‘ഹാർമോണിയസ് കേരള’ സീസൺ മൂന്ന്; ക്ലിക്ക് ചെയ്യൂ... സമ്മാനങ്ങൾ നേടൂ
text_fieldsമസ്കത്ത്: മാനവസ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്ന് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ മൂന്നാം പതിപ്പിന്റെ ഭാഗമായി വായനക്കാർക്കായി ഫോട്ടോഗ്രഫി മത്സരം നടത്തുന്നു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 100, 50 റിയാൽ വിലമതിക്കുന്ന സീപേൾസ് ജ്വല്ലറിയുടെ ഗിഫ്റ്റ് കൂപ്പണുകൾ സമ്മാനമായി നൽകും. വിദഗ്ധ ജൂറിയായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക.
വിജയികളുടെ പ്രൊഫൈലും ചിത്രങ്ങളും ‘ഹാർമോണിയസ് കേരള’യുടെ വേദിയിൽ പ്രദർശിപ്പിക്കും. മസ്കത്തിലെ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഫ്രൈഡേ ഷൂട്ട് ഔട്ട് (എഫ്.എസ്.ഒ) - മസ്കത്തുമായി സഹകരിച്ചാണ് മത്സരം നടത്തുന്നത്. ദേശത്തിനും മതത്തിനും അതീതമായ ഐക്യം, മാനവികതയുടെ ഐക്യം, പ്രകൃതിയുടെ ഐക്യം എന്നിങ്ങനെ മൂന്നു വിഷയത്തിലായിരിക്കും മത്സരങ്ങൾ. പങ്കെടുക്കുന്നവർ #click4Harmony #HarmoniousKerala #GulfmadhyamamOman എന്നീ ഹാഷ് ടാഗുകൾ ഉപയോഗിച്ച് ചിത്രങ്ങൾ നിങ്ങളുടെ Facebook/Instagram അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യണം. ഒമാനിൽ താമസിക്കുന്ന 18 വയസ്സിനു മുകളിലുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ചിത്രങ്ങൾ ഒമാനിൽനിന്നോ കേരളത്തിൽനിന്നോ എടുത്തവയായിരിക്കണം. പരമാവധി മൂന്നു ഫോട്ടോകൾ സമർപ്പിക്കാം. എല്ലാ എൻട്രികളിലും ലൊക്കേഷൻ വിശദാംശങ്ങൾ ഉൾപ്പെടുത്തണം. എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 24 ആണ്. കൂടുതൽ വിവരങ്ങൾക്ക് +968 7738 5585 എന്ന നമ്പറുകളിൽ ലഭിക്കും.
ഫോട്ടോഗ്രഫിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഫ്രൈഡേ ഷൂട്ട് ഔട്ട് (എഫ്.എസ്.ഒ) മസ്കത്ത്. ഫോട്ടോഗ്രഫിയിൽ പ്രാരംഭ പരിശീലനം തേടുന്നവർ തൊട്ട് പ്രഫഷനലുകളായ ആളുകൾവരെ ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. ഐ.ടി. പ്രഫഷനലായ ലിബിൻ പ്രഭാകരന്റെ നേതൃത്വത്തിൽ നാലുപേർ ചേർന്ന് 2012ലാണ് എഫ്.എസ്.ഒ രൂപവത്കരിക്കുന്നത്.
സുൽത്താനേറ്റിലെ മനോഹരമായ സ്ഥലങ്ങളിലെ സന്ദർശനം, ഫോട്ടോഗ്രഫി ശിൽപശാലകൾ എന്നിവയും നടത്തിവരുന്നുണ്ട്. അംഗങ്ങളുടെ ഫോട്ടോകൾ ശ്രദ്ധേയമായ അവാർഡുകൾ നേടുകയും നിരവധി പ്രാദേശിക, അന്തർദേശീയ എക്സിബിഷനുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഐക്യബോധത്തിന്റെ ആരവമുയർത്തി ഡിസംബർ 30ന് മസ്കത്ത് ആംഫി തിയറ്ററിലാണ് ‘ഹാർമോണിയസ് കേരള’യുടെ മൂന്നാം പതിപ്പ് നടക്കുന്നത്. കോവിഡിനു ശേഷമുള്ള മലയാളികളുടെ ഏറ്റവും വലിയ ഒത്തുചേരലാകുന്ന പരിപാടിയിൽ ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഒ.സി.സി.ഐ) പുതിയ ചെയർമാനായി തെരഞ്ഞെടുത്ത ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് മുഖ്യാതിഥിയാകും. ഒത്തൊരുമയുടെ ഉത്സവത്തിന്റെ വരവ് അറിയിച്ചുള്ള റോഡ് ഷോ 16, 17 തീയതികളിൽ പ്രമുഖ അവതാരകൻ രാജ് കലേഷിന്റെ നേതൃത്വത്തിൽ ബൗഷർ, ദാർസൈത്, റൂവി ലുലുവുകളിൽ നടന്നിരുന്നു.
നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർ മാർക്കറ്റ്, സീ പേൾസ് ഗോൾഡ് ആൻഡ് ഡയ്മണ്ട് ജ്വല്ലറി, ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് എന്നിവരാണ് പരിപാടിയുടെ മുഖ്യപ്രായോജകർ. പരിപാടിക്ക് ആവേശം പകർന്ന് മലയാള മണ്ണിലെ എണ്ണം പറഞ്ഞ കലാകാരന്മാരാണ് അരങ്ങിലണിനിരക്കുന്നത്. നടൻ കുഞ്ചാക്കോ ബോബൻ, സംവിധായകൻ കമൽ, ഗായകരായ സുദീപ് കുമാർ, നിത്യ മാമ്മൻ, അക്ബർ ഖാൻ, യുംന അജിൻ, ജാസിം, ചിത്ര അരുൺ, ഗ്രാമി അവാർഡ് ജേതാവായ വയലിനിസ്റ്റ് മനോജ് ജോർജ്, നർത്തകൻ റംസാൻ, മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ എന്നിവരുടെ മാസ്മരിക പ്രകടനങ്ങൾ ആംഫി തിയറ്ററിനെ കലാവിരുന്നിന്റെ പൂരപ്പറമ്പാക്കും. സിനിമാനടൻ മിഥുൻ രമേശാണ് പരിപാടിയുടെ അവതാരകൻ. ടിക്കറ്റുകൾക്ക് +968 92369485, +968 95629600.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

