ഹജ്ജ്: 13,944 തീർഥാടകർ നടപടികൾ പൂർത്തിയാക്കി
text_fieldsഒമാനി ഹജ്ജ് മിഷൻ അധികൃതർ വാർത്തമ്മേളനത്തിൽ
മസ്കത്ത്: ഈ വർഷത്തെ ഹജ്ജിനായി 13,944 തീർഥാടകർ നടപടികൾ പൂർത്തിയാക്കിയതായി ഒമാനി ഹജ്ജ് മിഷൻ അധികൃതർ വാർത്തമ്മേളനത്തിൽ അറിയിച്ചു. 56 തീർഥാടകർ കൂടി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന പ്രക്രിയയിലാണെന്ന് എൻഡോവ്മെന്റ് ആൻഡ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിയും ഒമാനി ഹജ്ജ് മിഷൻ മേധാവിയുമായ അഹമ്മദ് ബിൻ സാലിഹ് അൽ-റഷ്ദി പറഞ്ഞു.
ഈ വർഷം സുൽത്താനേറ്റിനായി അനുവദിച്ച ഹജ്ജ് ക്വോട്ട 14,000 ആണ്. ഇതിൽ 13,530 ഒമാനികളും 470 താമസക്കാരും ഉൾപ്പെടും. 18 വയസ്സും അതിൽ കൂടുതലുമുള്ള ഓരോ ഗവർണറേറ്റിലെയും ജനസാന്ദ്രതയെ അടിസ്ഥാനമാക്കിയാണ് മൊത്തം ക്വോട്ട വിതരണം ചെയ്തിരിക്കുന്നത്.
ആകെ തീർഥാടകരുടെ എണ്ണത്തിന്റെ കാര്യത്തിൽ മസ്കത്ത് ഗവർണറേറ്റ് ഒന്നാമതെത്തി. മൊത്തം ക്വോട്ടയുടെ 24 ശതമാനവും ഇവിടെനിന്നാണ്. 19 ശതമാനവുമായി വടക്കൻ ബാത്തിനയാണ് തൊട്ടുപിന്നിൽ. ഏറ്റവും കുറവ് മുസന്ദമിലാണ്. അംഗീകൃത ക്വാട്ടയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇവിടെനിന്നുള്ളത്. ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയാണ് ഹജ്ജ് നിർവഹിക്കാനുള്ളവരെ തെരഞ്ഞെടുത്തതെന്ന് മിഷൻ മേധാവി സൂചിപ്പിച്ചു. ആകെ ക്വോട്ടയുടെ 84 ശതമാനവും (11,780 തീർഥാടകർ) സ്വന്തമായി ഹജ്ജ് നിർവഹിക്കാൻ പോകുന്നവരാണ്.
വളന്റിയർ, ഭിന്നശേഷിക്കാർക്കുവേണ്ടി ഹജ്ജ് ചെയ്യുന്നവർ, വിൽപത്രമായി ഹജ്ജ് ചെയ്യുന്നവർ, മരിച്ചവർക്ക് വേണ്ടി ഹജ്ജ് ചെയ്യുന്നവർ, ഭേദമാകാത്ത രോഗങ്ങളുള്ളവർ എന്നിവരാണ് ബാക്കിയുള്ളതിൽ ഉൾപ്പെടുന്നത്. 30 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവരാരാണ് (39 ശതമാനം) ഏറ്റവും കൂടുതലുള്ളത്.
38.9 ശതമാനവുമായി 45 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവരും തൊട്ടടുത്ത് വരുന്നു. 60 വയസ്സിനു മുകളിലുള്ളവർ 16 ശതമാനം, 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവർ അഞ്ചു ശതമാനം എന്നിങ്ങനെയാണ് മറ്റു പ്രായക്കാരിൽനിന്നുള്ള അനുപാതം.
ഒമാനി തീർഥാടകരിൽ 63 ശതമാനം ആളുകൾ ഹജ്ജിനായി വിമാനമാർഗം യാത്ര ചെയ്യും. 37 ശതമാനം പേർ റോഡ് മാർഗവും പോകും. കരമാർഗമുള്ള ഹജ്ജിന് ശരാശരി 1,417 റിയാലും വിമാനമാർഗമുള്ള ഹജ്ജിന് 2,063 റിയാലാണ് ചെലവ്. സാമൂഹിക സുരക്ഷ വിഭാഗങ്ങളിൽനിന്നുള്ള 150ലധികം തീർഥാടകരെ പിന്തുണക്കുന്നതിനായി റബത്ത് ഹൗസ് എൻഡോവ്മെന്റ്സ് ഇനിഷ്യേറ്റീവ് ഉൾപ്പെടെ നിരവധി സംരംഭങ്ങൾ ഒമാനി ഹജ്ജ് മിഷൻ ഈ സീസണിൽ ആരംഭിച്ചിട്ടുണ്ട്.
മിനായിൽ 75 പുതിയ ടോയ്ലറ്റുകളും 250 പുതിയ സിങ്കുകളും, സ്പ്ലിറ്റ് എയർ കണ്ടീഷനിങ് യൂനിറ്റുകളുടെ എണ്ണം 900 ആയി ഉയർത്തി, അറഫയിൽ 100 പുതിയ വിശ്രമമുറികൾ, 250 സിങ്കുകൾ, 40 ചതുരശ്ര മീറ്ററിന് പകരം 32 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മെച്ചപ്പെട്ട എയർ കണ്ടീഷനിങ് സംവിധാനങ്ങൾ തുടങ്ങിയവ ഇപ്രാവശ്യത്തെ സൗകര്യങ്ങളിൽ ഉൾപ്പെടുന്നതണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

