ഗൾഫ് കപ്പ്: ഒമാന് മൂന്ന് ഗോൾ തോൽവി
text_fieldsമസ്കത്ത്/ ജിദ്ദ: ഇരുപത്തിയേഴാമത് അറേബ്യൻ ഗൾഫ് കപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ ഒമാന് വമ്പൻ തോൽവി. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ആതിഥേയരായ സൗദി അറേബ്യ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ഒമാനെ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് എയിൽ ആറ് പോയിന്റുമായി സൗദി അറേബ്യ അടുത്ത റൗണ്ടിലേക്ക് യോഗ്യത ഉറപ്പാക്കി. മറ്റൊരു മത്സരത്തിൽ കുവൈത്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച ഇറാഖ് നാല് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുണ്ട്. ഒരു പോയിന്റുള്ള ഒമാൻ മൂന്നാം സ്ഥാനത്തും പോയിന്റൊന്നുമില്ലാത്ത കുവൈത്ത് നാലാം സ്ഥാനത്തുമാണ്.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആധിപത്യം പുലർത്തിയ സൗദി പത്താം മിനിറ്റിൽ മുന്നിലെത്തി. ഒമാൻ താരം ഘാനിം അൽ ഹബ്ഷിയുടെ ഫൗളിന് ലഭിച്ച ഡയറക്ട് ഫ്രീ കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഫിറാസ് അൽ ബുറൈകാനാണ് സൗദിയുടെ അക്കൗണ്ട് തുറന്നത്. പതിനാലാം മിനിറ്റിൽ സൗദിക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചെങ്കിലും വാർ പരിശോധനയിൽ റദ്ദാക്കി.
എന്നാൽ ഇരുപതാം മിനിറ്റിൽ കോർണർ കിക്ക് ഹെഡറിലൂടെ വലയിലാക്കി ഹസ്സൻ കദാഷ് സൗദിയുടെ ലീഡ് ഉയർത്തി. മുപ്പത്തിമൂന്നാം മിനിറ്റിൽ ഫിറാസ് അൽ ബുറൈകാൻ തന്റെ രണ്ടാം ഗോളും നേടി സൗദിയെ 3-0 ന് മുന്നിലെത്തിച്ചു. മുപ്പത്തിയഞ്ചാം മിനിറ്റിൽ ഒമാന്റെ നാസർ അൽ റവാഹി സൗദി വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിസിൽ മുഴക്കി. ഒമാൻ ഗോൾകീപ്പർ ഇബ്രാഹിം അൽ മുഖൈനിയുടെ മികച്ച സേവുകളാണ് സൗദിയുടെ ഗോൾ മാർജിൻ ഉയരാതെ തടഞ്ഞത്.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഒമാൻ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും സൗദി പ്രതിരോധം മറികടക്കാനായില്ല. 76-ആം മിനിറ്റിൽ നാസർ അൽ റവാഹിക്ക് ലഭിച്ച സുവർണാവസരം ഗോളാക്കാനുമായില്ല. ഒമാൻ പരിശീലകൻ താരിഖ് സെക്തിയോയി മൂന്ന് പകരക്കാരെ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

