മനം നിറഞ്ഞ് ആരാധകർ; ആഹ്ലാദം അണപൊട്ടി
text_fieldsഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ ഫാൻസ് സോണിൽ ഒമാന്റെ വിജയം ആഘോഷിക്കുന്ന ആരാധകർ
മസ്കത്ത്: ഒമാന്റെ അഞ്ചാം ഗൾഫ് കപ്പ് സെമിഫൈനൽ വിജയം ആരാധകരെ ആവേശത്തിലാഴ്ത്തി. കൂട്ടത്തോടെ വാഹനങ്ങളുമായി റോഡിലിറങ്ങി ഹോൺ മുഴക്കിയും ദേശീയ പതാകകൾ വീശിയും നൃത്തം ചെയ്തുമാണ് വിജയം ആഘോഷിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിക്കും പലയിടത്തും റോഡിൽ വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ ഫാൻ സോണിൽ നൂറുകണക്കിന് ആളുകളാണ് കളി കാണാൻ എത്തിയത്.
ലോകകപ്പിൽ ഇഷ്ട ടീമുകൾക്കായി ആർപ്പുവിളിച്ചവർക്ക് സ്വന്തം രാജ്യത്തിന്റെ അഭിമാനകരമായ വിജയത്തിൽ ആഹ്ലാദിക്കാൻ കിട്ടിയ അവസരം ശരിക്കും വിനിയോഗിച്ചു. കരുത്തരായ ബഹ്റൈനെ നേരിടാൻ ഇറങ്ങുമ്പോൾ ഒമാൻ ആരാധകർക്ക് ആശങ്കയുണ്ടായിരുന്നു. ബഹ്റൈൻ നിലവിലെ ചാമ്പ്യന്മാർ എന്നതിലുപരി ടൂർണമെന്റിലെ ഏറ്റവും കരുത്തരായ ടീമുകളിൽ ഒന്നുകൂടിയാണ്. കളിയുടെ 83ാം മിനിറ്റിൽ ഗോൾ വീണതോടെ ആരാധകർ വലിയ സ്ക്രീനിനു മുന്നിൽ കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിന് ജയ് വിളിച്ചാണ് ആഹ്ലാദം പ്രകടിപ്പിച്ചത്.
മത്സരത്തിൽ റഫറിയുടെ തീരുമാനങ്ങൾ ഒമാന് എതിരായിരുന്നെന്നും അർഹിച്ച രണ്ടു പെനാൽറ്റികൾ ഒമാന് നൽകിയില്ലെന്നും ആരാധകർ രോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ ഒമാൻ ഗൾഫ് കപ്പിൽ ജേതാക്കളായപ്പോൾ സെമിഫൈനലിൽ തോൽപിച്ചത് ബഹ്റൈനെ ആയിരുന്നു. വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ ഇറാഖിനെയും തോൽപിച്ചു മൂന്നാം വട്ടവും ഗൾഫ് കപ്പിൽ മുത്തമിടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

