വിനോദസഞ്ചാരത്തിന് വാതിൽ തുറന്ന് ഗ്രീൻ ലോഡ്ജുകൾ
text_fieldsദാഖിലിയ ഗവർണറേറ്റിലെ ഗ്രീൻ ലോഡ്ജുകൾ
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ഗ്രീൻ ലോഡ്ജുകളും ഗെസ്റ്റ് ഹൗസുകളും വിനോദസഞ്ചാര വ്യവസായത്തിന്റെ സാമ്പത്തിക വളർച്ചക്ക് സുപ്രധാന സംഭാവന നൽകുന്നു. വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം ഗവർണറേറ്റിലെ വിവിധ മേഖലകളിൽ മികച്ച നിക്ഷേപാവസരങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഈ വർഷത്തിന്റെ ആദ്യ പകുതിവരെ ദാഖിലിയയിൽ 17 പൈതൃക സത്രങ്ങളും 16 ഗ്രീൻ ലോഡ്ജുകളും 31 ഗെസ്റ്റ് ഹൗസുകളും ഉണ്ടെന്ന് ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഒമാനി ജീവിതശൈലിയുടെ വർത്തമാനവും ഭൂതവും പകർന്നുനൽകുന്നതാണ് ഇത്തരം പൈതൃക ലോഡ്ജുകളെന്ന് ദാഖിലിയയിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അലി ബിൻ സെയ്ഫ് അൽ ഷുകൈലി പറഞ്ഞു.
ഈ സൗകര്യങ്ങൾ ഗ്രാമീണ ഒമാന്റെ പാരമ്പര്യത്തെ ആധുനികതയുമായി കൂട്ടിയിണക്കുന്നുവെന്നും മറുവശത്ത്, അതിഥിമന്ദിരങ്ങൾ സമകാലിക ഒമാനി ജീവിതത്തിന്റെ കാഴ്ചകൾ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികൾക്കും മേൽനോട്ടം വഹിക്കുക, ചില വീടുകൾ ലോഡ്ജുകളായി ഉപയോഗിക്കുന്നതിന് പുനർനിർമിക്കുക എന്നിവയുൾപ്പെടെ പൈതൃക സത്രങ്ങൾ സംരക്ഷിക്കുന്നതിന് മന്ത്രാലയം സജീവമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അൽ ഹംറയിൽ, ഹരത് അൽ അഖറിലെ നിരവധി പൈതൃക സത്രങ്ങൾ പ്രാദേശിക സമൂഹവും ഒമാനി യുവാക്കളും നടത്തുന്നതാണ്. ഇത് തൊഴിലവസരങ്ങളും വരുമാന സ്രോതസ്സും നൽകുന്നുണ്ടെന്നും ഷുകൈലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

