ന സാഹചര്യത്തിൽ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് ആവശ്യപ്പെട്ടു. ജനങ്ങൾ വീടിനുള്ളിൽ തന്നെ ഇരിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും ജനലുകൾക്ക് അരികിലും തുറസ്സായ സ്ഥലങ്ങളിലും നിൽക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു. വാഹനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലോ മേൽക്കൂരയുള്ള പാർക്കിങ് ഇടങ്ങളിലോ പാർക്ക് ചെയ്യണം. സാധ്യമാകുന്ന ഇടങ്ങളിൽ വാഹനങ്ങൾ മൂടിയിടണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

