ഗോതമ്പു പാടങ്ങളിൽ കൊയ്ത്തുകാലം
text_fieldsദാഹിറ ഗവർണറേറ്റിലെ ദാങ്ക് വിലായത്തിൽ ഗോതമ്പുപാടത്ത് കൊയ്ത്ത് പുരോഗമിക്കുന്നു
മസ്കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിലെ ഗോതമ്പുപാടങ്ങളിൽ കൊയ്ത്തുകാലം സജീവമായി. കഴിഞ്ഞ ദിവസം ദോഫാറിലെ അൽ നജ്ദ് മേഖലയിൽ കൊയ്ത്ത് ആരംഭിച്ചിരുന്നു. പിന്നാലെ വടക്കൻ ശർഖിയ്യയിലെ മുദൈബി വിലായത്തിലും ദാഹിറ ഗവർണറേറ്റിലെ ദാങ്കിലും തെക്കൻ ശർഖിയ്യയിലെ അൽ കാമിൽ വൽ വാഫി വിലായത്തിലും ഗോതമ്പ് കൊയ്ത്ത് സീസൺ ആരംഭിച്ചു.
തെക്കൻ ശർഖിയ്യയിലെ മുദൈബി വിലായത്തിൽ ഗോതമ്പു വിളവെടുപ്പിനിടെ കർഷകൻ
ഗവർണറേറ്റുകളിലെ കാർഷിക, മത്സ്യബന്ധന, ജലവിഭവ ഡയറക്ടറേറ്റ് ജനറലിന്റെ മേൽനോട്ടത്തിലാണ് വിളവെടുപ്പ് പ്രവർത്തനങ്ങൾ നടക്കുന്നത്. ദേശീയ ഭക്ഷ്യവിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിലും സ്ഥിരതയാർന്ന കാർഷിക ഭാവി ഉറപ്പാക്കുന്നതിനുമായുള്ള നടപടികൾ കൃഷി-മൽസ്യ ബന്ധന- ജലവിഭവ മന്ത്രാലയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
എട്ട് ഏക്കറിലധികമാണ് അൽ മുദൈബി വിലായത്തിൽ ഗോതമ്പ് കൃഷി ചെയ്യുന്നത്. വാദി ഖുറയ്യാത്ത് 226, വാദി ഖുറയ്യാത്ത് 110 എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും കൃഷി നടക്കുന്നത്. തെക്കൻ ശർഖിയയിലെ അൽ കാമിൽ വൽ വാഫിയിൽ ഏകദേശം 41 ഏക്കറിലാണ് കൃഷി വ്യാപിച്ചിരിക്കുന്നത്. മെച്ചപ്പെടുത്തിയ വിത്തുകളും മികച്ച കൃഷിരീതികളും പ്രയോഗിച്ചതിന്റെ ഫലമായി 50 ടൺ കവിയുന്ന ഉൽപാദനം പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
ബന്ധപ്പെട്ട വകുപ്പുകളും കർഷകരും തമ്മിലുള്ള സഹകരണത്തിന്റെ ഫലമായാണ് ഈ സീസൺ വിലയിരുത്തപ്പെടുന്നത്. തന്ത്രപ്രധാന വിളകൾക്ക് പിന്തുണ നൽകുകയും പ്രാദേശിക ഉൽപാദനം വർധിപ്പിക്കുകയും ചെയ്യുന്നതിനിലൂടെ ഒമാനിൽ സ്ഥിരതയാർന്ന കൃഷി വികസനം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ദാഹിറ ഗവർണറേറ്റിലെ ദാങ്ക് വിലായത്തിലെ ‘പീസ് കനാൽ’ നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് ഗോതമ്പ് കൃഷി. കഴിഞ്ഞ സീസണിലെ 143 ഫെദ്ദാനിൽ നിന്ന് ഈ വർഷം 245 ഫെദ്ദാനായി കൃഷി വിസ്തീർണം വർധിച്ചതായി അധികൃതർ അറിയിച്ചു.
ഉയർന്ന ഗുണമേന്മയുള്ള വിത്തുകൾ ഉപയോഗിച്ചാണ് ഇത്തവണ കൃഷി യിറക്കിയത്. ധാന്യഗുണമേന്മ, സമൃദ്ധമായ ഉൽപാദനം, കാലാവസ്ഥയോട് ചേർന്നു നിൽക്കുന്ന ഇനം തുടങ്ങിയവയാണ് ഇവയുടെ പ്രത്യേകത. ദോഫാർ ഗവർണറേറ്റിലെ അൽ നജ്ദ് പ്രവിശ്യയിൽ കഴിഞ്ഞദിവസം ഗോതമ്പ് കൊയ്ത്ത് ആരംഭിച്ചിരുന്നു. 51 കൃഷിയിടങ്ങളിലായി ഏകദേശം 6,408 ഫെദ്ദാൻ വിസ്തൃതിയിൽ ഗോതമ്പ് കൃഷി ചെയ്ത ദോഫാർ ഗവർണറേറ്റിൽ, ഈ സീസണിൽ ഏകദേശം 8,000 ടൺ ഗോതമ്പ് ഉൽപാദനം പ്രതീക്ഷിക്കുന്നുണ്ട്.
ഒമാൻ സുൽത്താനേറ്റിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗോതമ്പ് കൃഷിക്ക് വലിയ പ്രാധാന്യമാണ് നൽകിവരുന്നത്. ഏകദേശം 8,000 ഏക്കറിലധികം സ്ഥലത്താണ് സുൽത്താനേറ്റിൽ ഗോതമ്പ് കൃഷി നടക്കുന്നത്. ദാഹിറയാണ് ഏറ്റവും കൂടുതൽ ഗോതമ്പ് ഉൽപാദിപ്പിക്കുന്ന മേഖല. ദാഖിലിയയിൽ ആദം ഉൾപ്പെടെയുള്ള മേഖലകളിലും കൃഷിയുണ്ട്. മികച്ച വിളവ് ലഭിക്കുന്ന ഗവർണറേറ്റാണ് ബുറൈമി. നവംബർ മാസത്തിൽ ഗോതമ്പു കൃഷി ആരംഭിച്ച് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുന്ന രീതിയാണ് ഒമാനിൽ പിന്തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

