Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോ പോയൻറ്​: ഒമാനിൽ...

ലോ പോയൻറ്​: ഒമാനിൽ ഓവർടൈം ജോലിയുടെ ആനുകൂല്യങ്ങളും അവകാശങ്ങളും മനസിലാക്കാം

text_fields
bookmark_border
ലോ പോയൻറ്​: ഒമാനിൽ ഓവർടൈം ജോലിയുടെ ആനുകൂല്യങ്ങളും അവകാശങ്ങളും മനസിലാക്കാം
cancel
ഞാൻ മസ്കത്തിൽ ഒരു കമ്പനിയിൽ ഇൻറീരിയർ ഡിസൈൻ സെക്ഷനിൽ ജോലി നോക്കി വരികയാണ്. നാട്ടിൽ നല്ല ശമ്പളത്തിൽ ജോലി ചെയ്തു വന്നതാണ്. എന്നാൽ എന്റെ സഹോദരിയുടെ വിവാഹ സംബന്ധമായി കുടുംബമായി താമസിക്കുന്ന വീട് ബാങ്ക് ലോണിൽ ആവുകയും അതി​െൻറ ബാധ്യത തീർക്കാൻ നാട്ടിലെ ശമ്പളം മതിയാകാതെ വരികയും ചെയ്ത ഒരു സാഹചര്യത്തിലാണ് സുഹൃത്ത് നൽകിയ വിസയിൽ ഞാൻ നാട്ടിൽ നിന്നും പോന്നത്. ആകർഷകമായ ശമ്പളവും ഓവർ ടൈം അടക്കം മറ്റു ആനുകൂല്യങ്ങളും കണ്ടാണ് ഞാൻ ജോലിയിൽ പ്രവേശിച്ചത്. ശമ്പളവും മറ്റു ആനുകൂല്യങ്ങളും കാണിച്ചുള്ള ഓഫർ ലെറ്ററും നൽകിയിരുന്നു . എന്നാൽ ജോലിക്ക് ചേർന്നപ്പോൾ ഓഫർ ലെറ്ററിൽ പറയുന്ന തൊഴിലായിരുന്നില്ല. ഒാഫർ ലെറ്ററിൽ പറഞ്ഞ പ്രകാരമുള്ള ആനുകൂല്യങ്ങളോ, അവകാശങ്ങളൊ ലഭിക്കാതിരുന്നതിനെ തുടർന്ന്​ ബന്ധപ്പെട്ട മാനേജറോട്​ പരാതിപ്പെ​െട്ടങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. എനിക്ക് ഇപ്പോൾ വെള്ളിയാഴ്ച അടക്കം ആറ്​ ദിവസം ജോലി ചെയ്യേണ്ടുന്ന അവസ്ഥയാണ്. അര മണിക്കൂർ പോലും തികച്ചു വിശ്രമം അനുവദിക്കാറുമില്ല. ഇത്തരത്തിൽ നിരന്തരമായ ജോലി എ​െൻറ ആരോഗ്യത്തെ തകർത്തിരിക്കുകയാണ്. എനിക്ക് നിയമപരമായി എന്ത് ചെയ്യുവാൻ കഴിയും.
സുഭാഷ് ബാബു വലിയ പീടികയിൽ , ഇബ്ര

ഒമാൻ തൊഴിൽ നിയമം (റോയൽ ഡിക്രി 35/ 2003) അധ്യായം മൂന്നിൽ അവധി ദിനങ്ങൾ, ആനുകൂല്യങ്ങൾ, പ്രവൃത്തി സമയം എന്നിവ കൃത്യമായി വിവരിക്കുന്നുണ്ട്. തൊഴിൽ നിയമത്തിലെ 68ാം വകുപ്പിൽ വരുത്തിയ ഭേദഗതിപ്രകാരം ഒരാഴ്ചയിലെ സാധാരണ പ്രവൃത്തി ദിവസങ്ങൾ അഞ്ച്​ ആയി നിജപ്പെടുത്തപ്പെട്ടിട്ടുണ്ട്​. ഒരു ദിവസത്തിലെ സാധാരണ പ്രവൃത്തി സമയം ഒമ്പത്​ മണിക്കൂറായാണ്​ നിജപ്പെടുത്തിയിട്ടുള്ളത്​. ഇത്​ പ്രകാരം ഒരാഴ്ചയിലെ പരമാവധി തൊഴിൽ മണിക്കൂർ 45 ആണ്​. റമദാൻ മാസത്തിൽ ഒരു മുസ്​ലിം തൊഴിലാളിയുടെ ഒരു ദിവസത്തെ പരമാവധി തൊഴിൽ സമയം ആറ്​ മണിക്കൂറും ആഴ്ചയിൽ 30 മണിക്കൂർ എന്ന രീതിയിലുമായിരിക്കുമെന്നും നിയമത്തിൽ പറയുന്നു. ബന്ധപ്പെട്ട മന്ത്രാലയം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുന്നതാണ്. ജോലി സമയം ആഹാരം കഴിക്കുന്നതിനും, വിശ്രമിക്കുന്നതിനുമുള്ള സൗകര്യാർത്ഥം ഒന്നോ അതിലധികമോ ഇടവേളകളാക്കി തിരിച്ചിട്ടുണ്ട്​. ആഹാരം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സമയം മൊത്തത്തിൽ അര മണിക്കൂറിൽ കുറയാനും പാടുള്ളതല്ല. ഒരു തൊഴിലാളിയുടെ തുടർച്ചയായ പ്രവൃത്തി സമയം ആറ് മണിക്കൂറിൽ കൂടരുതെന്നും നിയമത്തിൽ വിവക്ഷിക്കുന്നു.

ആർട്ടിക്കിൽ 68 ൽ പറഞ്ഞിരിക്കുന്ന സാധാരണ പ്രവൃത്തി സമയത്തേക്കാൾ തൊഴിലാളി അധികമായി ജോലി ചെയ്യേണ്ടി വരികയാണെങ്കിൽ അത്തരത്തിൽ അധികമായി ചെയ്യുന്ന ജോലിയെ ' ഓവർടൈം ' ആയി കണക്കാക്കണം. ഒാവർടൈമിന്​ അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായി കണക്കാക്കി വേതനം നൽകുന്നതിനോടൊപ്പം ഓവർടൈം ജോലി പകൽ സമയത്താണെങ്കിൽ കുറഞ്ഞത് 25 ശതമാനവും രാത്രി സമയത്താണെങ്കിൽ 50 ശതമാനവും അധിക വേതനമായി നൽകുകയോ, ഓവർടൈം ജോലി ചെയ്ത സമയം കണക്കാക്കി അത്ര തന്നെ സമയം ജോലിയിൽ നിന്നും വിട്ടു നിൽക്കുന്നതിന്​ അനുവാദം നൽകുകയോ ചെയ്യണം. ഓവർടൈം സംബന്ധിച്ചും ആതി​െൻറ പ്രതിഫലത്തെ സംബന്ധിച്ചും തൊഴിലാളിയിൽ നിന്നുള്ള രേഖാമൂലമുള്ള അനുവാദം ആവശ്യമാണ്. ഒരു ദിവസത്തെ സാധാരണ തൊഴിൽ സമയവും ഓവർടൈമും ചേർന്നുള്ള മൊത്തം ജോലി സമയം 12 മണിക്കൂറിൽ കൂടുതലാകരുതെന്നും നിയമത്തിൽ വ്യക്​തമാക്കുന്നുണ്ട്​. തുടർച്ചയായ അഞ്ചു ദിവസത്തെ ജോലിക്ക്​ ശേഷം തൊഴിലുടമ വിശ്രമത്തിനായി തുടർച്ചയായ രണ്ടു അവധി ദിനങ്ങൾ കൃത്യമായും നൽകിയിരിക്കണം. ബന്ധപ്പെട്ട മന്ത്രാലയത്തി​െൻറ തീരുമാനപ്രകാരം നിശ്ചയിക്കപ്പെട്ടയിടങ്ങളിൽ തൊഴിലാളിയുടെയും തൊഴിലുടമയുടെയും പരസ്പര സമ്മത പ്രകാരം വാരാന്ത്യ അവധി ദിനങ്ങൾ എട്ടു ആഴ്ചയിൽ അധികരിക്കാത്ത കാലയളവിലേക്ക്​ മാറ്റി ക്രമീകരിക്കുകയും ചെയ്യാവുന്നതാണ്​. ഏതു രീതിയിൽ ക്രമീകരിച്ചിരുന്നാലും വാരാന്ത്യ അവധി ദിനങ്ങൾ വേതനത്തോട് കൂടിയുള്ളതായിരിക്കുന്നതാണ്.

തൊഴിൽ നിയമം ആർട്ടിക്കിൾ 72 ( 1 ) ൽ പറയുന്ന തൊഴിൽ സ്ഥാപനത്തി​െൻറ വാർഷിക കണക്കെടുപ്പ്, ബാലൻസ് ഷീറ്റ് തയാറാക്കൽ, ലിക്വിഡേഷൻ, അക്കൗണ്ട് ക്ലോസിങ് ടൈമിലുള്ള ജോലി , ഡിസ്കൗണ്ട് നൽകി വിൽപ്പനക്ക് തയ്യാറെടുക്കുമ്പോൾ എന്നിങ്ങനെയുള്ള ഒരു തൊഴിലാളി ഓവർടൈം ജോലി ചെയ്യേണ്ടി വരുന്ന സന്ദർഭങ്ങൾ ബന്ധപ്പെട്ട ഡയറക്ടറേറ്റി​െൻറ അനുവാദത്തോടെ വർഷത്തിൽ 15 ദിവസത്തിൽ കൂടുതലാകരുതെന്നും നിയമത്തിൽ പറയുന്നു.

ആർട്ടിക്കിൾ 72 (2)- ഒരു അപകടാവസ്ഥയെ തരണം ചെയ്യാൻ വേണ്ടി ഉള്ളതോ, നശിച്ചു പോകാവുന്ന തരം സാധനങ്ങളുടെ നാശം നിമിത്തമുള്ള നഷ്​ടം ഒഴിവാക്കുന്നതിനോ ഉള്ള ജോലി.

ആർട്ടിക്കിൾ 72 ( 3)- അനിതരസാധാരണമായ ഒരു സമ്മർദ്ദത്തെ നേരിടേണ്ടി വരുന്നതായ സാഹചര്യത്തിലുള്ള തൊഴിൽ

(ആർട്ടിക്കിൾ 72 (2 ), (3 ) ലും പറഞ്ഞിട്ടുള്ള കാര്യങ്ങൾ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട മന്ത്രാലയം നൽകുന്ന വിജ്ഞാപന പ്രകാരം പൂർത്തീകരിക്കേണ്ടതാണ്​)

ആർട്ടിക്കിൾ 72 (4 ) -ഉത്സവ കാലങ്ങളിലും, സീസണുകളിലും മറ്റു അവസരങ്ങളിലുമുള്ള ജോലികൾ (ബന്ധപ്പെട്ട മന്ത്രാലയത്തി​െൻറ തീരുമാനപ്രകാരം.)

മുകളിൽ പറഞ്ഞിട്ടുള്ള ആർട്ടിക്കിൾ 72 ൽ ഉൾപ്പെടുന്ന കാര്യങ്ങൾക്ക്​ അടിസ്ഥാന വേതനത്തിന് തുല്യമായ തുക ഓവർടൈം ചെയ്യുന്ന മണിക്കൂറുകൾ കണക്കാക്കി നൽകുന്നതിനൊപ്പം പകൽ സമയത്തുള്ള ഓവർടൈം ജോലിക്ക്​ 25 ശതമാനവും രാത്രിയിലുള്ളതിന്​ 50 ശതമാനവും അധിക വേതനമായി നൽകേണ്ടതാണ്. തൊഴിലാളിയുടെ സമ്മത പ്രകാരം ഇത്തരത്തിലുള്ള അധിക സമയ തൊഴിൽ ചെയ്യേണ്ടി വരുന്നത് വാരാന്ത്യ അവധി ദിനങ്ങളിലോ, പൊതു അവധി ദിനങ്ങളിലോ ആണെങ്കിൽ തത്തുല്ല്യമായ മറ്റു അവധി ദിനങ്ങൾ നൽകിയിട്ടില്ലെങ്കിൽ തൊഴിൽ സമയം കണക്കാക്കി ഇരട്ടി വേതനത്തിന് അർഹത ഉണ്ടായിരിക്കുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamam
News Summary - gulf madhyamam oman law point
Next Story