ഹാർമോണിയസ് കേരള; ശ്രീറാമിനും വഫക്കും അസുലഭ നിമിഷം
text_fields‘സിങ് ആൻഡ് വിൻ ’ വിജയികളായ വഫ സാദിഖ്, കെ.ബി ശ്രീറാം എന്നിവർ ഹാർമോണിയസ് കേരള വേദിയിൽ ഗായിക നിത്യ മാമ്മനിൽനിന്ന് ഉപഹാരം സ്വീകരിക്കുന്നു. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഗ്ലോബൽ ജനറൽ മാനേജർ നിക്സൺ ബേബി, അസി. ജനറൽ മാനേജർ അൻസാർ ഷെന്താർ, ഗൾഫ് മാധ്യമം ചീഫ് റിപ്പോർട്ടർ ഇഖ്ബാൽ ചേന്നര എന്നിവർ സമീപം
സലാല: മലയാളത്തിന്റെ പ്രിയ ഗായകൻ എം.ജി ശ്രീകുമാറുമൊത്ത് പാട്ടുപാടാൻ അവസരം ലഭിച്ച അസുലഭ നിമിഷത്തിന്റെ സന്തോഷത്തിലായിരുന്നു ‘സിങ് ആൻഡ് വിൻ ’ വിജയികളായ കെ.ബി ശ്രീറാമും വഫ സാദിഖും ഹാർമോണിയസ് കേരള ആറാം സീസണിന്റെ വേദിയിൽ നിന്ന് മടങ്ങിയത്. പ്രൗഢഗംഭീരമായ വേദിയിൽ ഗായിക നിത്യമാമ്മൻ ഫലപ്രഖ്യാപനം നിർവഹിച്ചു. സീനിയർ വിഭാഗത്തിലാണ് കെ.ബി. ശ്രീറാം ‘ചന്ദനമണി സന്ധ്യകളുടെ നടയിൽ നടനം...’ എന്ന ഗാനമാണ് വേദിയിൽ അവതരിപ്പിച്ചത്. ജൂനിയർ വിഭാഗത്തിൽ ജേതാവായ വഫ സാദിഖ്, ‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി ...’ എന്ന പാട്ടുമായി കാണികളുടെ കൈയടി നേടി.
പത്തനംതിട്ട കോന്നി സ്വദേശി ബാബു ഭാസ്കരന്റെയും പ്രീതയുടെയും മകനാണ് സലാലയിൽ സിവിൽ എൻജിനീയറായ ശ്രീറാം. പഠനകാലത്ത് സംസ്ഥാന ഇന്റർ പോളിടെക്നിക് കലോൽസവത്തിൽ രണ്ടു തവണ ക്ലാസിക്കൽ സംഗീതത്തിൽ ഒന്നാം സ്ഥാനവും ഒരു തവണ ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.
ഹാർമോണിയസ് കേരളയിലെ സ്കാൻ ആൻഡ് വിൻ വിജയികൾക്കുള്ള സമ്മാനങ്ങൾ ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് ഒമാൻ സെയിൽസ് മാനേജർ വസീം അഷ്റഫ്, ദോഫാർ ഏരിയ സെയിൽസ് മാനേജർ ഷാനവാസ് കൊല്ലോൻ എന്നിവർ കൈമാറുന്നു
സലാല ഇന്റർനാഷനൽ പയനീർ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയായ വഫ ഒമാനിലെ ഇന്റർ സ്കൂൾ ടാലന്റഡ് ഫെസ്റ്റ്, ഐ.എസ്.സി സലാല ബാലകലോത്സവം തുടങ്ങിയവയിൽ സമ്മാനിതയായിട്ടുണ്ട്. കണ്ണൂർ വളപട്ടണം സ്വദേശിയും ഗൾഫ് ടെക് ഗ്രൂപ്പ് ജനറൽ മാനേജർ മുഹമ്മദ് സാദിഖിന്റെയും ഇന്റർനാഷനൽ പയനീർ സ്കൂൾ അധ്യാപികയായ മദീഹ ഹാരിസിന്റെയും മകളാണ്. എം.ജി ശ്രീകുമാറിന്റെ പാട്ടുകൾ മാത്രം ഉൾപ്പെടുത്തിയായിരുന്നു സിങ് ആൻഡ് വിൻ മൽസരം. സീനിയർ, ജൂനിയർ കാറ്റഗറികളിലായി ഫൈനലിൽ മാറ്റുരച്ച മറ്റു മത്സരാർഥികളായ ഹർഷ, ദേവിക ഗോപൻ, ആദിത്യ സതീഷ്, ഷാസിയ അഫ്രിൻ, റൈഹാൻ അൻസാരി, കെ. മാളവിക, നിയതി നമ്പ്യാർ, മീര മഹേഷ് എന്നിവർ കോറസായി വേദിയിലെത്തി. ജനുവരി 23ന് അൽവാദി ലുലുവിൽ നടന്ന സിങ് ആൻഡ് വിൻ ഫൈനലിൽ ഡോ. സൗമ്യ സനാതനൻ, ഉമ ദിനേശ് കുൽക്കർണി, സൗമ്യ, പി.ആർ. ഗോപകുമാർ എന്നിവരായിരുന്നു വിധി കർത്താക്കൾ.
ഹാർമോണിയസ് കേരള: ടിക്കറ്റ് ഭാഗ്യശാലികൾക്ക് സമ്മാനം കൈമാറി
സലാല: ഗൾഫ് മാധ്യമവും മിഫ്രണ്ടും ചേർന്ന് സലാലയിൽ സംഘടിപ്പിച്ച ഹാർമോണിയസ് കേരള ആഘോഷത്തിൽ ടിക്കറ്റെടുത്തവരിൽ നിന്നുള്ള ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ കൈമാറി.
ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് ആണ് ഗംഭീര സമ്മാനങ്ങൾ ഒരുക്കിയത്. നറുക്കെടുപ്പിൽ രമ്യ രാമചന്ദ്രൻ, പവിത്രൻ, ഉണ്ണി പാച്ചു എന്നിവർ വിജയികളായി. മൈക്രോവേവ് ഓവൻ, എയർ ഫ്രൈയർ, ബ്ലൻഡർ മിക്സർ എന്നിവ സമ്മാനമായി നൽകി. ഹാർമോണിയസ് കേരള പരിപാടിക്കായി ടിക്കറ്റെടുത്തവർക്കായി ആഘോഷവേദിയിൽ ഏർപ്പെടുത്തിയ സ്കാൻ ആൻഡ് വിൻ മത്സരത്തിലൂടെയാണ് മൂന്ന് ഭാഗ്യശാലികളെയും കണ്ടെത്തിയത്. ഗാലറിയിൽ പ്രവേശിക്കുമ്പോൾ നൽകിയ റിസ്റ്റ് ബാൻഡിൽ ആലേഖനം ചെയ്ത ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് കാണികൾ മൽസരത്തിൽ പങ്കാളികളായി.
വിജയികൾക്ക് ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് ഒമാൻ സെയിൽസ് മാനേജർ വസീം അഷ്റഫ്, ദോഫാർ ഏരിയ സെയിൽസ് മാനേജർ ഷാനവാസ് കൊല്ലോൻ എന്നിവർ സമ്മാനം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

