ഹജ്ജ്: കാൽനടയായി താണ്ടിയത് 3,000 കിലോമീറ്റർ; ഒമാനി പൗരൻ പുണ്യഭൂമിയിലെത്തി
text_fieldsബഖിത് സലിം മുഹമ്മദ് അൽ അമ്രി
മൂന്ന് മാസമെടുത്താണ് ബഖിത് സലിം
മുഹമ്മദ് അൽ അമ്രി വിശുദ്ധ
മണ്ണിലെത്തിയത്
മസ്കത്ത്: ഒമാനിൽനിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ഒമാനി പൗരൻ ബഖിത് സലിം മുഹമ്മദ് അൽ അമ്രി പുണ്യഭൂമിയിലെത്തി.
മൂന്നുമാസത്തിൽ ഏകദേശം 3,000 കി.മീറ്റർ താണ്ടിയാണ് ഇദ്ദേഹം മക്കയിലും മദീനയിലും എത്തുന്നത്. ഒമാനിൽനിന്ന് ആദ്യകാലത്ത് ഹജ്ജിന് പോയ വഴിയിലൂടെ നടന്ന് മക്കയിലെത്തണമെന്ന ആഗ്രഹത്തോടെ ജനുവരിയിലാണ് ഇദ്ദേഹം സലാലയിൽനിന്ന് യാത്ര ആരംഭിക്കുന്നത്. പണ്ട് ഒമാനിൽനിന്ന് നടന്നായിരുന്നു ഹജ്ജിന് പോയിരുന്നത്. 70 വർഷം മുമ്പുവരെ ഈ വഴി പലരും ഹജ്ജിന് പോയിരുന്നു. വ്യത്യസ്ത ഭൂപ്രകൃതിയും പർവതനിരകളും താഴ്വരകളും മരുഭൂമികളും താണ്ടിയാണ് മക്കയിലെത്തിയത്. സലാലയിൽനിന്ന് യമൻ വഴിയായിരുന്നു കാൽനട യാത്ര.
58കാരനായ അൽ അമ്രിക്ക് വെല്ലുവിളിയായിരുന്നില്ല ഈ നടത്തം, പൂർവികരുടെ വഴികളിലൂടെ നടന്ന് ഹജ്ജും ഉംറയും നിർവഹിക്കുകയെന്നത് തീവ്രമായ ആവേശം കൂടിയായിരുന്നു. മാർച്ച് 18നാണ് മക്കയിലെത്തുന്നത്. ഉംറ നിർവഹിച്ച് യാത്ര തുടർന്ന ബഖിത് സലിം മുഹമ്മദ് അൽ അമ്രി ഏപ്രിൽ നാലിനാണ് മദീനയിലെത്തുന്നത്.
തന്റെ യാത്രയെ ആരോഗ്യക്ഷമതയുള്ള പ്രവർത്തനമായി കണ്ട അദ്ദേഹം സഞ്ചരിച്ച പ്രദേശങ്ങളിലെ പ്രാദേശിക സംസ്കാരങ്ങളും പാരമ്പര്യങ്ങളും അടുത്തറിയാൻ ശ്രമിക്കുകയും ചെയ്തു. ‘‘ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു യാത്ര. ചില പ്രദേശങ്ങളിലെ കടുത്ത ചൂടും തണുപ്പുമെല്ലാം പ്രയാസങ്ങൾ ഉണ്ടാക്കി. യമനിൽ എത്തിയപ്പോൾ ആശയവിനിമയം തന്നെ ഇല്ലാതായി. എന്നിരുന്നാലും, ക്ഷമയും നിശ്ചയദാർഢ്യവും ഈ പ്രതിബന്ധങ്ങളെ മറികടക്കാൻ സാധിച്ചു’’ അൽ അമ്രി പറഞ്ഞു. നിലവിൽ മദീനയിൽ തുടരുന്ന അമ്രി ഹജ്ജ് നിർവഹിക്കാനായി ഒട്ടകപ്പുറത്ത് യാത്ര തുടരാനാണ് ആലോചിക്കുന്നത്.
ഹജ്ജിനുശേഷം യു.എ.ഇ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലൂടെ മസ്കത്തിൽ സമാപിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ഒമാൻ ആർമിയിലായിരുന്നു അൽ അമ്രി സേവനമനുഷ്ഠിച്ചിരുന്നത്. സൈന്യത്തിൽനിന്ന് വിരമിച്ച ശേഷം അമ്രി ദോഫാർ മേഖലയിൽ ‘സാദാ ഫോർ വാക്കിങ് ആൻഡ് അഡ്വഞ്ചർ’ എന്ന ഗ്രൂപ്പിന് രൂപം നൽകി. കൾചറൽ സ്പോർട്സ് യൂത്ത് മന്ത്രാലയത്തിന്റെ അംഗീകാരം നേടിയാണ് അമ്രി യാത്ര ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

