ഗൾഫ് സംഘർഷം: പ്രവാസികളും ഇന്ത്യയും കാത്തിരിക്കുന്ന പ്രതിസന്ധികൾ
text_fieldsഅഡ്വ. ആർ മധുസൂദനൻ
വളരെ നിർഭാഗ്യകരായ സംഭവങ്ങളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി ലോകത്ത്, പ്രത്യേകിച്ച് പശ്ചിമേഷ്യയിൽ അരങ്ങേറുന്നത്. അനുരഞ്ജന ചർച്ചകൾ നടക്കുന്നുണ്ടായിരുന്നെങ്കിലും ഇങ്ങനെ ഒരു സാഹചര്യം ലോകം ഒരു പക്ഷെ പ്രതീക്ഷിച്ചിരുന്നു എന്ന് വേണം കരുതാൻ. ന്യായ അന്യായങ്ങൾ എന്തുതന്നെ ആണെങ്കിലും ഇത്തരം സംഭവങ്ങൾ മനുഷ്യരാശിക്കുണ്ടാക്കുന്ന അപരിഹാര്യമായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ചില്ലറയൊന്നുമല്ല. ഇന്ത്യയെ പ്രത്യേകിച്ചു കേരള പ്രവാസികളെ സംബന്ധിച്ചിടത്തോളം ദൂര വ്യാപകമായ ഫലങ്ങൾ ഉണ്ടാകുന്ന ഒന്നാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
അസംസ്കൃത എണ്ണയുടെ വില വർധന
ബാരലിന് 72 അമേരിക്കൻ ഡോളർ ആയിരുന്ന എണ്ണ വില 83 ഡോളറിലേക്കു കുതിച്ചു ചാടിയിരിക്കുകയാണ്. ഇന്ത്യ ആഭ്യന്തര ഉപയോഗത്തിന്റെ 85 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ് കഴിയുന്നത്. എണ്ണവില വർധനവിനൊപ്പം ഇന്ത്യൻ രൂപയുടെ വിലയിടിവും കൂടെ ചേരുമ്പോൾ വലിയ തുക ഇതിനു വേണ്ടി വരും. ഇത് ഇന്ത്യയുടെ വ്യാപാര കമ്മി കൂട്ടും. ഇന്ധന വിലയിൽ ഉണ്ടാകുന്ന വർധനവ് നാട്ടിൽ എല്ലാ മേഖലയിലും കടുത്ത വിലക്കയറ്റം ഉണ്ടാകും. ഇത് പ്രവാസികളുടെ നാട്ടിലെ കുടുബങ്ങൾ ഉൾപ്പടെ എല്ലാവരുടെയു ജീവിതം ദുസ്സഹമാക്കും എന്ന കാര്യത്തിൽ തർക്ക വേണ്ട.
ഇന്ത്യൻ രൂപയുടെ വിലയിടിവ്
ദേശീയവും ജി.സി.സി ഉൾപ്പെടയുള്ള അന്തർദേശീയവുമായ നിരവധി കാരണങ്ങൾ കൊണ്ട് ഇന്ത്യൻ രൂപയുടെ മൂല്യം കഴിഞ്ഞ കുറെ മാസങ്ങളായി ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. ഇത് രാജ്യത്തിന്റെ സമ്പദ്ഘടനക്കു നല്ലതല്ല. അസംസ്‌കൃത എണ്ണക്ക് പുറമെ ആഭ്യന്തര സുരക്ഷ ഉപകരണങ്ങളുടെ ഇറക്കുമതി, സ്വർണം, മറ്റു ഇലക്ട്രോണിക് ഉൽപന്നങ്ങൾ തുടങ്ങിയവക്ക് ധാരാളം വിദേശ നാണ്യം ചെലവഴിക്കുന്നുണ്ട്. രൂപയുടെ മൂല്യമിടിവ് പ്രവാസികൾക്ക് ആശ്വാസമാണെങ്കിലും സർക്കാറിനും വ്യകതികൾക്കും ഇത് അധിക ബാധ്യത ഉണ്ടാക്കുന്നു.
പ്രവാസികളുടെ വരുമാനം ആശങ്കയിൽ
നിലവിലെ യുദ്ധം നീണ്ടു പോയാൽ പ്രവാസികളുടെ ജോലി സ്ഥിരതയും വരുമാനത്തെയും പ്രതികൂലമായി ബാധിക്കാം. ഇത് കേരളം പോലുള്ള സംസ്ഥാനങ്ങളുടെ നിലനിൽപ്പിനെ കാര്യമായി ബാധിക്കാം. നിലവിലെ സാഹചര്യം തുടർന്നാൽ കുറെ പ്രവാസികൾ എങ്കിലും ജോലി മതിയാക്കി നാട്ടിലേക്കു മടങ്ങാനുള്ള സാധ്യതയും തള്ളി കളയാനാകില്ല.
വിമാനക്കമ്പനികളുടെ പകൽകൊള്ള
പതിവുപോലെ വിമാന കമ്പനികൾ അവസരം മുതലാക്കി പ്രവാസികളെ കൊള്ളയടിക്കുന്നു. നിലവിലെ നിരക്കിന്റെ മൂന്നും നാലും ഇരട്ടിയാണ് ഇപ്പോൾ ഈടാക്കുന്നത്. നിലവിലെ റൂട്ടുകളിൽ
സർവീസ് നടത്താതെ അടുത്ത വിമാനത്താവളങ്ങളിൽ നിന്നും ചാർട്ടേർഡ് ഫ്ലൈറ്റുകൾ ഓപറേറ്റ് ചെയ്യുന്നു. അധികൃതർ ഇത് കണ്ടില്ലെന്നു നടിക്കുന്നു. ഇത് പ്രവാസി സമൂഹത്തോടുള്ള അക്രമംതന്നെയാണ്.
ഭക്ഷ്യ ക്ഷാമവും പാരിസ്ഥിക പ്രശ്നങ്ങളും
സപ്ലൈ ചെയിൻ തടസ്സപ്പെടുന്നതു കാരണം മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ ഉൾപ്പെടെ കയറ്റുമതി എല്ലാ രാജ്യങ്ങളിലേക്കും കാര്യമായി ബാധിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അവശ്യ വസ്തുക്കളുടെ ലഭ്യതയെയും. ഇത് ഇന്ത്യയെപ്പോലുള്ള കയറ്റുമതി രാജ്യങ്ങളെയും ആവരുടെ ഉൽപന്നങ്ങളെയും വരുമാനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ് ഘടനക്കു വലിയ വെല്ലുവിളിയാണിത്. പ്രത്യേകിച്ചു അമേരിക്കൻ വ്യാപാര ചുങ്കത്തിൽ ഉഴലുന്ന ഇന്ത്യക്ക്. ബോബാക്രണങ്ങൾ കൊണ്ടുണ്ടാകുന്ന മലിനീകരണം രാസ വസ്തുക്കളുടെ സാന്നിധ്യം ഇവ ലോക രാജ്യങ്ങൾക്കെല്ലാം ഒരുപോലെ ഹാനികരമാണ്
വിനോദ സഞ്ചാര മേഖലയിലെ തിരിച്ചടി
വിമാന സർവീസുകളുടെ അനിശ്ചിതത്വം ടൂറിസം മേഖലക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിരിക്കുന്നത്. കേരളത്തിന്റെ നട്ടെല്ലാണ് ടൂറിസം വരുമാനം. കേരളത്തിലെ ഹോട്ടലുകളെയും മറ്റു അനുബന്ധ സർവീസുളെയും കാര്യമായി ഇതു ബാധിച്ചിട്ടുണ്ട്.
പൊറുതിമുട്ടി പ്രവാസികളും കുടുംബങ്ങളും
കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രവാസികളും അവരുടെ നാട്ടിലുള്ള കുടുംബങ്ങളും അനുഭവിക്കുന്ന മാനസിക സംഘർഷം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. ഒമാനൊഴികെയുള്ള മറ്റു ജിസിസി രാജ്യങ്ങളിലെ വ്യോമ ഗതാഗതം മിക്കവാറും തടസ്സപ്പെട്ടു കിടക്കുകയാണ്. വിവാഹം, ജോലി, മരണം, ആശുപത്രി കാര്യങ്ങൾ, നാട്ടിൽപോയവർ, അതിൽ തന്നെ വിസ കാലാവധി കഴിഞ്ഞവർ എന്നിങ്ങനെ പോകുന്നു പ്രശ്ങ്ങളുടെ ഒരു നീണ്ട നിര. ഇവരുടെ പരാതിക്കു ആര് പരിഹാരം കാണും? വിമാന കമ്പനികളുടെ പകൽക്കൊള്ള സാമ്പത്തിക പരിഹാരത്തിനും അപ്പുറം മേൽപ്പറഞ്ഞ സംഗതികൾക്കു എന്ത് പരിഹാരം നൽകാൻ കഴിയും? ആരോട് പറയും? ആരു കേൾക്കാൻ?
ഇതെഴുതുമ്പോഴും ഹുർമുസ് കടലിടുക്കിൽ ആയിരക്കണക്കിന് ചരക്കു കപ്പൽ തൊഴിലാളികളും ഇരുപതിനായിരത്തിൽ അധികം നാവികരും അകപ്പെട്ടിരിക്കയാണ്. അവരുടെയും അവരുടെ കുടംബങ്ങങ്ങളുടെയും കരച്ചിൽ ആരുകേൾക്കും?
ഒരു മറുവശ വിശകലനം
പശ്ചിമേഷ്യയിൽ ഇപ്പോൾ ഉണ്ടായിട്ടുളള്ള ഈ സംഭവ വികാസം അവിടങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും താസിക്കുന്ന ധാരാളം പേരെ ഭയചകിരാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് പ്രായമായവർ ഇവരൊക്കെ തന്നെ നാട്ടിലേക്കു കുടിയേറുന്നത് അതി വിദൂരമല്ല. നാട്ടിൽ ആളില്ലാതെ കിടക്കുന്ന വീടും കൃഷി സ്ഥലങ്ങലും ഉപയോഗിക്കാൻ തുടങ്ങും. കേരളത്തിലെ റിയൽ എസ്റ്റേറ്റ് ബിസിനസ് പച്ച പിടിക്കും എന്നാണ് എന്റെ അഭിപ്രായം. നാട്ടിലെ വീട് വിട്ടു വിദേശത്തേക്ക് കുടിയേറാൻ ശ്രമിക്കുന്നവർ ഒന്നുകൂടി ചിന്തിക്കും എന്ന കാര്യത്തിൽ തർക്കം വേണ്ട.
മറ്റൊന്ന് ഈ സംഘർഷഭരിത രാജ്യങ്ങളിൽ എല്ലാം തന്നെ അനവധി കെട്ടിടങ്ങളും, പാലം, മറ്റു ഇൻഫ്രാട്രക്ചർ എല്ലാം തന്നെ പുനർ നിർമിക്കണം. ഇതിനു ധാരാളം വിദഗ്ത തൊഴിലാളികളെ ആവശ്യമായി വരും. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ നിന്നും ധാരാളം വിദഗ്ദ്ധ തൊഴിലാളികളെ ഇത്തരം പുനർ നിർമാണ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കാം. അതുകൊണ്ടു ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ഠിക്കപ്പെടാനുള്ള സാധ്യതയും ഉണ്ട്. ചുരുക്കത്തിൽ ഇപ്പോൾ നടക്കുന്ന സംഘർഷം ദശ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം തകർക്കുകയും രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിയെ വർഷങ്ങളോളം പിന്നോട്ടടിക്കുകയും ചെയ്യുന്നു. വിനാശകരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നതു എന്നതുകൊണ്ട് തന്നെ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണം. മറ്റൊരു തലത്തിലേക്ക് എത്താൻ ഒരു കാരണവശാലും അനുവദിച്ചുകൂടാ.
(തുടരും )
(ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടീവ് അഡ്വൈസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

