താരങ്ങൾ എത്തി; നാളെ ആഘോഷ രാവ്
text_fieldsസലാല: ഒത്തൊരുമയുടെയും മാനവികതയുടെയും സന്ദേശങ്ങൾ പകർന്ന് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഹാർമോണിയസ് കേരളക്ക് ഒരുദിനം മാത്രം. വെള്ളിയാഴ്ച സന്ധ്യക്ക് സലാലയിലെ അൽ മറൂജ് ആംഫി തിയറ്ററിൽ നടക്കുന്ന മഹോത്സവത്തിന്റെ ഒരുക്കങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.
മലയാളിയുടെ ഒരുമയുടെ പെരുമ കൊണ്ടാടാനുള്ള ഈ മഹോത്സവം അകതാരിൽ എന്നും കോറിവെക്കാനാവുന്ന സർഗാനുഭവമാക്കിമാറ്റാനുള്ള തിരക്കിലാണ് സംഘാടകർ.
പ്രേക്ഷക ഹൃദയങ്ങളിൽ കലയുടെയും സംഗീതത്തിന്റെയും രാഗലയങ്ങളുടെയും പെരുമഴ പെയ്യിക്കാൻ താരങ്ങൾ സലാലയിലെത്തിയിട്ടുണ്ട്. കലാസ്വാദകർക്ക് മറക്കാൻ പറ്റാത്ത കാഴ്ചയുടെ വിരുന്നൊരുക്കാനുള്ള അവസാനവട്ട പരിശീലനമാണ് താരങ്ങൾ സംവിധായകനായ എൻ.വി. അജിത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. പരിപാടിയുടെ പ്രചാരണാർഥം അവതാരകനായ രാജ് കലേഷിന്റെ നേതൃത്വത്തിൽ സലാലയിലെ വിവിധ ഇടങ്ങളിലായി റോഡ്ഷോകളും സംഘടിപ്പിച്ചിരുന്നു.
ഷാഹി, ലുലു ഹൈപർ മാർക്കറ്റ്, ബദർ അൽ സമ ഹോസ്പിറ്റൽ, സീ പേൾസ് ജ്വല്ലറി, ഹോട്ട്പാക്ക്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എന്നിവരാണ് പരിപാടിയുടെ മുഖ്യപ്രായോജകർ. മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവും ദേശീയ അവാർഡ് ജേതാവുമായ അപർണ ബാലമുരളി, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിലൂടെ തെന്നിന്ത്യൻ സിനിമാസ്വാദകരുടെ മനസ്സിൽ സ്ഥാനംപിടിച്ച മനോജ് കെ. ജയൻ എന്നിവരാണ് ചടങ്ങിൽ മുഖ്യാതിഥികളായെത്തുന്നത്.
വിനോദത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തൻ അനുഭവങ്ങൾ സമ്മാനിക്കാൻ ഗായകരായ വിധു പ്രതാപ്, ചിത്ര അരുൺ, അക്ബർ ഖാൻ, ക്രിസ്റ്റകല, അശ്വന്ത് അനിൽകുമാർ, മേഘ്ന സുമേഷ്, ഡാൻസർ റംസാൻ മുഹമ്മദ്, അവതാരകനും നടനുമായ മിഥുൻ രമേശ്, രാജ് കലേഷ് തുടങ്ങി നിരവധി കലാകാരന്മാരും വേദിയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

