ഒമാൻ നയതന്ത്രരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച് ജി.വി. ശ്രീനിവാസ് സ്ഥാനമൊഴിയുന്നു
text_fieldsമസ്കത്ത്: ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ നിയമിതനായ പശ്ചാത്തലത്തിൽ, ഒമാൻ സുൽത്താനേറ്റിൽ ഇന്ത്യയുടെ നയതന്ത്ര സാരഥ്യം വിജയകരമായി പൂർത്തിയാക്കി സ്ഥാനമൊഴിയാനൊരുങ്ങുകയാണ് ഗോദവർത്തി വെങ്കിട ശ്രീനിവാസ് എന്ന ജി.വി. ശ്രീനിവാസ്. സാധാരണ മൂന്നു വർഷത്തേക്കാണ് നിയമനമെങ്കിലും ചുമതലയേറ്റ് ഒരു വർഷം മാത്രം പൂർത്തിയാവുമ്പോഴാണ് ജി.വി. ശ്രീനിവാസ് പദവിയൊഴിയുന്നത്.
ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി-വ്യാപാര ബന്ധങ്ങളെയും പ്രവാസി ക്ഷേമത്തെയും പുതിയ ഉയരങ്ങളിലേക്ക് നയിച്ച ശേഷമാണ് ഈ മുതിർന്ന നയതന്ത്രജ്ഞൻ മസ്കത്തിൽ നിന്നും പടിയിറങ്ങുന്നത്. 1993 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ജി.വി. ശ്രീനിവാസിന് മൂന്ന് പതിറ്റാണ്ടിലധികം നീണ്ട നയതന്ത്ര കരിയറാണുള്ളത്.
1968 ഏപ്രിൽ 28-ന് ജനിച്ച അദ്ദേഹം ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിലും തുടർന്ന് കൺട്രോൾസ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ശാഖയിൽ എം.ടെക് ബിരുദവും നേടിയ ശേഷമാണ് സിവിൽ സർവീസിലേക്ക് എത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം, മെക്സിക്കോ സിറ്റി, കാരക്കാസ്, ഹവാന, ടോക്കിയോ, ബുഡാപെസ്റ്റ് എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളിൽ വിവിധ പദവികൾ വഹിച്ചു. പാകിസ്താനിലെ ഇസ്ലാമാബാദിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷനിൽ കൗൺസിലർ, ബ്രസീലിലെ സാവോപോളോയിൽ ഇന്ത്യൻ കോൺസൽ ജനറൽ, ആഫ്രിക്കൻ രാജ്യമായ സെനഗലിൽ ഇന്ത്യയുടെ അംബാസഡർ, ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ യുറേഷ്യ, സൈബർ ഡിപ്ലോമസി, ലാറ്റിൻ അമേരിക്ക വിഭാഗങ്ങളിൽ ജോയിന്റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി പദവികൾ തുടങ്ങിയവ വഹിച്ചു.
അമിത് നരംഗിന് പിൻഗാമിയായി 2025 ജനുവരിയിൽ ഒമാനിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായ അദ്ദേഹം ഏപ്രിൽ ആദ്യത്തിലാണ് ചുമതലയേൽക്കുന്നത്. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ആം വാർഷിക വേളയിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ഊർജിതമാക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) വേഗത്തിലാക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ഗ്രീൻ ഹൈഡ്രജൻ, ഫിൻടെക്, ഡിജിറ്റൽ ബാങ്കിങ്, ഐടി തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യ-ഒമാൻ ബിസിനസ് ബന്ധം വ്യാപിപ്പിക്കാൻ ജി.വി. ശ്രീനിവാസ് മുൻകൈയെടുത്തു. കഴിഞ്ഞ ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം വിജയകരമായി ഏകോപിപ്പിച്ചത് ജി.വി. ശ്രീനിവാസിന്റെ നേതൃത്വത്തിലായിരുന്നു.
കേവലം ഔദ്യോഗിക ചർച്ചകളിൽ മാത്രം ഒതുങ്ങാതെ ഒമാനിലെ വിപുലമായ ഇന്ത്യൻ പ്രവാസി സമൂഹവുമായി, പ്രത്യേകിച്ച് മലയാളി കൂട്ടായ്മകളുമായും ഇന്ത്യൻ സോഷ്യൽ ക്ലബ്ബുകളുമായും നിരന്തര സമ്പർക്കം പുലർത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ഗാനഗന്ധർവ്വൻ യേശുദാസിന്റെ പാട്ടുകൾ പാടി ചടങ്ങുകളിൽമലയാളികളുടെ പ്രത്യേകം കൈയടിയും അദ്ദേഹം നേടിയിരുന്നു. പ്രവാസി ക്ഷേമത്തിലും വിദ്യാർഥികളുടെ ഉന്നമനത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തിയ അദ്ദേഹം ഒമാൻ ഭരണകൂടവുമായി മികച്ച സൗഹൃദം നിലനിർത്തി. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കിയ നയതന്ത്ര നായകനെന്ന നിലയിലാകും ജി.വി. ശ്രീനിവാസിന്റെ ഒമാനിലെ സേവനകാലം അടയാളപ്പെടുത്തപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

