ഒമാൻ: വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ
text_fieldsകനത്ത മഴയിൽ വടക്കൻ ഗവർണറേറ്റുകളിൽ
നിറഞ്ഞൊഴുകുന്ന വാദികളിലൊന്ന്
മസ്കത്ത്: രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു. വാദികൾ നിറഞ്ഞൊഴുകി. ഉൾപ്രദേശങ്ങളിൽ റോഡുകളിലെ വെള്ളം കയറി ഗതാഗത തടസ്സവും അനുഭവപ്പെട്ടു. അനിഷ്ടസംഭവങ്ങളൊന്നും എവിടെ നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ പെയ്യുന്നത്.
വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. മുസന്ദം, ബുറൈമി, വടക്കൻ ബാത്തിന, ദാഹിറ, മസ്കത്ത് എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ശനിയാഴ്ച രാവിലെ മുതൽ മഴ ലഭിച്ചത്.
വൈകീട്ടോടെ ദാഖിലിയ, തെക്കൻ ബാത്തിന, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിലെ വിവിധ ഇടങ്ങളിലേക്കും മഴ വ്യാപിക്കുകയായിരുന്നു. ബുറൈമി, സുവൈഖ്, ഷിനാസ്, ഇബ്രി, ആദം, നിസ്വ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. മസ്കത്തിലെ നഗര പ്രദേശങ്ങളിൽ ശനിയാഴ്ച പകൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.
വാദിയിൽ കുടുങ്ങിയ രണ്ടുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷിച്ചു. ഇബ്രി വിലായത്തിലായിരുന്നു സംഭവം. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
എട്ട് ഗവർണറേറ്റുകളിൽ വൊക്കേഷനൽ കോളജുകൾക്ക് ഇന്ന് അവധി
പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാജ്യത്തെ എട്ട് ഗവർണറേറ്റുകളിലെ വൊക്കേഷനൽ കോളജുകൾക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്നും സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം വിദൂരമായി (ഓൺലൈനായി) മാറ്റുകയും ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രാലയം അറിയിച്ചു.
ദാഹിറ, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിലാണ് കോളജുകൾക്ക് അവധി നൽകിയതും പഠനങ്ങൾ ക്രമീകരിച്ചിരിക്കുന്നതും. അൽ വുസ്ത, ദോഫാർ ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലും നഴ്സറികളും പുനരധിവാസ കേന്ദ്രങ്ങളും ഞായറാഴ്ച അടച്ചിടും. സുൽത്താൻ ഖാബൂസ് സർവകലാശാലക്കും അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു.
കൂടുതൽ മഴ ലഭിച്ചത് ഖസബിൽ
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഖസബിലെ വിലായത്തിലാണ്. 81 മില്ലീമീറ്റർ മഴയാണ് ഇവിടെ കിട്ടിയത്.
ആദമിൽ 65 മില്ലീമീറ്ററും നിസ്വയിൽ 32 മില്ലീമീറ്ററും മഴ ലഭിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ യു.എ.ഇ ഭാഗത്തേക്ക് (ഹത്ത അതിർത്തി) വാഹനമോടിച്ച് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു.
ദേശീയ അടിയന്തര മാനേജ്മെൻറ് കമ്മിറ്റി അതിന്റെ പ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ട്. കാലാവസ്ഥ വെല്ലുവിളികളുടെ ആഘാതം കുറക്കുന്നതിനുള്ള മുൻകരുതലുകളാണ് എടുത്തിരിക്കുന്നത്. സ്ഥിതിഗതികൾ നിരീക്ഷിച്ച് റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും രംഗത്തുണ്ട്.
മഴ ഇന്നും തുടരും
ഞായറാഴ്ചയും കനത്ത മഴ തുടരുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരിക്കുന്നത്. ആലിപ്പഴം വർഷിക്കാനും സാധ്യതയുണ്ട്.
ഞായറാഴ്ച ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, ദാഖിലിയ, വടക്ക്-തെക്ക് ശർഖിയ ഗവർണറേറ്റുകളിൽ 30 മുതൽ 50 മി.മീറ്റർ വരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 27 മുതൽ 46 കി.മീറ്റർ വേഗത്തിൽ കാറ്റ് വീശുകയും ചെയ്യും.
മുൻകരുതൽ എടുക്കണമെന്നും വാദികൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും കപ്പൽ യാത്രക്കൊരുങ്ങുന്നവർ ദൂരക്കാഴ്ചയും കടലിന്റെ സാഹചര്യങ്ങളും പരിശോധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

