ഹർവീബ്-അൽ മസ്യൂന-മിതൻ റോഡ് പദ്ധതി 57 ശതമാനം പൂർത്തിയായി
text_fieldsനിർമാണം പുരോഗമിക്കുന്ന ഹർവീബ്-അൽ മസ്യൂന-മിതൻ റോഡ്
മസ്കത്ത്: ഒമാനിലെ പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന ദോഫാറിലെ 210 കിലോമീറ്റർ ഹർവീബ്-അൽ മസ്യൂന-മിതൻ റോഡ് പദ്ധതിയുടെ 57 ശതമാനം പൂർത്തിയായതായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.
മേഖലയിലുടനീളം കണക്റ്റിവിറ്റി, വ്യാപാരം, സുരക്ഷ എന്നിവ വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് റോഡ് ഒരുങ്ങുന്നത്. 2026 ലെ നാലാം പാദത്തോടെ ഇത് പൂർണമായും പൂർത്തീകരിക്കും. നിലവിൽ, അൽ മസ്യൂനയുടെ മധ്യഭാഗത്ത്നിന്ന് മിതനിലെ നിയാബത്ത് വരെയുള്ള 90 കിലോമീറ്റർ ദൂരം ടാറിങ് കഴിഞ്ഞിട്ടുണ്ട്. ഇതിൽ അടുത്തിടെ പൂർത്തിയായ 30 കിലോമീറ്റർ അൽ മസ്യൂന-തോസ്നത്ത് റോഡും ഉൾപ്പെടും.
മഴവെള്ള ഡ്രെയിനേജ് സംവിധാനങ്ങൾ, വെള്ളപ്പൊക്ക സംരക്ഷണ നടപടികൾ, സൈനേജുകൾ, റോഡ് മാർക്കിങുകൾ പോലുള്ള പൂർണ്ണ ഗതാഗത സുരക്ഷാ ഘടകങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നു. പൂർത്തിയായ ഭാഗങ്ങളിൽ ഗ്രൗണ്ട് പെയിന്റിങ്, സൈൻ ഇൻസ്റ്റാളേഷൻ എന്നിവ നടന്നുവരികയാണ്.
ഹർവീബ്-അന്ദാത്ത് (45 കി.മീ), അന്ദാത്ത്-തോസ്നാത്ത് (26 കി.മീ), തോസ്നാത്ത്-അൽ മസൂന (39 കി.മീ), അൽ മസൂന-മിതേൻ (90 കി.മീ) എന്നിങ്ങനെ നാല് പ്രധാന ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പദ്ധതിയിൽ 11 കിലോമീറ്റർ ദൈർഘ്യമുള്ള അന്ദാത്ത്-ഹബ്രൗത്ത് റൂട്ട് നിർമ്മിക്കുന്നതും ഉൾപ്പെടുന്നു. അൽ മസ്യൂനയുടെ പ്രധാന കേന്ദ്രത്തെ അതിന്റെ പ്രധാന പ്രദേശങ്ങളുമായും സാമ്പത്തിക മേഖലകളുമായും ബന്ധിപ്പിക്കുന്നതിൽ ഈ റോഡ് നിർണായകമാണ്.
വിലായത്തിനെ അൽ മസൗന ലാൻഡ് പോർട്ട്, ഫ്രീ സോണുമായി ബന്ധിപ്പിക്കുന്ന ഈ റോഡ്, യെമന്റെ അതിർത്തി വരെ നീളും. ഗതാഗതം സുഗമമാക്കുക മാത്രമല്ല, മേഖലയിലെ സാമ്പത്തിക, വാണിജ്യ, ടൂറിസം, സാമൂഹിക വികസനത്തിന് സുപ്രധാന പങ്ക് ഈ പാത വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

