ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം
text_fieldsമസ്കത്ത്: ഗാർഹിക തൊഴിലാളികളുടെ അവകാശസംരക്ഷണവും തൊഴിൽ ക്രമീകരണവും ലക്ഷ്യമാക്കി ഒമാൻ സർക്കാർ പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു. ഗാർഹിക തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്, കൃത്യമായ നിർണയിച്ച ജോലിസമയം, നിയന്ത്രിത അവധി അവകാശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. ഈ മാസം ചട്ടങ്ങൾ പ്രാബല്യത്തിൽവരുമെന്ന് തൊഴിൽ മന്ത്രി പ്രഫ. മഹദ് ബിൻ സഈദ് ബാവൈൻ അറിയിച്ചു.
ഗാർഹിക തൊഴിലാളികൾക്കും സമാന തൊഴിൽ മേഖലകളിലുമുള്ളവർക്കുമായി രൂപപ്പെടുത്തിയ നിയന്ത്രണ ചട്ടക്കൂട് നിബന്ധനകൾ കഠിനമാക്കുന്നതിനല്ലെന്നും തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള അവകാശ -ബാധ്യത സന്തുലിതത്വം ഉറപ്പാക്കുന്നതിനാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗാർഹിക തൊഴിലിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണ് ചട്ടങ്ങൾ രൂപപ്പെടുത്തിയത്. നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, ജോലി സമയം കൃത്യമായി നിർണയിക്കൽ, വാർഷിക അവധി അവകാശങ്ങൾ എന്നിവ ഇതുവഴി ഉറപ്പാക്കുന്നു. സേവനാനന്തര ആനുകൂല്യങ്ങളിലും മാറ്റമുണ്ട്. ഓരോ സേവനവർഷത്തിലും പ്രതിമസ വേതനത്തിന്റെ പകുതി എന്ന രീതിയിലാണ് ആനുകൂല്യം നിശ്ചയിച്ചിരിക്കുന്നത്. ഒമാനിലെ പൊതു തൊഴിൽ നിയമത്തിൽ പറയുന്ന ഒരു മാസത്തെ ശമ്പളത്തിനുപകരമാണ് 15 ദിവസത്തെ വേതനം ഗാർഹിക തൊഴിലാളികൾക്ക് ആനുകൂല്യമായി നിശ്ചയിച്ചത്.
പുതിയ ചട്ടങ്ങൾ അന്താരാഷ്ട്രതലത്തിലെയും ഗൾഫ് രാജ്യങ്ങളിലെയും തൊഴിൽ മാനദണ്ഡങ്ങളുമായി യോജിക്കുന്നതാണെന്നും മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിൽ നിലവിലുള്ള രീതികളോട് ഒമാനിലെ നിയമങ്ങളെ കൂടുതൽ ചേരുന്നതാണെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള പരസ്പര ബഹുമാനം നിലനിർത്തി അവകാശങ്ങളും ബാധ്യതകളും സന്തുലിതമാക്കുക എന്നതാണ് ഒമാന്റെ സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാർഹിക തൊഴിലാളികളെ സംബന്ധിച്ച പുതിയ ചട്ടങ്ങൾ ജനുവരിയിൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

