ആരോഗ്യ, ശുചിത്വ ലംഘനങ്ങൾ പാലിച്ചില്ല; സലാലയിൽ 12 സ്ഥാപനങ്ങൾക്ക് താഴിട്ടു
text_fieldsദോഫാർ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സലാലയിൽ നടത്തിയ പരിശോധന കാമ്പയിൻ
സലാല: ആരോഗ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി സലാലയിൽ പരിശോധനയുമായി ദോഫാർ മുനിസിപ്പാലിറ്റി.ഗുരുതരമായ ആരോഗ്യ, ശുചിത്വ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്, 12 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ദോഫാർ മുനിസിപ്പാലിറ്റിയുടെ ആരോഗ്യകാര്യ വകുപ്പായിരുന്നു പരിശോധന കാമ്പയിൻ നടത്തിയിരുന്നത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിലുള്ള റസ്റ്റാറന്റുകൾ, കഫേകൾ, ഫിഷ് ഗ്രില്ലിങ് സ്റ്റാളുകൾ, ഔഷധസസ്യ കടകൾ, മാംസ വിൽപനക്കാർ എന്നിവയുൾപ്പെടെ നിരവധി വാണിജ്യ സ്ഥാപനങ്ങളിലായിരുന്നു പരിശോധന.
സലാലയിലെ സെൻട്രൽ മാർക്കറ്റിൽ, ശുചിത്വവും അടിസ്ഥാന ആരോഗ്യ ആവശ്യകതകളും പാലിക്കാത്തത് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പ്രദേശത്തെ മറ്റു ബിസിനസ് സ്ഥാപനങ്ങളിലും നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഔഷധസസ്യ കടകളിൽ നടത്തിയ പരിശോധനയിൽ, കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽക്കുന്നതായി അധികൃതർ നിരീക്ഷിച്ചിട്ടുണ്ട്. ലൈസൻസിങ്, ഡോക്യുമെന്റേഷൻ ആവശ്യകതകൾ പാലിക്കാതിരിക്കുകയും ചെയ്തതിന് നാല് ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടാൻ നിർദേശം നൽകുകയും ചെയ്തു.
സ്ഥാപനം അടച്ചുപൂട്ടുന്ന മുനിസിപ്പാലിറ്റി അധികൃതർ
ഷവർമ ഔട്ട്ലെറ്റുകളിലും മിഷ്കാക്ക് (മീറ്റ് ഗ്രിൽ) റസ്റ്റാറന്റുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ന്യൂ സലാലയിലും പരിശോധനകൾ നടത്തി. ശുചിത്വക്കുറവും ആരോഗ്യ ലംഘനങ്ങളും കാരണം മൂന്നു സ്ഥാപനങ്ങൾ അടച്ചുപൂട്ടി. മറ്റു നിരവധി വിൽപനക്കാർക്കെതിരെ കൂടുതൽ നിയമലംഘനങ്ങളും ചുമത്തി. ആരോഗ്യ മാനദണ്ഡങ്ങളും പൊതു ശുചിത്വ ചട്ടങ്ങളും പാലിക്കാത്തതിന് ഖൈറുൻ ഹിരാതി പ്രദേശത്ത് മൂന്നു സ്ഥാപനങ്ങൾ കൂടി അടച്ചുപൂട്ടി. ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
പൊതുജനാരോഗ്യവും ഭക്ഷ്യസുരക്ഷയും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായിരുന്നു പരിശോധന കാമ്പയിനുകളെന്ന് ദോഫാർ മുനിസിപ്പാലിറ്റി വ്യക്തമാക്കി.ഗവർണറേറ്റിലുടനീളം പരിശോധന കാമ്പയിനുകൾ തുടരുമെന്നും നിയമനടപടികൾ ഒഴിവാക്കാൻ എല്ലാ അംഗീകൃത ആരോഗ്യ ചട്ടങ്ങളും കർശനമായി പാലിക്കാൻ ബിസിനസ് സ്ഥാപനങ്ങൾ തയാറാകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

