ഗൾഫ് മാധ്യമം ഇന്നവേറ്റിവ് ബിസിനസ് അവാർഡ് നൗഷാദ് റഹ്മാന് സമ്മാനിച്ചു
text_fieldsഗൾഫ് മാധ്യമം ഇന്നവേറ്റിവ് ബിസിനസ് അവാർഡ് പ്രീമിയം ഗ്ലോബൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ നൗഷാദ് റഹ്മാനും ഭാര്യ ജിഷ റഹ്മാനും ചേർന്ന് ഒ.സി.സി.ഐ ചെയർമാൻ അബ്ദുല്ല അൽ റവാസിൽനിന്ന് ഏറ്റുവാങ്ങുന്നു
മസ്കത്ത്: ഗൾഫ് മാധ്യമം ഇന്നവേറ്റിവ് ബിസിനസ് അവാർഡ് പ്രീമിയം ഗ്ലോബൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ നൗഷാദ് റഹ്മാന് ഹാർമോണിയസ് കേരളയുടെ വേദിയിൽ സമ്മാനിച്ചു. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ഇൻഡസ്ട്രി ബോർഡ് ഓഫ് ഡയറക്ടേഴ്സ്(ഒ.സി.സി.ഐ) ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസിൽനിന്ന് നൗഷാദ് റഹ്മാനും ഭാര്യ ജിഷ റഹ്മാനും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഉപയോഗിച്ച എൻജിൻ ഓയിലും അതുപോലെ തന്നെ ഭക്ഷ്യ എണ്ണയും സുഹാറിലെ പ്ലാന്റിൽനിന്ന് പുനരുപയോഗിക്കാൻ കഴിയുന്ന ഉൽപന്നങ്ങളാക്കി മാറ്റി യൂറോപ്പിലേക്കുവരെ കയറ്റി അയക്കുന്നുണ്ട് പി.ജി.എസ് ഗ്രൂപ്. 2007ൽ തുടങ്ങിയ പ്രവർത്തനം 15 വർഷം പിന്നിടുമ്പോൾ ഒമാൻ, യു.എ.ഇ, ഖത്തർ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ 11 കമ്പനികളുമായി ജൈത്രയാത്ര തുടരുകയാണ്. ഉടൻ സൗദിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. റിയാദിൽ 2025ൽ കമീഷൻ ചെയ്യുന്ന ഓയിൽ റീസൈക്ലിങ് പ്ലാന്റിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ജനുവരിയിൽ തുടക്കമാകും.
1998ൽ സൗദി അരാംകോയിൽ ലോജിസ്റ്റിക്സ് എക്സിക്യൂട്ടിവ് ആയിട്ടാണ് നൗഷാദ് റഹ്മാന്റെ പ്രവാസജീവിതം തുടങ്ങുന്നത്. 2000ത്തിൽ ഒമാനിലെത്തി. ഒമാൻ എയറിൽ കാർഗോ സൂപ്പർവൈസർ ആയിരുന്നു ഏഴു കൊല്ലം. അതിനിടെ അമേരിക്കൻ കമ്പനിയായ എയർ ടൈഗർ എക്സ്പ്രസിൽ മാനേജറായും ജോലിചെയ്തു. ലോജിസ്റ്റിക്സ് മേഖലയിലെ പത്തുവർഷത്തെ പ്രവൃത്തിപരിചയം കൈമുതലാക്കി 2007ലാണ് എം.ഐ.എസ് (മസ്കത്ത് ഇന്റർനാഷനൽ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ്) തുടങ്ങുന്നത്.
2012ലാണ് ഉപയോഗിച്ച എണ്ണ പുനരുപയോഗ യോഗ്യമാക്കുന്ന മേഖലയിലെ പ്രമുഖ സ്ഥാപനമായ പി.ജി.എസിന് (പ്രീമിയം ഗ്ലോബൽ ഗ്രൂപ്) തുടക്കമിടുന്നത്. പി.ജി.എസ് ഗ്രൂപ്പിന്റെ എല്ലാ വിജയങ്ങൾക്കുപിന്നിലും ശക്തികേന്ദ്രമായി പ്രവർത്തിച്ച്, ഏതൊരു പുരുഷന്റെയും വിജയത്തിനുപിന്നിൽ സ്ത്രീയുണ്ടാകുമെന്ന പഴമൊഴിയെ യാഥാർഥ്യമാക്കുകയാണ് നൗഷാദിന്റെ ഭാര്യ ജിഷ റഹ്മാൻ. യു.കെയിൽ വിദ്യാർഥിയായ ഫിദ നൗഷാദ്, മസ്കത്ത് ബ്രിട്ടീഷ് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന ഫിസാൻ നൗഷാദ് എന്നിവരാണ് മക്കൾ. കൊല്ലം പത്തനാപുരം സ്വദേശിയായ നൗഷാദ് 15 വർഷമായി എറണാകുളം വാഴക്കാലയിലാണ് താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

