ഹജ്ജ്; മലയാളികൾക്ക് അവസരം കുറയും
text_fieldsമസ്കത്ത്: ഈ വർഷം ഹജ്ജ് തീർഥാടനത്തിന് വിദേശികളുടെ ക്വോട്ട കുറഞ്ഞത് മലയാളികളടക്കമുള്ള വിദേശികളുടെ ഹജ്ജ് യാത്ര സ്വപ്നം പൊലിയും. ഒമാനിൽനിന്ന് 14,000 പേർക്ക് ഹജ്ജിന് പോവാൻ ക്വോട്ട അനുവദിച്ചെങ്കിലും 500 വിദേശികൾക്ക് മാത്രമാണ് അവസരം ലഭിക്കുക. മൊത്തം ഹജ്ജ് ക്വോട്ടയുടെ 3.5 ശതമാനം മാത്രമാണിത്. ഇതിൽ ഒമാനിൽ താമസിക്കുന്ന എല്ലാ രാജ്യക്കാരും ഉൾക്കൊള്ളുന്നതിനാൽ മലയാളികളുടെ അവസരം തീരെ കുറവായിരിക്കും. ഇതിനാൽ ഒമാനിലെ പകുതിയോളം വരുന്ന പ്രവാസികൾക്ക് നാട്ടിൽ പോയി ഹജ്ജിന് പോവേണ്ടി വരും. നിലവിലെ അവസ്ഥയിൽ സാധാരണക്കാരായ മലയാളികൾക്ക് ഈ വർഷവും ഹജ്ജിന് അവസരം ലഭിക്കില്ല.
നാട്ടിൽപോയി ഹജ്ജിന് പോവുക മാത്രമാണ് ഏക പോംവഴി. ഒമാനിൽനിന്ന് ഹജ്ജിന് പോവുന്നവർക്ക് യാത്രയും മറ്റും ഏറെ സൗകര്യകരമാണ്. 20 ദിവസത്തിനുള്ളിൽ ഹജ്ജിന് പോയി തിരിച്ചെത്തി ജോലിയിൽ പ്രവേശിക്കാൻ കഴിയും. ഇപ്പോൾ ഒമാൻ-സൗദി റോഡ് നിലവിൽ വന്നത് ഒമാനിൽനിന്നുള്ള ഹജ്ജ് യാത്ര കൂടുതൽ സൗകര്യപ്രദമാക്കിയിട്ടുണ്ട്. ഒരുകാലത്ത് നാട്ടിൽനിന്ന് കുടുംബങ്ങളെ കൊണ്ടുവന്ന് ഒമാനിൽനിന്ന് കുടുംബത്തോടൊപ്പം ഹജ്ജിന് പോയവരും നിരവധിയാണ്.
വിദേശികളുടെ ഹജ്ജ് ക്വോട്ട കുറഞ്ഞതോടെ മുൻകാലങ്ങളിൽ ഒമാനിൽ മലയാളികളടക്കമുള്ളവരെ ഹജ്ജിന് കൊണ്ടുപോവാറുള്ള സംഘടനകളും കൂട്ടായ്മകളും വീണ്ടും പിന്മാറിയിട്ടുണ്ട്. ഈ വർഷം ഹജ്ജിന്റെ ക്വോട്ട വർധിക്കുമെന്നും വിദേശികൾക്ക് കൂടുതൽ അവസരം ലഭിക്കുമെന്നും ചില പ്രവാസി സംഘടനകൾ കണക്കുകൂട്ടിയിരുന്നു. അങ്ങനെയാണെങ്കിൽ ഹജ്ജ് സേവനങ്ങൾ ഈ വർഷം ആരംഭിക്കാനും പദ്ധതിയിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

