പുതിയ ന്യൂന മർദ്ദം രൂപപ്പെടുന്നു; വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ
text_fieldsമഹ്ദയിൽ നിറഞ്ഞൊഴുകുന്ന വാദി, നഖലിൽനിന്നുള്ള മഴക്കാഴ്ച, സുവൈഖിൽ കവിഞ്ഞൊഴുകുന്ന വാദി
മസ്കത്ത്: തേജ് ചുഴലിക്കാറ്റിന് പിന്നാലെ രൂപപ്പെടുന്ന ന്യൂനമർദത്തിന്റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ ലഭിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിഞ്ഞത്. അനിഷ്ടസംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. റോഡുകളിൽ വെള്ളം കയറി ഉൾപ്രദേശങ്ങളിൽ നേരിയ തോതിൽ ഗതാഗത തടസ്സവും നേരിട്ടു. ഉച്ചക്കുശേഷം തുടങ്ങിയ മഴ വൈകീട്ടോടെ ശക്തിയാർജിക്കുകയായിരുന്നു. മഹ്ദ, നഖൽ, സുവൈഖ്, ഖാബൂറ, ഖസബ്, റുസ്താഖ്, അൽഹംറ, മുദൈബി, തെക്കൻ സമാഈൽ തുടങ്ങിയ സ്ഥലങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. മസ്കത്തടക്കമുള്ള നഗര പ്രദേശങ്ങൾ രാവിലെ മുതൽക്കേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഭാഗമായി ബുധനാഴ്ച ഹജർ പർവതനിരകളിലും പരിസര പ്രദേശങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണം കേന്ദ്രം അറിയിച്ചിരുന്നു.
അതേസമയം, രാജ്യത്ത് ഒക്ടോബർ 26നും 28നും ഇടയിൽ ന്യൂനമർദം ബാധിക്കുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത കാറ്റും മഴയും ലഭിച്ചേക്കും. ആലിപ്പഴവും വർഷിക്കും.
വാദികൾ നിറഞ്ഞൊഴുകും. മുസന്ദം, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, മസ്കത്ത്, ദാഖിലിയ, വടക്ക്-തെക്ക് ശർഖിയ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും ആലിപ്പഴം ഉൾപ്പെടെയുള്ള കനത്ത മഴയും ലഭിച്ചേക്കും.
ഒമാൻ കടൽ തീരം വരെ നീളുന്ന ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) നിർദേശിച്ചു.വിവിധ ഇടങ്ങളിൽ 20 മുതൽ 80 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 28 മുതൽ 74 കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

