വടക്കൻ ഒമാനിൽ കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും
text_fieldsമസ്‌കത്ത്: വടക്കൻ ഒമാനിലെ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയും ആലിപ്പഴമഴയും റിപ്പോർട്ട് ചെയ്തു. മുസന്ദം, ബുറൈമി, വടക്കൻ ബാത്തിന, ദാഹിറ ഗവർണറേറ്റുകളിലാണ് കനത്ത മഴമേഘങ്ങളുടെ സാന്നിധ്യമുള്ളത്. പെരുന്നാൾ അവധിക്കാലത്ത് യാത്ര പോകുന്നവർക്ക് മഴ ചൂടിന് കുളിരായി. വടക്കൻ ബത്തിനയിലെ അഖർ, ഷിനാസ് ഫലജ്, സുഹാർ എന്നിവിടങ്ങളിൽ മഴ റിപ്പോർട്ട് ചെയ്തു.
കാലാവസ്ഥ വ്യതിയാനം ക്രമേണ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ച മുതൽ കനത്ത ഇടിമിന്നൽ മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നാഷനൽ മൾട്ടി ഹസാർഡ് ഏർളി വാണിങ് സെന്ററർ മുന്നറിയിപ്പ് നൽകി. മസ്കത്ത്, ബുറൈമി, ദാഹിറ, ദാഖിലിയ്യ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന എന്നീ ഗവർണറേറ്റുകൾക്കു പുറമെ, തെക്കൻ ശർഖിയ്യ, വടക്കൻ ശർഖിയ്യ എന്നിവിടങ്ങളിലെ ചില മേഖലകളിലും കനത്ത മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. മഴയും ആലിപ്പഴ വർഷവും മൂലം റോഡിൽ കാഴ്ചപരിധി കുറയുകയും വാദികൾ നിറയുകയും ചെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
താഴ്ന്ന പ്രദേശങ്ങളിലും വാദികളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും സാഹചര്യം മാറുന്നതിനനുസരിച്ച് ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

