ഹജ്ജ് യാത്ര; അതിർത്തിയിൽ മികച്ച സൗകര്യമൊരുക്കി അധികൃതർ
text_fieldsറോഡ് മാർഗം ഹജ്ജിന് പോവുന്നവർക്ക് അതിർത്തിയിൽ നടപടികൾ പൂർത്തിയാക്കുന്നു
മസ്കത്ത്: ഒമാനിൽ നിന്ന് റോഡ് മാർഗം ഹജ്ജിന് പോവുന്നവർക്ക് അതിർത്തിയിൽ മികച്ച സൗകര്യമൊരുക്കി അധികൃതർ. ഒമാനെയും സൗദിയെയും ബന്ധിപ്പിക്കുന്ന റുബുഉൽ ഖാലി മരുഭൂമിയിലൂടെ ഹജ്ജ് നിർവഹിക്കാൻ പോയത് 2696 തീർഥാടകർ ആണ്. കഴിഞ്ഞ ദിവസങ്ങളിലായി 80 ബസുകളിലാണ് ഇത്രയും ആളുകൾ വിശുദ്ധ കർമത്തിനായിപോയത്. യാത്രാ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും അതിർത്തിയിലെ കാത്തിരിപ്പ് സമയം കുറക്കുന്നതിനും ലക്ഷ്യമിട്ടുള്ള റോയൽ ഒമാൻ പൊലീസ്, എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയം തുടങ്ങിയ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനത്തിന്റെയും കാര്യക്ഷമയോടെയുമുള്ള ക്രമീകരണങ്ങളാണ് യാത്ര സുഗമമാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീർഥാടകരുടെ നടപടികൾ രണ്ടു ഘട്ടങ്ങളിലായാണ് നടത്തുന്നതെന്ന് ദാഹിറയിലെ എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്സ് വകുപ്പിലെ ഇബ്രാഹിം ബിൻ മുബാറക് ആൽ ഹാർത്തി പറഞ്ഞു.
ആദ്യത്തേത് ഒമാനി ഹജ്ജ് മിഷനും സൗദി അധികൃതരും പുറപ്പെടുവിച്ച ആവശ്യകതകൾ പാലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. രണ്ടാമത്തേത് പാസ്പോർട്ട് പരിശോധനയും സൗദി അറേബ്യയിലേക്കുള്ള പ്രവേശന അനുമതികളും നോക്കി ഉറപ്പുവരുത്തും. അധികൃതരുടെ വേഗത്തിലുള്ള പ്രോസസ്സിങും സംഘടിത നടപടിക്രമങ്ങളും ചൂണ്ടിക്കാട്ടി നിരവധി തീർഥാടകർ അതിർത്തിയിലെ ക്രമീകരണങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ചു. തീർഥാടകരെ പിന്തുണക്കുന്നതിനായി, റോയൽ ഒമാൻ പൊലീസ്, റോയൽ ആർമി ഓഫ് ഒമാൻ, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി, ഇബ്രി ചാരിറ്റി ടീം എന്നിവയുമായി സഹകരിച്ച് ഇബ്രിക്കും അതിർത്തിക്കും ഇടയിലുള്ള റൂട്ടിൽ ഒരു സർവിസ് സ്റ്റേഷൻ സ്ഥാപിച്ചു. തീർഥാടകരുടെ സുരക്ഷയും സുഖസൗകര്യങ്ങളും ഉറപ്പാക്കാൻ സ്റ്റേഷൻ സഹായം, അടിയന്തര പ്രതികരണം, ആംബുലൻസ് സേവനങ്ങൾ എന്നിവ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

