സലാല: ഗൾഫിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗൾഫ്ടെക് ഗ്രൂപ് നിർമാണ മേഖലയിൽ ചുവടുറപ്പിക്കുന്നു. സലാല ഫ്രീസോണിൽ ഫുഡ് പാക്കേജിങ് ഐറ്റംസ്, പ്ലാസ്റ്റിക് ഐറ്റംസ്, പി.പി.ആർ പൈപ്സ് ആൻഡ് ഫിറ്റിങ്സ് എന്നിവയുടെ പുതിയ യൂനിറ്റുകൾ കമ്പനി ആരംഭിക്കുമെന്ന് ഗ്രൂപ് ചെയർമാൻ പി.കെ. അബ്ദുറസാഖ് പറഞ്ഞു. സലാല ഫ്രീ സോൺ ആസ്ഥാനത്ത് ബുധനാഴ്ച നടന്ന ചടങ്ങിൽ ഫ്രീ സോൺ സി.ഇ.ഒ എൻജിനീയർ അവാദ് സാലിം അൽ ഷൻഫരിയുമായി കമ്പനി ധാരണപ്പത്രം ഒപ്പുവെച്ചു.
നിർമാണ യൂനിറ്റുകളുടെ ഒന്നാംഘട്ടം അടുത്ത വർഷം തുടക്കത്തിലും രണ്ടാംഘട്ടം അടുത്ത വർഷം അവസാനത്തിലും പ്രവർത്തനമാരംഭിക്കും. ജി.സി.സി, ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയാണ് കമ്പനി പ്രധാനമായും ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൈപ്സ് ആൻഡ്ഫിറ്റിങ്സ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമാണ യൂനിറ്റുകൾ നിലവിൽ ഗ്രൂപ്പിന് കീഴിലുണ്ട്. ഫ്രീ സോൺ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗൾഫ് ടെക് ഗ്രൂപ് സി.ഇ.ഒ. പി.കെ. അബ്ദുറഊഫ്, ജനറൽ മാനേജർ കെ. മുഹമ്മദ് സാദിഖ് എന്നിവർ സംബന്ധിച്ചു.