ഹജ്ജ്; ഔദ്യോഗിക പെര്‍മിറ്റ് ഉറപ്പാക്കണം
text_fieldsമസ്കത്ത്: ഈ വര്‍ഷം ഒമാന്‍ ഹജ്ജിന് അവസരം ലഭിച്ച എല്ലാ പൗരന്മാരും താമസക്കാരും ഔദ്യോഗിക പെര്‍മിറ്റ് ഉറപ്പാക്കണമെന്ന് ഹജ്ജ് മിഷന് പ്രസ്താവനയില്‍ പറഞ്ഞു. അല്ലെങ്കില്‍ കനത്ത പിഴ ഈടാക്കും. സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങളും ലൈസന്‍സിങ് ആവശ്യകതകളും പാലിക്കേണ്ടതിന്റെ പ്രാധാന്യവും ഹജ്ജ് മിഷന് ചൂണ്ടിക്കാട്ടി. ഹജ്ജ് നിര്‍വഹിക്കാന്‍ ലൈസന്‍സില്ലാത്ത ഓരോ തീര്‍ഥാടകനും 1,000 റിയാല്‍ മുതല്‍ 2,000 റിയാല്‍ വരെ പിഴ ചുമത്തും. അനധികൃത ഹജ്ജ് ഗതാഗത സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ 500 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ പിഴ ചുമത്തും.
ഔദ്യോഗിക പ്ലാറ്റ്ഫോമുകള് വഴിയുള്ള വിശ്വസനീയമായ ഉറവിടങ്ങളില്‍നിന്ന് മാത്രമേ വിവരങ്ങള്‍ ശേഖരിക്കാവൂ എന്നും ഒമാന്‍ ഹജ്ജ് മിഷന് പ്രസ്താവനയില്‍ അറിയിച്ചു. എല്ലാ തീര്‍ഥാടകരും പോകുന്നത് ഹജ്ജ് കാര്യ ഓഫീസ് വഴി ആയിരിക്കണം. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അന്താരാഷ്ട്ര വിമാനത്താവളം എന്നിവ വഴിയായിരിക്കും വിമാനമാര്‍ഗമുള്ള തീര്‍ത്ഥാടകരുടെ വരവും പോക്കും. കരമാര്‍ഗമുള്ള വരവും പോക്കും റുബുഉല്‍ ഖാലി, ബത്ത അതിര്‍ത്തികല്‍ വഴിയായിരിക്കുമെന്നും സൗദിയുമായുള്ള കരാറില്‍ വ്യക്തമാക്കിയിരുന്നു. യാത്രാ ആവശ്യകതകളും സമയക്രമങ്ങളും പാലിക്കുന്നത് ഉൾപ്പെടെ‘നുസുക്’ പ്ലാറ്റ്ഫോമിൽ പറഞ്ഞിരിക്കുന്ന എല്ലാ നിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

