ഒമാനിൽനിന്നുള്ള ആദ്യ ഹജ്ജ് സംഘം പുണ്യഭൂമിയിലേക്കു തിരിച്ചു
text_fieldsഹജ്ജ് സംഘത്തിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽനിന്ന്
മസ്കത്ത്: ഈ വർഷത്തെ ഹജ്ജിനുള്ള ഒമാനിൽനിന്നുള്ള ആദ്യ സംഘം പുണ്യഭൂമിയിലേക്കു തിരിച്ചു. സുൽത്താൻ ബിൻ സഈദ് അൽ ഹിനായിയുടെ നേതൃത്വത്തിലാണ് സംഘം പുറപ്പെട്ടത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട സംഘത്തിന് ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മമാരി, ഔഖാഫ്, മതകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഡോ. വഈൽ ബിൻ സെയ്ഫ് അൽ ഹറാസി, സുൽത്താനേറ്റിലെ ഡെപ്യൂട്ടി സൗദി അംബാസഡർ യൂസുഫ് അൽ ഔദ, മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് യാത്രയയപ്പ് നൽകി. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ എയർപോർട്ടിൽ എത്തിയതിനുശേഷം സംഘം മക്ക മുഖറമിലേക്ക് പോകും.
അവിടെ മൂന്നു ദിവസം കഴിച്ചുകൂട്ടിയതിനു ശേഷം മദീനയിലേക്കു തിരിക്കും. വരും ദിവസങ്ങളിൽ സുൽത്താനേറ്റിൽനിന്ന് വരുന്ന ഹാജിമാരെ സേവിക്കാനും അവർക്ക് കർമങ്ങൾ എളുപ്പത്തിലാക്കാനുമുള്ള പ്രവർത്തനങ്ങളിൽ സംഘം ഏർപ്പെടും. മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ, റോയൽ ഒമാൻ പൊലീസ്, മറ്റ് ഔദ്യോഗിക പ്രതിനിധികൾ, മെഡിക്കൽ സംഘം, ഫത്വകളും മതപരമായ മാർഗനിർദേശങ്ങളും നൽകുന്നവർ എന്നിവരാണ് ആദ്യ സംഘത്തിലുള്ളത്.
മറ്റു തീർഥാടകരെയും വഹിച്ചുള്ള വിമാനങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ പുറപ്പെടും. ഈ വർഷം ഒമാനിൽനിന്ന് ആകെ14,000 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്. ഇതിൽ 13,500 പേർ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
മൊത്തം തീർഥാടകരിൽ 49.3 ശതമാനം സ്ത്രീകളാണ്. ഹജ്ജ് സംഘത്തിൽ 30-45 വയസ്സിന് ഇടയിലുള്ളവർ 43 ശതമാനമാണ്. 46 മുതൽ 60 വയസ്സുവരെയുള്ളവർ 35.1 ശതമാനവും 60 വയസ്സിനു മുകളിലുള്ളവർ 16.6 ശതമാനവും ആണ്. 18-30ന് ഇടയിൽ വരുന്നവർ 5.3 ശതമാനവും വരും. ഹജ്ജിന്റെ ശരാശരി ചെലവ് വിമാനമാർഗം 2054 റിയാലാണ്. കഴിഞ്ഞ വർഷം ഒമാനിൽനിന്നും സ്വദേശികളും വിദേശികളുമടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്.
ആദ്യം 6000 പേർക്കായിരുന്നു അവസരം നൽകിയത്. പിന്നീട് ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം 2338 പേർക്കുകൂടി അവസരം ലഭിക്കുകയായിരുന്നു. ഈ വർഷത്തെ ഓൺലൈൻ രജിസ്ട്രേഷന് മാർച്ച് നാലിനായിരുന്നു അവസാനിച്ചത്. ആകെ 42,406 അപേക്ഷകളാണ് ലഭിച്ചത്. അതേസമയം, ഒമാനിൽനിന്നുള്ള മലയാളി ഹജ്ജ് സംഘം വെള്ളിയാഴ്ച യാത്ര പുറപ്പെടും. റൂവിയിലെ സുൽത്താൻ ഖാബൂസ് മസ്ജിദ് പരിസരത്തുനിന്ന് രാവിലെ ഒമ്പതു മണിക്കാണ് യാത്രതിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

