ഒമാനിൽ ഇന്നു മുതൽ കനത്ത മഴക്ക് സാധ്യത
text_fieldsമസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴയുണ്ടാവാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും ഞായറാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുള്ളത്.
ആലിപ്പഴവും വർഷിക്കും. വിവിധ ഇടങ്ങളിൽ 30 മുതൽ 150 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 27 മുതൽ 46 കിലോമീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുക. കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ രണ്ടു മുതൽ മൂന്നു മീറ്റർവരെ ഉയർന്നേക്കും.
വെള്ളിയാഴ്ച മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബത്തിന, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലായിരിക്കും മഴ ലഭിക്കുക. വിവിധ ഇടങ്ങളിൽ 15 മുതൽ 40 മില്ലി മീറ്റർവരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 27 മുതൽ 64 കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുക. ശനിയാഴ്ചയാണ് ന്യൂനമർദത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ കനക്കുക.
മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബത്തിന, മസ്കത്ത്, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിൽ 30 മുതൽ 150 മി.മീറ്റർ വരെ മഴ ലഭിച്ചേക്കും. മന്നിക്കൂറിൽ 27 മുതൽ 83 കി.മീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

