തൊഴിലുടമകളോട് ആരോഗ്യ മന്ത്രാലയം; ചൂടിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണമൊരുക്കണം
text_fieldsമസ്കത്ത്: രാജ്യത്ത് ഓരോ ദിനവും ചൂട് വർധിക്കുന്നതിനാൽ പുറത്ത് ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികളെ സംരക്ഷിക്കുന്നതിന് അവശ്യ സുരക്ഷ നടപടികൾ സ്വീകരിക്കണമെന്ന് തൊഴിലുടമകളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ചൂട് തടയുന്നതിനുള്ള പൊതുവായ ശിപാർശകൾ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. തൊഴിലാളികൾക്ക് ആരോഗ്യ പ്രശ്നങ്ങളില്ലാതെ സുരക്ഷിതമായ വേനൽക്കാലം ഉറപ്പാക്കാൻ ഇത്തരം ശുപാർശകൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം, ചുട്ടുപൊള്ളുന്ന ചൂടിൽനിന്ന് പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ള ഉച്ച വിശ്രമ നിയമം രാജ്യത്ത് ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് വിശ്രമം നൽകുന്നത്.
ഇതുപ്രകാരം പുറത്തുജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്. തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യാഹ്ന അവധി നൽകുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കനത്ത ചൂടാണ് രാജ്യത്ത് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. പലയിടത്തും 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു ചൂട് രേഖപ്പെടുത്തിയത്.
ഏപ്രിൽ ആദ്യവാരത്തിതന്നെ ചൂട്ടുപൊള്ളുന്ന ചൂടായിരുന്നു. വളരെ പ്രയാസപ്പെട്ടായിരുന്നു തൊഴിലാളികൾ പുറത്ത് ജോലിയെടുത്തിരുന്നത്. അതുകൊണ്ടുതന്നെ ഉച്ച വിശ്രമം നിയമം നേരത്തെ നടപ്പാക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഉച്ചവിശ്രമം നടപ്പിലാക്കാൻ തൊഴിൽ സ്ഥാപനങ്ങളും കമ്പനികളുടെ സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇത് ലഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവുമാണ് നിയമ ലംഘകര്‍ക്കുള്ള ശിക്ഷ. അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഒന്ന് അനുഭവിക്കേണ്ടി വരും.
തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി നിർത്തിവേക്കേണ്ടതാണെന്ന് അധികൃതർ അറിയച്ചിട്ടുണ്ട്. ഉച്ച സമയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 118ലെ വ്യവസ്ഥകൾ അനുസരിച്ച് മന്ത്രാലയം നിയമ നടപടികൾ സ്വീകരിക്കും. നിയമം പാലിക്കുന്നുണ്ടോ എന്ന് ടാസ്ക് ഫോഴ്സ് നിരീക്ഷിക്കും. കേസ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറും.
നിയമം പാലിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് ഫോൺ വഴിയോ മന്ത്രാലയത്തിന്റെ വെബ്സൈറ്റുകൾ വഴിയോ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു. ഉച്ച വിശ്രമ നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിൽ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ കാമ്പയിനുകൾ നടപ്പാക്കിയിരുന്നു.
ചൂട് തടയുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പൊതു ശിപാർശകൾ
• സ്മാർട്ട് വർക്ക് ഷെഡ്യൂളിങ് - അതിരാവിലെയോ ഉച്ചകഴിഞ്ഞോ ആയാസകരമായ ജോലികൾ ഷെഡ്യൂൾ ചെയ്യുക, ഉച്ചക്ക് 12.30 മുതൽ 3.30 വരെ നിർമ്മാണ സ്ഥലങ്ങളിലോ ഉയർന്ന താപനിലക്ക് വിധേയമാകുന്ന തുറസ്സായ സ്ഥലങ്ങളിലോ തൊഴിലാളികളെ ജോലി ചെയ്യിക്കാതിരിക്കുക.
• ഇടവേളകൾ നൽകുക- തണലുള്ളതോ എയർ കണ്ടീഷൻ ചെയ്തതോ ആയ സ്ഥലങ്ങളിൽ ഇടക്കിടെ ഇടവേളകൾ നൽകുക, ചൂടുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുമ്പോൾ ഓരോ 45-60 മിനിറ്റിലും ഇടവേള അനുവദിക്കുക, ജലാംശം നൽകുന്ന വസ്തുക്കൾ ലഭ്യമാണെന്ന് ഉറപ്പാക്കുക.
കൂളിങ്ങും വെന്റിലേഷനും
- ഇൻഡോർ വർക്ക്സ്പെയ്സുകളിൽ എയർ കണ്ടീഷനി യൂണിറ്റുകളോ ഫാനുകളോ സ്ഥാപിക്കുക.
- ഔട്ട്ഡോർ സൈറ്റുകളിൽ മേലാപ്പുകളും പോർട്ടബിൾ ഫാനുകളും ഒരുക്കുക.
- ചൂട് സമ്മർദ്ദ ലക്ഷണങ്ങൾ തിരിച്ചറിയാനും ഉചിതമായി പ്രതികരിക്കാനും തൊഴിലാളികളെ പരിശീലിപ്പിക്കുക.
- ചൂടിനെ കുറിച്ച് മനസിലാക്കാനും പ്രതിരോധിക്കാനുമായി പോസ്റ്ററുകൾ, ലഘുലേഖകൾ, ഹ്രസ്വ വീഡിയോകൾ തുടങ്ങിയ നൽകുക.
- ജോലിസ്ഥലത്തെ താപനിലയും ഈർപ്പവും ദിവസവും നിരീക്ഷിക്കുക.
- പ്രമേഹം, ഹൃദ്രോഗം, ഡൈയൂററ്റിക്സ് കഴിക്കുന്നവർ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള തൊഴിലാളികളെ തിരിച്ചറിയുകയും പ്രതിരോധ നടപടികൾക്കായി അവർക്ക് മുൻഗണന നൽകുകയും ചെയ്യുക.
- താപ സമ്മർദ്ദ അടിയന്തര പ്രതികരണത്തിനായി അടിയന്തര പദ്ധതി നടപ്പിലാക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

