ചൂടിന് ആശ്വാസമായി വിവിധ സ്ഥലങ്ങളിൽ മഴ
text_fieldsദാഖിലിയയിൽനിന്നുള്ള മഴ കാഴ്ച, സുഹാറിൽ നിറഞ്ഞൊഴുകുന്ന വാദി
മസ്കത്ത്: കത്തുന്ന ചൂടിന് ആശ്വാസം പകർന്ന് ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. കാറ്റിന്റെ അകമ്പടിയോടെയാണ് മഴ കോരി ചൊരിഞ്ഞത്. പലയിടത്തും വാദികൾ നിറഞ്ഞൊഴുകി. ഉൾപ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറി നേരിയതോതിൽ ഗതാഗതം തടസ്സപ്പെട്ടു.
ദാഖിലിയ ഗവർണറേറ്റിലെ സമൈൽ വിലായത്തിലെ വാദി മുഹർറം, യാങ്കൂൾ വിലായത്തിലെ ഹെയ്ൽ അൽ ഹൻബശ്, ഹംറ, ഇബ്രി, സുഹാർ, ധങ്ക്, ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലെ വിവിധ സ്ഥലങ്ങൾ, അൽഹജർ പർവതനിരകൾ എന്നിവിടങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽക്കേതന്നെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചക്ക് ശേഷമാണ് മഴ ശക്തിയാർജിച്ചത്. അനിഷ്ടസംഭവങ്ങളൊന്നും എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
മഴ ലഭിച്ച സ്ഥലങ്ങളിലെല്ലാം താപനിലയിൽ പ്രകടമായ കുറവ് വന്നിട്ടുണ്ട്. ബിപോർജോയ് ചുഴലിക്കാറ്റിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. താപനില ഇനിയും ഉയരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

