ദോഫാർ കൂടുതൽ പച്ചപ്പണിയും; ഹരിത കാമ്പയിന് തുടക്കം
text_fieldsസലാല: ദോഫാർ ഗവർണറേറ്റിലെ മലയോര മേഖലകളിൽ ഹരിതാഭ വർധിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി 40 ലക്ഷം തദ്ദേശീയ വൃക്ഷത്തൈ വിത്തുകൾ നടാനുള്ള കാമ്പയിന് പരിസ്ഥിതി അതോറിറ്റി തുടക്കം കുറിച്ചു. മരുഭൂവൽകരണം തടയുക, ജൈവവൈവിധ്യം വർധിപ്പിക്കുക, സ്വാഭാവിക പരിസ്ഥിതിയുടെ പുനഃസ്ഥാപനം എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ജൂലൈ 30 വരെ നീളുന്ന ഈ പരിസ്ഥിതി കാമ്പയിൻ, ദോഫാർ മുനിസിപ്പാലിറ്റിയുടെയും ‘അവയർനസ്സ് ഇനിഷ്യേറ്റീവ്’ ടീമിന്റെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ മിർബാത്ത്, താഖ, സലാല, റഖ്യൂത്, ദൽഖൂത് എന്നീ വിലായത്തുകളിലാണ് വിത്ത് വിതരണം നടക്കുന്നത്.
തുടർച്ചയായ അഞ്ചാം വർഷമാണ് ഈ കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ദോഫാർ ഗവർണറേറ്റിലെ പരിസ്ഥിതി ഡയറക്ടറേറ്റ് ജനറൽ വെജിറ്റേഷൻ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഹാതിം ബിൻ സാലിം അൽ മഹ്‌രി പറഞ്ഞു. ഖരീഫ് സീസണിലെ സമൃദ്ധമായ മഴയും കോടമഞ്ഞും വിത്തുകൾ വേഗത്തിൽ മുളക്കുന്നതിനും വളരുന്നതിനും ഏറ്റവും അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നു. മണ്ണൊലിപ്പ് തടയാനും മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്താനും ഈ മരങ്ങൾ വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

