മരുഭൂമിയിൽ വിളവെടുപ്പ് ഉത്സവവുമായി ഒമാൻ കൃഷിക്കൂട്ടം
text_fieldsകൃഷിക്കൂട്ടം അംഗങ്ങൾ വിളയിച്ച ഉൽപന്നങ്ങൾ
മസ്കത്ത്: ഓരോ വിത്തുമൊരു നന്മയാണ്. ഓരോ നന്മയും നമ്മളാണ് എന്ന സ്നേഹസൗഹൃദ സന്ദേശമുയർത്തി ഒമാൻ കൃഷിക്കൂട്ടത്തിന്റെ 11ാമത് വിളവെടുപ്പ് ഉത്സവം ഈ മാസം അരങ്ങേറും. മുഖ്യാതിഥിയായി എത്തുന്ന സിനിമ സീരിയൽ താരം അനീഷ് രവിയാണ് വിളവെടുപ്പ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്.
മരുഭൂമിയിലെ മണ്ണിൽ വിളയിച്ച വിളവുകളുമായി കർഷകർ ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന കാഴ്ച തന്നെ കൺ കുളിർമയേകുന്നതാണ്. ജൈവ കൃഷിയിൽ വിളയിച്ച ഈ വിളവുക്കാഴ്ച്ച കാണാനെത്തുന്ന കാണികൾ തന്നെയാണ് കൃഷിക്കൂട്ടം പരിപാടികൾക്ക് കരുത്ത് പകരുന്നത്. പൂച്ചെടികൾ മുതൽ നാടൻ പച്ചക്കറികൾ വരെ... മല്ലിയില, വേപ്പില, പൊതിയിന ഇല, വൈവിധ്യമാർന്ന ചീര ഇലകൾ തുടങ്ങി സലാഡ് ഇനങ്ങൾ വരെ... കരിമ്പും, കാച്ചിലും... നേന്ത്ര വാഴക്കുലകൾ എല്ലാം കൺനിറയെ കാണുമ്പോൾ ഒരു പച്ചക്കറി ചന്തയുടെ ചന്തം തന്നെ.
ഒമാൻ കൃഷിക്കൂട്ടം അംഗങ്ങൾ
ഒമാനിലെ കൃഷി താൽപര്യമുള്ളവരെല്ലാവരും ആഘോഷപൂർവം ഒത്തുകൂടുന്ന വിളവെടുപ്പ് ഉത്സവം മൊബേലയിലെ ഗൾഫ് കോളജിലാണ് നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടിയിൽ വിവിധ തരം നാടൻ മത്സരങ്ങളാണ് ഇത്തവണ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉറിയടി, വടംവലി തുടങ്ങി വിവിധ കലാപരിപാടികളും, കുരുത്തോല കലാകാരന്മാരുടെ നാടൻ പാട്ടും, മ്യൂസിക്കൽ ഇവന്റ്സും ഉണ്ടായിരിക്കും.
സ്വന്തം വീട്ടാവശ്യത്തിന് ആവശ്യമായ പച്ചക്കറികൾ തയാറാക്കാനെല്ലാവരെയും പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ 2014ൽ തുടങ്ങിയ ഒമാൻ കൃഷിക്കൂട്ടത്തിന്റെ 11ാമത് വിളവെടുപ്പുത്സവമാണ് ഈ വർഷം അരങ്ങേറുന്നത്.
വിവിധ കാറ്റഗറിയിലായി കൃഷിക്കൂട്ടത്തിലെ മികച്ച കർഷകരെ തിരഞ്ഞെടുക്കുകയും മാതൃക കർഷക മത്സരത്തിന്റെ സമ്മാനം നൽകുകയും ചെയ്യും. ഒമാനിലെ കൃഷി സ്നേഹികളായ എല്ലാ മലയാളികളെയും വിളവെടുപ്പ് ഉത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. രജിസ്ട്രേഷനും, അന്വേഷണങ്ങൾക്കും 99022951, 93800143 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

