‘ എന്താ ഇപ്പൊ ഉണ്ടായേ?..’
text_fields‘ക്രിസ്മസ്’ സന്തോഷത്തിന്റെയും സമാധാനത്തിന്റയും പങ്കുവക്കലിന്റെയും ഓർമകൾ വിരിയുന്ന കാലം. ക്രിസ്മസ് കാലമായാൽ എല്ലാവരുടെയും മനസ്സിൽ കുളിർമയായി ഒരായിരം നക്ഷത്രങ്ങൾ വിരിയും.
എന്റെ മനസ്സിലും അതുപോലെ ഓരായിരം സന്തോഷത്തിന്റെ ഓർമകൾ തിരി തെളിയുന്നു. വീട്ടിൽ നക്ഷത്രം തെളിയിക്കണം, പുൽക്കൂട് കെട്ടണം. അങ്ങനെ ഒരായിരം തിരക്കുകൾ. അമ്മ അടുക്കളയിൽ അങ്കമാലി മാങ്ങാ കറി ഉൾപ്പെടെയുള്ള പാചക തിരക്കിലായിരിക്കും. അപ്പച്ചനും ഞാനും പെങ്ങന്മാരും കൂടി അലങ്കാര പണികളിലായിരിക്കും. വൈകീട്ട് കരോൾ വരുന്നതിനെ മുന്നേ എല്ലാം തീർക്കണം. പിന്നെ കരോളിന്റെ കൂടെ ഒരു കറക്കം. എല്ലാവരും കൂടി പാതിരാ കുർബാനക്കുള്ള പോക്ക്. രാവിലെ അമ്മ ഉണ്ടാക്കിയ ബ്രെഡും സ്റ്റ്യൂവും അപ്പച്ചൻ ഞങ്ങൾക്ക് വിളമ്പി തരും. കേക്കു മുറിച്ചു നോമ്പ് തുറക്കും. വീട്ടുകാരും പല മതത്തിലുള്ള കൂട്ടുകാരും ചേർന്നു ഉച്ച ഭക്ഷണം. പിന്നെ അങ്ങോട്ട് കളിയും ചിരിയും പടക്കം പൊട്ടിക്കലും ഒക്കെ ആയി അങ്ങനെ പോകും. ഇന്ന് ഒരു പ്രവാസിയായി മസ്കത്തിൽ കഴിയുമ്പോൾ ആ ഓർമകളുമായി ഒരു തണുത്ത കാറ്റ് നമ്മളെ തലോടി പോകും.
ഒരു അങ്കമാലിക്കാരനാണ് ഞാൻ. ഞങ്ങളുടെ നാട്ടിൽ ക്രിസ്മസ് എന്ന് വച്ചാൽ ആഘോഷരാവുകളാണ്. അങ്കമാലി ടൗണിൽ പടക്ക കടകളുടെ ബഹളമാണ്. കൂടേ മറ്റു കച്ചവടങ്ങളും.ഞങ്ങളുടെ കാസ്ക് ക്ലബിൽ പതിവുപോലെ ആഘോഷങ്ങൾ തുടങ്ങി.
ജനലിന്റെ മുന്നിലെ തണൽ മരത്തിൽ നക്ഷത്രം തൂങ്ങി. വലിയ ഒരു പുൽകൂടും .അങ്ങനെ ആഘോഷം അങ്ങ് തകർക്കുകയാണ്. കൂടേ എന്റെ ആത്മ സുഹൃത്തുക്കളായ ഡാനിഷും സോണിയും ഉണ്ട്. ടൗണിലെ ഒരു കടയിൽ നിന്നും ഞങ്ങൾക്ക് കുറെ പടക്കങ്ങൾ ഒരു സുഹൃത്ത് കൊണ്ട് വന്നു.
നോക്കിയപ്പോൾ കുറച്ചൊന്നുമല്ല ഒരു രാത്രി മുഴുവൻ കളറാക്കാനുള്ളതുണ്ട്. എല്ലാവരും ചേർന്ന് പടക്കം പൊട്ടിക്കൽ തുടങ്ങി. നടുറോഡിൽ തലങ്ങും വിലങ്ങും പടക്കവും പൂത്തിരിയും കുരവയും ചൈനീസ് പൂക്കുറ്റിയും എല്ലാം കൂടി ഒരു ബഹളം. ഞാനും സോണിയും ഡാനിഷും പാലത്തിന്റെ മുകളിൽ വലിയ ബോക്സ് ഓലപ്പടക്കം വച്ച് കത്തിച്ചു താഴേക്കു എറിയുന്നു. കൂട്ടത്തിൽ ഒരു കൂട്ടുകാരൻ കൂടി എത്തി. ആള് അല്പം രജനി ആരാധകൻ കൂടി ആണ്. പടക്കം എറിഞ്ഞു എറിഞ്ഞു ആളുടെ ഉള്ളിൽ അറിയാതെ രജനി കയറി. പിന്നെ രജനി സ്റ്റൈൽ ആണ് എല്ലാം. ഞങ്ങളുടെ സപ്പോർട്ട് കൂടി ആയപ്പോ പറയണ്ട... വലിച്ചു എറിയുന്നു, തിരിച്ചു എറിയുന്നു, കറക്കി എറിയുന്നു. മൊത്തം സിനിമ സ്റ്റൈൽ.
അങ്ങനെ എറിഞ്ഞ കൂട്ടത്തിൽ ഒരു പടക്കം മുകളിലെ ലൈൻ കമ്പിയിൽ തട്ടി നേരെ പടക്ക പെട്ടിയിലേക്ക്.. ‘ഓടിക്കോടാ’ എന്ന് ഒരു അലർച്ച.. പിന്നെ ആകെ നേരം വെളുത്ത പോലെ കൂടേ പുകയും..
കുറച്ചു കഴിഞ്ഞു പുക എല്ലാം കെട്ടടങ്ങി. അവിടെയും ഇവിടെയും ചില പടക്കങ്ങൾ പൊട്ടുന്നു. നോക്കുമ്പോൾ ഞാൻ ഒരു ഓടയിൽ ഉണ്ട്, അംഗഭംഗം ഒന്നും ഇല്ല. പതിയെ തലപൊക്കി. ആരെയും കാണുന്നില്ല. പിന്നെ നോക്കുമ്പോ അവിടെയും ഇവിടെയും നിന്ന് കുറച്ചു തലകൾ പൊങ്ങി വരുന്നു, കണ്ടിട്ടു എല്ലാവരും ഓകെ ആണ്. രജനികാന്ത് ശരീരം മുഴുവൻ കരിയുമായി വന്നു കുറച്ചു നേരം ആലോചിച്ചു നിന്നിട്ടു ഏതോ സിനിമ ഡയലോഗിനെ ഓർമിപ്പിക്കും തരത്തിൽ ഒരു ചോദ്യം ‘എന്താ ഇപ്പൊ ഉണ്ടായേ ..?’
കേട്ടുനിന്നവർ തുടങ്ങി പൊങ്കാല. പെട്ടെന്ന് ഡാനിഷിന്റെ ഒരു ബഹളം ‘ഡാ... സോണി എവിടെ?’
സോണിയെ കാണാനില്ല.. എല്ലാവരും തിരച്ചിൽ തുടങ്ങി. എല്ലായിടത്തും സോണിയെ തേടി തിരച്ചിൽ. പാലത്തിനു അടിയിൽ പോലും ഇല്ല. ആകെ എല്ലാവരും പകച്ചു നടക്കുമ്പോൾ അങ്ങ് അകലയിലെ പറമ്പിൽ നിന്നു ഒരു ശബ്ദം ‘ഡാ ഞാൻ ഇവിടെ ഉണ്ട്’.
എല്ലാവരും അങ്ങോട്ട് ഓടി. കൂരിരുട്ട് നിറഞ്ഞ പറമ്പിൽ ചെന്ന് നോക്കുമ്പോ അവനതാ ഒരു ജാതിമരത്തിന്റെ മുകളിൽ ഇരിക്കുന്നു. കൂടേ ഒരു ഡയലോഗും ‘ഒന്നും ഓർമ ഇല്ലളിയാ’
കുറെ നേരം പകപ്പിന്റെ ആയിരുന്നെങ്കിലും പിന്നീടങ്ങോട്ട് പൊട്ടിച്ചിരിയായി മാറി. ഇന്ന് ലോകത്തിന്റെ പല ഭാഗത്തുനിന്നും ഈ കഥകൾ പറഞ്ഞു ഞങ്ങൾ പൊട്ടിച്ചിരിക്കുന്നു. എല്ലാവർക്കും സ്നേഹത്തിന്റെ, സമാധാനത്തിന്റെ സന്തോഷത്തിന്റെ ക്രിസ്മസ് ആശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

