ഗൾഫ് കപ്പടിക്കാൻ ഒമാൻ
text_fieldsമസ്കത്ത്: 23ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ കിരീടം ചൂടാൻ ഒമാൻ ടീം വെള്ളിയാഴ്ച കളത്തിലിറങ്ങുന്നു. വൈകീട്ട് അഞ്ചുമണിക്ക് ജാബിർ സ്റ്റേഡിയത്തിൽ യു.എ.ഇക്ക് എതിരെയാണ് ഫൈനൽ മത്സരം. ഡിസംബർ 22ന് ഉദ്ഘാടന മത്സരത്തിൽ കളിച്ച അതേ ടീമുകൾ കലാശക്കളിയിലും ഏറ്റുമുട്ടുന്നുവെന്ന കൗതുകമുണ്ട്. ഉദ്ഘാടന ദിവസം രണ്ടാമത്തെ കളിയിൽ ഒമാനെ യു.എ.ഇ ഒരുഗോളിന് തോൽപിച്ചിരുന്നു. ആ തോൽവിക്ക് മധുരമായി പ്രതികാരം ചെയ്യാനുറച്ചാണ് പീറ്റർ ടിം വെർബീകിെൻറ കീഴിൽ ഒമാൻ ടീമിെൻറ തയാറെടുപ്പ്.
ആദ്യ തോൽവിക്ക് ശേഷം മികച്ച പ്രകടനം കാഴ്ചവെച്ച ഒമാൻ കുവൈത്തിനെ ഒരു ഗോളിനും സൗദിയെ രണ്ടു ഗോളിനും തോൽപിച്ചാണ് സെമിയിലെത്തിയത്. സെമിഫൈനലിലെ ആവേശപ്പോരിൽ ബഹ്റൈനെ ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കി. ആദ്യ കളിയിലെ ഒരു ഗോളിന് ശേഷം ടൂർണമെൻറിൽ ഇതുവരെ ഒമാൻ ഗോൾപോസ്റ്റിെൻറ വലയനങ്ങിയിട്ടില്ല. അതേസമയം, പുതിയ കോച്ച് ആൽബർേട്ടാ സകറോണിയുടെ കീഴിൽ കളിക്കുന്ന ആദ്യ ടൂർണമെൻറ് തന്നെ അവിസ്മരണീയമാക്കാനുള്ള അവസരമാണ് യു.എ.ഇക്ക് കൈവന്നിരിക്കുന്നത്. കുവൈത്തിനെതിരെയും സൗദിക്കെതിരെയും ഗോൾരഹിത സമനില വഴങ്ങേണ്ടിവന്ന യു.എ.ഇക്ക് ഒമാനെതിരായ വിജയമാണ് ഗ്രൂപ് തലത്തിൽനിന്ന് മുന്നേറാൻ വഴിയൊരുക്കിയത്.
അന്നുനേടിയ ഒരു ഗോൾ മാത്രമാണ് യു.എ.ഇ ടൂർണമെൻറിൽ ഇതുവരെ കളിച്ച് നേടിയത്. രണ്ടു ഗോൾരഹിത സമനിലക്ക് ശേഷം സെമിയിലും നിശ്ചിത സമയവും അധിക സമയവും ഗോൾ നേടാനായില്ല. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇറാഖ്-യു.എ.ഇ സെമിഫൈനലിലെ വിജയികളെ നിശ്ചയിച്ചത്. എന്നാൽ, സെമിയിൽ കരുത്തരായ ഇറാഖിനെതിരെ മികച്ച കളിയാണ് യു.എ.ഇ കാഴ്ചവെച്ചത്. ഗോളടിക്കുന്നതിൽ മിടുക്ക് കാട്ടിയില്ലെങ്കിലും കരുത്തുറ്റ പ്രതിരോധമാണ് യു.എ.ഇക്ക് പ്രതീക്ഷ പകരുന്നത്. ഗോൾകീപ്പർ ഖാലിദ് ഇൗസയുടെ ഉജ്ജ്വല ഫോമും അവർക്ക് കരുത്താണ്.
ഒമാന് കൈയടിക്കാൻ 30,000 കാണികൾ
മസ്കത്ത്: വെള്ളിയാഴ്ച നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ ഒമാന് മൈതാനത്ത് പിന്തുണ നൽകാൻ 30,000ത്തിലധികം ആരാധകർ കുവൈത്ത് അൽ ജാബിർ സ്റ്റേഡിയത്തിലെത്തും. ഒമാനും യു.എ.ഇയും തമ്മിൽ നടക്കുന്ന മത്സരം വീക്ഷിക്കാൻ കാണികളെ കുവൈത്തിലെത്തിക്കാൻ വിമാനക്കമ്പനികൾ നിരവധി അധിക സർവിസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളും സംഘടനകളും കാണികൾക്കായി സൗജന്യ യാത്രയും വാഗ്ദാനം നൽകുന്നു. ടീമിനെ പ്രോത്സാഹിപ്പിക്കാൻ പരമാവധി ആളുകളെ മൈതാനത്തെത്തിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ടിക്കറ്റ് ലഭിക്കാൻ 4000ത്തിലധികം പേർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതായി കായിക മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യ കമ്പനികളുമായി സഹകരിച്ച് കായിക മന്ത്രാലയം കാണികൾക്ക് സൗജന്യ യാത്ര ഒരുക്കുന്നുണ്ട്. ഒമാൻ ടീമംഗങ്ങൾക്ക് ജനുവരി ആറിന് വൈകീട്ട് അഞ്ചിന് ബോഷറിലെ സുൽത്താൻ ഖാബൂസ് കായിക സമുച്ചയത്തിൽ ഒമാൻ ടീമംഗങ്ങൾ പ്രത്യേക സ്വീകരണമൊരുക്കുമെന്നും മന്ത്രാലയം പറഞ്ഞു. സീറ്റൊന്നിന് 16 റിയാൽ നിരക്കിൽ ഒമ്പതു വിമാന സർവിസുകൾ ഏർപ്പാട് ചെയ്യുമെന്ന് ഒമാൻടെൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഒരു സർവിസ് സലാലയിൽനിന്നായിരിക്കും. എയർപോർട്ട് ട്രാൻസ്ഫർ, പ്രഭാത ഭക്ഷണം, രണ്ടു ദിവസത്തെ താമസം എന്നിവ ഉൾപ്പെടെ കുവൈത്തിൽ ഒഴിവുദിന പാക്കേജും കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച കുവൈത്തിലേക്ക് മസ്കത്തിൽനിന്ന് ആറു സർവിസും സലാല, സൊഹാർ എന്നിവിടങ്ങളിൽനിന്ന് ഒാരോ സർവിസ് വീതവും നടത്തുമെന്ന് സലാം എയർ അറിയിച്ചിട്ടുണ്ട്. ഒമാൻ എയറുമായി ചേർന്ന് കാണികളെ സൗജന്യനിരക്കിൽ കുൈവത്തിലെത്തിക്കുമെന്ന് ഒമാൻ ഒായിലും പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി 15 വരെ കാർ അലങ്കരിക്കാം
മസ്കത്ത്: ഒമാൻ ടീം ആരാധകർക്ക് ജനുവരി 15 വരെ കാറുകൾ അലങ്കരിക്കാൻ അനുമതി. ജനുവരി നാലു മുതൽ 15 വരെ ഒമാൻ ടീമിെൻറ വിജയം ആഘോഷിച്ച് കാറുകൾ അലങ്കരിക്കാൻ അനുമതിയുള്ളതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) വ്യക്തമാക്കി. വാഹനങ്ങൾ അലങ്കരിക്കുന്നവർ നിർദേശങ്ങൾ പാലിക്കണമെന്നും നിയമലംഘനം നടത്തരുതെന്നും അധികൃതർ അറിയിച്ചു. അലങ്കരിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ സുരക്ഷിതത്വത്തിന് ഭീഷണിയുള്ളവ ആയിരിക്കരുത്. വാഹനത്തിെൻറ മുൻ ഗ്ലാസ്, വശങ്ങളിലെ ഗ്ലാസുകൾ, നമ്പർ പ്ലേറ്റ് എന്നിവയിൽ സ്റ്റിക്കറുകൾ ഒട്ടിക്കരുത്. പിന്നിലെ ഗ്ലാസിൽ സ്റ്റിക്കർ ഒട്ടിക്കാമെങ്കിലും ഡ്രൈവറുടെ കാഴ്ചക്ക് തടസ്സമില്ലാത്ത വിധം ആയിരിക്കണം.
ഉറപ്പിക്കാത്ത തുണിയും മറ്റും ഒഴിവാക്കണമെന്നും എൻജിൻ മൂടരുതെന്നും അധികൃതർ നിർദേശിച്ചു. മാന്യമല്ലാത്ത വാചകങ്ങൾ എഴുതി പ്രദർശിപ്പിക്കാനും പാടില്ല. വാഹനത്തിെൻറ രൂപമോ നിറമോ മാറ്റാൻ പാടില്ല. പരുക്കൻ സാമഗ്രികളും അലങ്കാരത്തിന് ഉപയോഗിക്കാൻ അനുവദിക്കില്ല. ഗതാഗത സുരക്ഷക്ക് അനുയോജ്യമല്ലാത്ത പോസ്റ്ററുകളും വിലക്കി. വാഹനത്തിൽ ഒട്ടിക്കുന്ന പോസ്റ്ററുകളും സ്റ്റിക്കറുകളും ഗൾഫ് കപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ടതായിരിക്കണമെന്നും നിർദേശമുണ്ട്.
2009 ആവർത്തിക്കാൻ ഒമാൻ
മസ്കത്ത്: രണ്ടാം ഗൾഫ് കപ്പ് കിരീടം തേടിയാണ് ഒമാൻ വെള്ളിയാഴ്ച ബൂട്ടുകെട്ടുന്നത്. 2009ലാണ് ചെങ്കുപ്പായക്കാർ ഇതിന് മുമ്പ് ജേതാക്കളായത്. സൗദി അറേബ്യയെ ഷൂട്ടൗട്ടിൽ 6-5ന് പരാജയപ്പെടുത്തിയായിരുന്നു കിരീടധാരണം. 2004, 2007 വർഷങ്ങളിൽ ടീം റണ്ണേഴ്സ് അപ്പായി. 2004ൽ ഖത്തറും 2007ൽ യു.എ.ഇയുമാണ് ഒമാനെ തോൽപിച്ച് ജേതാക്കളായത്. 1990, 1998, 2003, 2014 വർഷങ്ങളിൽ ഒമാന് നാലാം സ്ഥാനം ലഭിച്ചു. 2002ൽ അഞ്ചു ഗോളുമായി ഒമാെൻറ ഹാനി അൽ ദാബീതും 2004ൽ നാലു ഗോളുമായി അമദ് അൽ ഹുസ്നിയും സുവർണ പാദുകത്തിന് അർഹമായിട്ടുണ്ട്.
മൂന്നാം കിരീടം തേടി യു.എ.ഇ
മസ്കത്ത്: മൂന്നാം കിരീടത്തിലേക്കാണ് യു.എ.ഇ ഉന്നംവെക്കുന്നത്. 2007, 2013 വർഷങ്ങളിൽ അവർ ജേതാക്കളായിട്ടുണ്ട്. 2007ൽ ഒമാനെയും (1-0) 2013ൽ ഇറാഖിനെയുമാണ് (2-1) യു.എ.ഇ ഫൈനലിൽ തോൽപിച്ചത്. 1986, 88, 94 വർഷങ്ങളിൽ രണ്ടാം സ്ഥാനക്കാരാവാനും ടീമിന് കഴിഞ്ഞു. ആറ് തവണ മൂന്നാം സ്ഥാനവും മൂന്നുതവണ നാലാം സ്ഥാനവും നേടാൻ കഴിഞ്ഞതാണ് പിന്നീടുള്ള നേട്ടം. സലീം ഖലീഫ, ഫഹദ് കമീസ്, സുഹൈർ ബുകീത്, ഇസ്മായിൽ മതർ, അഹ്മദ് ഖലീൽ, അലി മബ്കൂത് എന്നീ യു.എ.ഇ താരങ്ങൾ സുവർണപാദുകം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
