ഹജ്ജ്: മലയാളി യാത്രസംഘം പുറപ്പെട്ടു
text_fields മസ്കത്ത്: ഈ വർഷത്തെ വിശുദ്ധ ഹജ്ജിനുള്ള ഒമാനിൽനിന്നുള്ള ഏക മലയാളിസംഘം റൂവി ഖാബൂസ് മസ്ജിദ് പരിസരത്ത്നിന്നും വെള്ളിയാഴ്ച രാവിലെ യാത്ര പുറപ്പെട്ടു. വിമാനംവഴി യാത്രപോകുന്ന സംഘത്തിന് ഹൃദ്യമായ യാത്രയയപ്പാണ് നൽകിയത്. മസ്കത്ത് സുന്നി സെന്റർ പ്രവർത്തകരും യാത്രക്കാരുടെ ബന്ധുക്കളുമടക്കം നിരവധിപേർ എത്തിയിരുന്നു. ഏഴുവർഷത്തെ ഇടവേളക്കുശേഷമാണ് മലയാളികളുടെ നേതൃത്വത്തിലുള്ള ഹജ്ജ്സംഘം യാത്ര പുറപ്പെടുന്നത്. മസ്കത്ത് സുന്നി സെന്ററാണ് ഹജ്ജ് യാത്ര സംഘടിപ്പിക്കുന്നത്. മുഹമ്മദലി ഫൈസിയാണ് സംഘത്തെ നയിക്കുന്നത്. 51 യാത്രക്കാരിൽ 26 പേർ മാത്രമാണ് മലയാളികൾ. ഈ വർഷം 500 വിദേശികൾക്ക് മാത്രമാണ് ഹജ്ജിന് പോകാൻ അനുവാദമുള്ളത്. ഇതിൽ 250 പേർ അറബ് രാജ്യങ്ങളിൽനിന്നുള്ള വിദേശികളാണ്. 250 സീറ്റുകൾ മാത്രമാണ് മലയാളികൾ അടക്കമുള്ള വിദേശികൾക്ക് ലഭിച്ചത്.
ഇതിൽ 20 ശതമാനവും മസ്കത്ത് സുന്നി സെന്ററിന്റെ കൂടെയാണ് യാത്ര ചെയ്യുന്നത്. ഈ വർഷം 2250 റിയാലാണ് ഹജ്ജ് യാത്രക്കാരിൽനിന്ന് ഈടാക്കുന്നത്. ഹറം വികസനത്തിന്റെ ഭാഗമായാണ് ഒമാനിൽനിന്നുള്ള ഹാജിമാരുടെ എണ്ണം സൗദി ഹജ്ജ് മന്ത്രാലയം വെട്ടിക്കുറച്ചത്. ക്വോട്ട കുറഞ്ഞതോടെ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഔഖാഫ് മതകാര്യ മന്ത്രാലയം ഹജ്ജിനായി രജിസ്റ്റർ ചെയ്യുന്നവരിൽനിന്നും നറുക്കെടുപ്പിലൂടെയാണ് ഹജ്ജിന് പോകുന്നവരെ തിരഞ്ഞെടുക്കുന്നത്. ഇതുകാരണം 2015 മുതൽ ഒമാനിൽനിന്ന് മലയാളികൾ സംഘമായി ഹജ്ജിന് പോയിരുന്നില്ല.
ഹജ്ജിന് നറുക്കെടുപ്പിലൂടെ കിട്ടിയാലും ഒമാനി മുഖാബൽ വഴിയാണ് ഹജ്ജിന് പോകേണ്ടിയിരുന്നത്. ഇത്തരം ഗ്രൂപ്പുകളിൽ എല്ലാ രാജ്യക്കാരും ഉണ്ടാകുമായിരുന്നു. ഇക്കാരണത്താൽ ഗ്രൂപ്പുകളിൽ മലയാളി സാന്നിധ്യം തീരെ കുറവുമായിരുന്നു. അതിനാൽ നറുക്ക് കിട്ടിയവർപോലും ഒമാനിൽനിന്നുള്ള ഹജ്ജ് യാത്ര ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ഏതാനും വർഷമായി ഒമാനിൽനിന്നുള്ള ഹജ്ജ് നിരക്കുകൾ ഉയർന്നതും സീറ്റുകൾ കിട്ടാതിരിക്കുന്നതും മലയാളികളുടെ ഹജ്ജ് സ്വപ്നങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. സ്വന്തമായി ബിസിനസും മറ്റു സൗകര്യങ്ങളും ഉള്ളവരും നാട്ടിൽ പോയാണ് ഹജ്ജ് ചെയ്തിരുന്നത്. എന്നാൽ ഹജ്ജിന് പോകുന്നവർ വിസ സ്റ്റാമ്പിങ് അടക്കമുള്ള നടപടിക്രമങ്ങൾക്ക് ദീർഘകാലം നാട്ടിൽ തങ്ങേണ്ടിവരുന്നതിനാൽ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് ഹജ്ജ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
ദീർഘകാലം അവധി കിട്ടാത്തതടക്കമുള്ള പ്രശ്നങ്ങളാണ് ഇത്തരക്കാർക്ക് നാട്ടിൽനിന്ന് ഹജ്ജിന് പോകുന്നതിന് വിലങ്ങുതടിയായത്. ഒന്നുകിൽ ജോലി ഒഴിവാക്കുകയോ അല്ലെങ്കിൽ ഹജ്ജ് വേണ്ടെന്നുവെക്കുകയോ ചെയ്യണമായിരുന്നു. എന്നാൽ, ഈ വർഷം മസ്കത്ത് സുന്നി സെന്റർ പരീക്ഷണം എന്ന നിലയിലാണ് ഹജ്ജിന് നറുക്കെടുപ്പ് ലഭിച്ചവരെ കണ്ടെത്തി ഗ്രൂപ് രൂപവത്കരിച്ച് മുഖാബൽ എന്നപേരിൽ അറിയപ്പെടുന്ന ഹജ്ജ് മുഖാബലിന് കീഴിലാക്കിയത്. ഇത് ഏറെ പ്രയാസകരവും ഉത്തരവാദിത്തം നിറഞ്ഞതുമാണെന്ന് സുന്നി സെന്റർ ഭാരവാഹികൾ പറയുന്നു. അടുത്ത വർഷം മുതൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും അതുവഴി കൂടുതൽ പേർക്ക് യാത്രചെയ്യാൻ കഴിയുമെന്നുമാണ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. ഹജ്ജ് രജിസ്ട്രേഷൻ അടക്കമുള്ള വിഷയങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിച്ച് അടുത്തവർഷം കൂടുതൽ പേരെ ഹജ്ജിന് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് മസ്കത്ത് സുന്നി സെന്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

