ഗൾഫ് കപ്പ് ഫുട്ബാൾ: കുവൈത്തിനെതിരെ ഒമാന് ജയം
text_fieldsമസ്കത്ത്: ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ ആതിഥേയരായ കുവൈത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഒമാൻ തോൽപിച്ചു. തിങ്കളാഴ്ച രാത്രി ജാബിർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമാൻ ക്യാപ്റ്റൻ അഹ്മദ് അൽ മുഹാജിരിയാണ് 58ാം മിനിറ്റിൽ ഗോൾ നേടിയത്. ഒന്നാം പകുതിയിൽ ആദ്യ 20 മിനിറ്റ് ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും പിന്നീട് തണുത്തു. ആദ്യപകുതിയുടെ അവസാനം ലഭിച്ച സുവർണാവസരം നഷ്ടപ്പെടുത്തിയതിന് കുവൈത്ത് വൻ വില കൊടുക്കേണ്ടിവന്നു.
ഗോൾ നേടിയശേഷം ഒമാൻ പ്രതിരോധത്തിലൂന്നി കളിച്ചത് മത്സരം വിരസമാക്കി. വെള്ളിയാഴ്ച ഉദ്ഘാടന മത്സരത്തിൽ സൗദിയോട് കുവൈത്ത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റതിനാൽ കുവൈത്ത് സെമി കാണാതെ പുറത്തായി. നേരത്തേ യു.എ.ഇയോട് ഒരുഗോളിന് തോറ്റിരുന്നെങ്കിലും നിർണായകമായ രണ്ടാം മത്സരത്തിൽ ജയം നേടി ഒമാൻ സെമി പ്രതീക്ഷ നിലനിർത്തി. ഇതോടെ, എ ഗ്രൂപ്പിൽ വ്യാഴാഴ്ച നടക്കുന്ന ഒമാൻ-സൗദി മത്സരം നിർണായകമായി. ഇതിലെ വിജയികൾക്ക് നേരിട്ട് സെമി പ്രവേശനം ലഭിക്കും. തോൽക്കുന്നവർക്ക് അന്നുതന്നെ നടക്കുന്ന യു.എ.ഇ കുവൈത്ത് മത്സരഫലത്തെ കൂടി ആശ്രയിച്ച് നേരിയ സാധ്യതയുണ്ട്. കുവൈത്തിനെ തോൽപിച്ചാൽ യു.എ.ഇക്കും നിഷ്പ്രയാസം സെമിയിൽ കടക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
