ഒമാനിൽ കനത്ത മഴ തുടരുന്നു; വാദികൾ നിറഞ്ഞൊഴുകി
text_fieldsമസ്കത്ത്: ന്യൂനമർദത്തിന്‍റെ ഭാഗമായി രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു. കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരി ചൊരിയുന്നത്. വാദികൾ നിറഞ്ഞൊഴുകി. വിവിധ ഇടങ്ങളിൽ ആലിപ്പഴവും വർഷിച്ചു. ഉൾഗ്രാമങ്ങളിൽ പലയിടത്തും റോഡുകളിൽ വെള്ളം കയറി ഗതാഗത തടസ്സവും നേരിട്ടു. വാദികളിലും മറ്റു കുടുങ്ങിയ നിരവധിപേരെ റോയൽ ഒമാൻ പൊലീസിന്‍റെയും സിവിൽ ഡിഫൻസ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ രക്ഷപ്പെടുത്തി.
മുൻകരുതൽ നടപടികളുടെ ഭാഗമായി അമീറാത്ത്-ബൗഷർ ചുരം റോഡ് താൽകാലികമായി അടച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വെള്ളം കയറിയതിനെ തുടർന്ന് ഇസ്ക്കിയിലെ വീട്ടിൽനിന്ന് ഏഴുപേരെ രക്ഷപ്പെടുത്തി. വാദികളിൽ നിരവധി വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടതയായും റിപ്പോർട്ടുണ്ട്. ഇതിന്‍റെ ദൃശ്യങ്ങൾ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. സമദ് ഷാനിൽ വാദി റൗദ സ്കൂൾ കെട്ടിടത്തിലേക്ക് വെള്ളം കയറി. ഇവിടെയുള്ളവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സ്‌കൂളിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒലിച്ചുപോയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇബ്രിയിലെ വാദി അൽ വഹ്‌റയിൽ മൂന്നുപേർ കുടുങ്ങി. അമീറാത്തിലെ വാദിയിൽ കുടുങ്ങിയ പൗരനെ റോയൽ ഒമാൻ പൊലീസ് രക്ഷപ്പെടുത്തി.
ശനിയാഴ്ച രാത്രിയോടെതന്നെ മഴ ആരംഭിച്ചിരുന്നുവെങ്കിലും ഞായറാഴ്ച പുലർച്ചെയോടെയാണ് കരുത്താർജിച്ചത്. വാദികളും മറ്റും നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.രാജ്യത്ത് ബുധനാഴ്ചവരെ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് നാഷണൽ മൾട്ടി ഹസാർഡ് എർലി വാണിങ് സെൻറർ അറിയിച്ചിട്ടുള്ളത്. ഞായറാഴ്ച മസ്‌കത്ത്, തെക്കൻ ബാത്തിന, ബുറൈമി, വടക്ക്-തെക്ക് ശർഖിയ, ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരും. 30മുതൽ 120 മില്ലിമീറ്റർവരെ മഴ പെയ്തേക്കും. വാദികൾ നിറഞ്ഞൊഴുകും. മണിക്കുറിൽ 36മുതൽ 81കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. ആലിപ്പഴവുംവർഷിക്കും. വടക്കൻ ബാത്തിന, മുസന്ദം, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയും കിട്ടിയേക്കും.
തെക്ക്-വടക്ക് ബാത്തിന, ബുറൈമി, മസ്‌കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളിലായിരിക്കും തിങ്കളാഴ്ച മഴ കേന്ദ്രീകരിക്കുക. 30മുതൽ 120 മില്ലിമീറ്റർ ലഭിച്ചേക്കും. മണിക്കുറിൽ 36മുതൽ 81കി.മീറ്റർ വേഗതയിൽ കാറ്റും വീശും. മുസന്ദം അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിലെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

