മുസന്ദമിൽ കനത്ത മഴ; വാദികൾ നിറഞ്ഞൊഴുകി
text_fieldsഞായറാഴ്ച മുസന്ദമിലെ ഖസബിലും വടക്കൻ ബാതിനയിലെ ഷിനാസിലും പെയ്ത മഴയുടെ വിവിധ ദൃശ്യങ്ങൾ
മസ്കത്ത്: ഒമാനിൽ മുസന്ദം ഗവർണറേറ്റിൽ ഞായറാഴ്ച കനത്ത മഴ ലഭിച്ചു. മുസന്ദമിലെ ഖസബിലും വടക്കൻ ബാതിനയിലെ ഷിനാസിലുമാണ് കനത്ത മഴ പെയ്തത്. മലകളിൽനിന്ന് വെള്ളം കുത്തിയൊലിച്ചിറങ്ങി മേഖലയിലെ ചില റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. പല വാദികളും നിറഞ്ഞൊഴുകി. വാദികൾ നിറഞ്ഞ് വീടുകളുടെ പടിക്കെട്ടുവരെ വെള്ളമൊഴുകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവെച്ചു. ഖസബിലെ ഖോർ ദിബ്ബയിൽ തീരദേശത്തുകൂടി കടന്നുപോകുന്ന റോഡ് പുർണമായും വെള്ളം കയറി. മലഞ്ചരിവുകളിൽനിന്ന് റോഡിലേക്ക് വെള്ളം കുത്തിയൊലിക്കുന്ന സാഹചര്യമുണ്ടായി. വാദിയിലെ മലവെള്ളപ്പാച്ചിലിൽ ചില ഫാമുകളുടെ മതിൽ തകർന്നതായി റിപ്പോർട്ടുണ്ട്. വടക്കൻ ഷിനാസ് എക്സ്പ്രസ് വേയിലും മഴവെള്ളം കയറി ഗതാഗതം മന്ദഗതിയിലായി.
സിവിൽ ഏവിയേഷൻ അതോറിറ്റി കഴിഞ്ഞദിവസം ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. അറേബ്യൻ ഗൾഫിൽ രൂപപ്പെട്ട ന്യൂനമർദമാണ് മഴക്കുകാരണം. യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും മഴ കനത്തിട്ടുണ്ട്. ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ ഒരാഴ്ചയോളം ഈ നില തുടരുമെന്നാണ് വിലയിരുത്തൽ. മിന്നൽ പ്രളയത്തിന്റെ സാധ്യതയും പ്രവചിക്കുന്നുണ്ട്. തെക്കുകിഴക്കൻ മേഖലയിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദത്തെ അധികൃതർ നിരീക്ഷിച്ചുവരികയാണ്.
മഴയുള്ള സമയങ്ങളിൽ പൊതുജനങ്ങളും വാഹനമോടിക്കുന്നവരും അതി ജാഗ്രത പാലിക്കണമെന്നും, വാദികൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്നും, കാഴ്ച കുറയുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് വാഹനമോടിക്കണമെന്നും അധികൃതർ നിർദേശിച്ചു. ഡിസംബർ 20 വരെ വിവിധ ഗവർണറേറ്റുകളിൽ മഴയും വെള്ളപ്പൊക്കവും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ശനിയാഴ്ച സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് (സി.എ.എ) കീഴിലെ നാഷനൽ മൾട്ടി-ഹസാർഡ് എർലി വാർണിങ് സെന്റർ മുന്നറിയിപ്പ് നൽകിയിരുന്നു. തിങ്കളാഴ്ച മുസന്ദത്തിൽ മേഘസാന്ദ്രത തുടരുകയും ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും 10 മുതൽ 25 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നും അറിയിപ്പ് നൽകുന്നു. ബുറൈമി, വടക്കൻ ബാതിന, തെക്കൻ ബാതിന ഗവർണറേറ്റുകളിലേക്കും മേഘങ്ങൾ വ്യാപിക്കും. അഞ്ചു മുതൽ 15 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കും. ഈ ദിവസങ്ങളിൽ വാദികളിലും താഴ്വരകളിലും പെട്ടെന്ന് വെള്ളം ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും മണിക്കൂറിൽ 10 മുതൽ 30 നോട്ട്സ് വരെ വേഗമുള്ള സജീവമായ വടക്കൻ-വടക്കുപടിഞ്ഞാറൻ കാറ്റ് തുടരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മുസന്ദം, ബുറൈമി, വടക്കൻ ബാതിന, തെക്കൻ ബാതിന ഗവർണറേറ്റുകളിൽ വീണ്ടും മേഘസാന്ദ്രതയും ഇടവിട്ട മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. ചില ഘട്ടങ്ങളിൽ മഴ ശക്തമായേക്കാം. ഈ സമയങ്ങളിൽ വാദികളിലും താഴ്വരകളിലും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് സി.എ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

