സൂക്ഷ്മജീവി പ്രതിരോധം: ആരോഗ്യ സമ്മേളനം സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: സൂക്ഷ്മ ജീവി പ്രതിരോധം (ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്-എ.എം.ആർ) ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ ഒമാനിൽ ദേശീയതലത്തിൽ ശക്തമായ ഇടപെടലുകൾ പുരോഗമിക്കുകയാണെന്ന് മസ്കത്തിൽ നടന്ന ‘എ.എം.ആർ അപ്ഡേറ്റ് 2025’ ആരോഗ്യ സമ്മേളനം വ്യക്തമാക്കി. അൽഫാർസി നാഷണൽ എന്റർപ്രൈസസ് സംഘടിപ്പിച്ച ഏകദിന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 120ലധികം ആരോഗ്യ വിദഗ്ധർ പങ്കെടുത്തു.
ബാക്ടീരിയ, വൈറസ്, ഫംഗസ്, പരാദങ്ങൾ എന്നിവ പോലുള്ള സൂക്ഷ്മാണുക്കൾ അവയെ നശിപ്പിക്കാനോ വളർച്ച തടയാനോ ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കുകൾ, ആൻറിവൈറലുകൾ, ആൻറിഫംഗലുകൾ, മറ്റ് ആൻറിമൈക്രോബിയൽ മരുന്നുകൾ എന്നിവക്കെതിരെ പ്രതിരോധശേഷി നേടുന്ന അവസ്ഥയാണ് ആൻറി മൈക്രോബയൽ റെസിസ്റ്റൻസ് (എ.എം.ആർ). സാധാരണയായി അണുബാധകളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ ഫലപ്രദമല്ലാതാകുന്ന അവസ്ഥക്ക് ഇത് കാരണമാകുന്നു.
മസ്കത്തിലെ റാഡിസൺ ഹോർമൂസ് ഗ്രാൻഡിൽ നടന്ന സമ്മേളനത്തിൽ അണുബാധ നിയന്ത്രണ വിദഗ്ധർ, മൈക്രോബയോളജിസ്റ്റുകൾ, ക്ലിനിക്കൽ പാത്തോളജിസ്റ്റുകൾ, അക്കാദമിക്കുകൾ, ലബോറട്ടറി മേധാവികൾ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ പങ്കെടുത്തു. ‘നേരത്തെ കണ്ടെത്തുക, നേരത്തെ ചികിൽസിക്കുക’ എന്ന പ്രമേയത്തിൽ നടന്ന സമ്മേളനം നേരത്തെയുള്ള കണ്ടെത്തലിനും ഫലപ്രദമായ ആന്റിമൈക്രോബിയൽ പ്രതിരോധത്തിനുമുള്ള ഒമാന്റെ ദേശീയതല നടപടികൾ ശക്തമാകുന്നതിന്റെ മുന്നോടി ആയിരുന്നു.
ദേശീയ എ.എം.ആർ പ്രവണതകൾ, അതിവേഗ നിർണയ സാങ്കേതികവിദ്യകളിലെ മുന്നേറ്റങ്ങൾ, നിരീക്ഷണ പരിപാടികൾ ശക്തിപ്പെടുത്താനുള്ള പ്രായോഗിക തന്ത്രങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അവതരണങ്ങൾ നടന്നു. സെൻട്രൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി എ.എം.ആർ കോഓഡിനേറ്ററും കൺസൾട്ടന്റുമായ ഡോ. ആമിന അൽ ജർദാനി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ജീവൻ രക്ഷിക്കുന്ന ആന്റിബയോട്ടിക്കുകളുടെ ഫലപ്രാപ്തി നിലനിർത്താൻ വേഗത്തിലുള്ള നിർണയവും സമയബന്ധിതമായ ക്ലിനിക്കൽ തീരുമാനങ്ങളും നിർണായകമാണെന്ന് അവർ വ്യക്തമാക്കി. ഡോക്ടർമാർ, ലബോറട്ടറികൾ, നയരൂപകർത്താക്കൾ എന്നിവർക്കിടയിലെ സഹകരണം തുടർന്നും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു.
സെൻട്രൽ പബ്ലിക് ഹെൽത്ത് ലാബ് അംഗം ഡോ. അസ്സ അൽ റാഷ്ദി, സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഡോ. മെഹർ റിസ്‌വി, മെഡിക്കൽ സിറ്റി ഫോർ മിലിട്ടറി ആൻഡ് സെക്യൂരിറ്റി സർവീസസിലെ ഡോ. വഫാ അൽ തംതാമി, ഫ്രാൻസിലെ എൻജി ബയോടെക്കിലെ ഡോ. അഹമ്മദ് ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. ഈ രംഗത്തെ ആഗോള പരിജ്ഞാനം ഒമാനിലേക്ക് എത്തിക്കുകയും എ.എം.ആർ നേരത്തെ കണ്ടെത്താനും ആത്മവിശ്വാസത്തോടെ പ്രതികരിക്കാനും ആവശ്യമായ അറിവും ഉപകരണങ്ങളും നൽകുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അൽഫാർസി നാഷണൽ എന്റർപ്രൈസസിന്റെ മാനേജിംഗ് ഡയറക്ടർ സാജു ജോർജ് പറഞ്ഞു. എ.എം.ആർ വേഗത്തിൽ കണ്ടെത്തുന്നതിനുള്ള ഹാൻഡ്‌സ്-ഓൺ വർക്ക്‌ഷോപ്പും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ചോദ്യോത്തര സെഷനോടെയും നെറ്റ്‌വർക്കിങ് ചർച്ചകളോടെയും പരിപാടി സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

