ആവേശം അലതല്ലി; സ്നേഹക്കടലായി സലാല
text_fieldsസലാല: സ്നേഹത്തിന്റെ തീരഭൂമിയായ സലാലയിൽ ആവേശത്തിര തീർത്ത് ജനമൊഴുകിയപ്പോൾ ‘ഹാർമോണിയസ് കേരള’ ആറാം സീസണിന് ഉജ്വല സമാപ്തി. പാട്ടും വിസ്മയപ്രകടനവുമായി അൽ മറൂജ് ആംഫി തിയറ്ററിൽ കലയുടെ ഓളം അലതല്ലിയ രാവ് സലാലക്ക് അവിസ്മരണീയമായി മാറി. സർഗ വസന്തത്തിന്റെ സായാഹ്നത്തിൽ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നടന്ന ഉദ്ഘാടന ചടങ്ങിൽ ഗൾഫ് മാധ്യമം ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീഖ് ഹാർമോണിയസ് കേരളയുടെ ജൈത്രയാത്രയെ കുറിച്ച് ആമുഖാവതരണം നടത്തി. മലയാളികൾ നെഞ്ചേറ്റിയ ആഗോളതലത്തിൽ 15ാമത്തെയും ഒമാനിലെ ആറാമത്തെയും ഹാർമോണിയസ് കേരള എഡിഷനാണിതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യാതിഥി ദോഫാർ ഗവർണറേറ്റ് സാംസ്കാരിക-കായിക-യുവജന കാര്യ എ.ജി.എം ഫൈസൽ അലി അൽ നഹ്ദി ഉദ്ഘാടനം നിർവഹിച്ചു. ഒമാൻ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നാടാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ താൻ കേരളത്തിന്റെ ആതിഥ്യം അനുഭവിച്ചിരുന്നു. കേരളത്തിലെയും സലാലയിലെയും മണ്ണും മനുഷ്യരും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. വേദിയിലെത്തിയ നടി ഭാവനയെ ഹർഷാരവങ്ങളോടെയാണ് സദസ്സ് എതിരേറ്റത്. ഉദ്ഘാടന ചടങ്ങിൽ എംബസി കോൺസുലാർ ഏജന്‍റ് കെ.എം. സനാതാനൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല പ്രസിഡന്‍റ് രാജേഷ് കുമാർ ഝാ എന്നിവർക്ക് ഗൾഫ് മാധ്യമം ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീഖ് ഉപഹാരം കൈമാറി.
ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫ്, ലുലു ഹൈപർ മാർക്കറ്റ് സലാല ജനറൽ മാനേജർ ഷാക്കിർ ടി.പി, ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് എക്സി. ഡയറക്ടർ ഫിർസാത്ത് ഹസൻ, സീ പേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജനറൽ മാനേജർ റിയാസ് പി. ലത്തീഫ്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഗ്ലോബൽ ജനറൽ മാനേജർ പി. നിക്സൺ ബേബി, ഗൾഫ് ടെക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ പി.കെ. അബ്ദുൽ റസാഖ്, അബൂ തഹ്നൂൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഒ. അബ്ദുൽ ഗഫൂർ, ആർട്ട് ഓഫ് സ്പൈസസ് റസ്റ്റോറന്റ് ഡയറക്ടർ അബൂബക്കർ സിദ്ദീഖ് എന്നിവർക്ക് നടി ഭാവന ഉപഹാരം കൈമാറി.
ഗൾഫ് മാധ്യമം ഒമാൻ റസിഡന്റ് മാനേജർ അഫ്സൽ അഹ്മദ്, ഗൾഫ് മാധ്യമം-മീഡിയ വൺ കോഓഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് ജി. സലിം സേട്ട്, ഇന്ത്യൻ സ്കൂൾ സലാല മുൻ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ്, ഇവന്റ് കൺവീനർമാരായ കെ.ജെ. സമീർ, മുസാബ് ജമാൽ തുടങ്ങിയവർ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.
കാണികളെ ത്രസിപ്പിച്ച പാട്ടുകളും വാദ്യ പ്രകടനങ്ങളുമായി എം.ജി. ശ്രീകുമാറിന്റെ ‘മധുമയമായ്’ പ്രത്യേക പരിപാടിയും അരങ്ങേറി. ഗായകരായ നിത്യ മാമ്മൻ, ശിഖ പ്രഭാകർ, അശ്വിൻ, റഹ്മാൻ, മിയ എന്നിവരും സലാലയിൽ പാട്ടോളം തീർത്തു. മെന്റലിസ്ററ് ഫാസിൽ ബഷീറിന്റെ ‘ട്രിക്സ് മാനിയ 2.0 ’ ഷോയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

