തീവ്ര ന്യൂനമർദം 100 കിലോമീറ്റർ അകലെ; സലാലയിൽ കനത്ത മഴ
text_fieldsമസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദം തീരത്തോട് അടുത്തതിെൻറ ഫലമായി സലാലയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ചയും കനത്ത മഴ. പലയിടങ്ങളിലും വെള്ളം കയറി. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ച വൈകീട്ട് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് സലാല ഉൾപ്പെടുന്ന ദോഫാർ തീരത്തിന് തെക്കു ഭാഗത്തായി നൂറ് കിലോമീറ്റർ അകലെയാണ് ന്യൂനമർദത്തിെൻറ സ്ഥാനം. കാറ്റിെൻറ കേന്ദ്രഭാഗത്ത് മണിക്കൂറിൽ 45 കിലോമീറ്റർ വരെയാണ് കാറ്റിെൻറ വേഗത. വരുന്ന മണിക്കൂറുകളിൽ ശക്തിയാർജിച്ച് ന്യൂനമർദം തീരം കടന്നുപോകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അടുത്ത 24 മണിക്കൂറിനുള്ളിൽ സലാലയിലും പരിസരത്തും നൂറ് മുതൽ 200 മില്ലീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റും വാദികളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ അധികൃതർ അറിയിച്ചു. ദൂരകാഴ്ച കുറയാനിടയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം. കടൽ പ്രക്ഷുബ്ധമായിരിക്കും. ദോഫാറിൽ തിരമാലകൾ അഞ്ച് മീറ്റർ വരെയും അൽ വുസ്തയിൽ മൂന്ന് മീറ്റർ വരെയും ഉയരാൻ സാധ്യതയുണ്ട്.
ശക്തമായ കാറ്റിെൻറയും ഇടിയുടെയും അകമ്പടിയോടെയെത്തിയ മഴയുടെ ഫലമായി നിരവധി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇവിടെ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. വാദികളിൽ വാഹനങ്ങൾ കുടുങ്ങുകയും ചെയ്തു. വാഹനങ്ങളിൽ കുടുങ്ങിയവരെ പൊലീസും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. മുൻകരുതൽ നടപടികളുടെ ഭാഗമായി സദാ ആശുപത്രി ഒഴിപ്പിച്ചു. അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള കമ്മിറ്റിയുടെ യോഗം വെള്ളിയാഴ്ച ചേരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
