ഹജ്ജ്; മലയാളി സംഘം തിരിച്ചെത്തി
text_fieldsമലയാളി ഹജ്ജ് സംഘത്തിന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
മസ്കത്ത്: വിശുദ്ധ ഹജ്ജ് കർമം പൂർത്തിയാക്കി ഒമാനിൽനിന്നുള്ള ഏക മലയാളി സംഘം തിരിച്ചെത്തി. മുഹമ്മദ് അലി ഫൈസിയുടെ നേതൃത്വത്തിൽ ഹാജിമാരെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരവേറ്റു. ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മസ്കത്ത് സുന്നി സെന്ററാണ് ഹജ്ജ് യാത്ര സംഘടിപ്പിച്ചിരുന്നത്. ജിദ്ദയിൽനിന്ന് ഉച്ചയോടെയാണ് സംഘം തിരിച്ചെത്തിയത്.
ഈ വർഷം 60 മലയാളികളായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ശൈഖ് അബ്ദുറഹ്മാൻ മൗലവിയാണ് ഹജ്ജ് യാത്ര സംഘത്തെ നയിച്ചിരുന്നത്. മലയാളി ഹജ്ജ് ഗ്രൂപ്പിൽ എല്ലാ സംഘടനാവിഭാഗങ്ങളും ഉൾപ്പെട്ടിരുന്നു എന്നുള്ളതും ഈ വർഷത്തെ പ്രത്യേകതയായിരുന്നു. 2500 റിയാലാണ് ഹാജിമാരിൽനിന്നും ഈടാക്കിയിരുന്നത്. ഹജ്ജ് യാത്ര ഉദ്ദേശിച്ചവർക്കായി എല്ലാ സഹായ സഹകരണങ്ങളും സുന്നീ സെന്ററിന്റെ ഹജ്ജ് സെൽ ചെയ്തു കൊടുത്തിരുന്നു. മസ്കത്ത് സുന്നി സെന്ററിനു കീഴിൽ ഹജ്ജിനു പോകുന്നവർക്കായി ഹജ്ജ് ക്യാമ്പ് പഠന ക്ലാസും സംഘടിപ്പിച്ചിരുന്നു.
എൻ.മുഹമ്മദലി ഫൈസി, സക്കീർ ഹുസൈൻ ഫൈസി, ഡോക്ടർ അബ്ദുൽസലാം ബഷീർ എന്നിവരായിരുന്നു വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തിരുന്നത്. ഈ വർഷം ഒമാനിൽനിന്ന് 500 വിദേശികൾക്കാണ് ഹജ്ജ് യാത്രക്ക് അവസരം അനുവദിച്ചത്. ഇതിൽ 250 അറബ് വംശജരാണ്. ബാക്കിവരുന്ന 250 പേരിലാണ് മറ്റു രാജ്യങ്ങളിലെ വിദേശികളുൾപ്പെടുന്നത്. ഇതിൽപ്പെട്ട 60 മലയാളികളാണ് വിശുദ്ധകർമം പൂർത്തിയാക്കി തിരിച്ചെത്തിയത്.
കഴിഞ്ഞ വർഷം സുന്നീസെന്റർ ഹജ്ജ് യാത്ര സംഘടിപ്പിച്ചിരുന്നെങ്കിലും 26 മലാളികൾ മാത്രമാണുണ്ടായിരുന്നത്. മലയാളി ഹജ്ജ് യാത്രക്കാർ വർധിക്കുന്നുണ്ടെന്നും അടുത്ത വർഷവും വിപുലമായ രീതിയിൽ ഹജ്ജ് യാത്ര സംഘടിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

