മസ്കത്തിന്റെ മുഖച്ഛായ മാറ്റാൻ ‘ഗ്രേറ്റർ മസ്കത്ത് പ്ലാൻ’
text_fieldsസീബിലെ സുൽത്താൻ ഖാബൂസ് സിറ്റിയിൽ നടന്ന ചടങ്ങിൽ മന്ത്രിയും മസ്കത്ത് ഗവർണറുമായ സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സഈദ് ‘ഗ്രേറ്റർ മസ്കത്ത് സ്ട്രക്ചറൽ പ്ലാൻ’ ഉദ്ഘാടനം ചെയ്തപ്പോൾ
മസ്കത്ത്: ഒമാന്റെ തലസ്ഥാന നഗരിയെ ആധുനികവും സുസ്ഥിരവുമായ ആഗോള നഗരമാക്കി മാറ്റുന്നതിനുള്ള ‘ഗ്രേറ്റർ മസ്കത്ത് സ്ട്രക്ചറൽ പ്ലാൻ’ ഔദ്യോഗികമായി പുറത്തിറക്കി. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശപ്രകാരം, സീബിലെ സുൽത്താൻ ഖാബൂസ് സിറ്റിയിൽ നടന്ന ചടങ്ങിൽ മന്ത്രിയും മസ്കത്ത് ഗവർണറുമായ സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സഈദ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി വിഭാവനം ചെയ്ത ഈ പദ്ധതിയിലൂടെ മസ്കത്തിനെ നിക്ഷേപ സൗഹൃദവും മികച്ച ജീവിതനിലവാരമുള്ളതുമായ നഗരമാക്കി മാറ്റാനാണ് ലക്ഷ്യം.
മത്ര മുതൽ ബർക്ക വരെ ഏകദേശം 1,360 ചതുരശ്ര കിലോമീറ്റർ പ്രദേശം പദ്ധതിയുടെ പരിധിയിൽ വരും. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആധുനിക മെട്രോ റെയിൽ ശൃംഖലയും സംയോജിത പൊതുഗതാഗത സംവിധാനവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. നഗരത്തെ നാല് പ്രധാന മേഖലകളായി തിരിക്കും. നോളജ് ഒയാസിസ് കേന്ദ്രീകരിച്ചുള്ള ഇന്നവേഷൻ ആൻഡ് നോളജ് ക്ലസ്റ്റർ, ഖസായൻ കേന്ദ്രീകരിച്ചുള്ള ഇൻഡസ്ട്രിയൽ ആൻഡ് ലോജിസ്റ്റിക്സ് ക്ലസ്റ്റർ, വിമാനത്താവളവും മത്രയും കേന്ദ്രീകരിച്ചുള്ള ടൂറിസം ക്ലസ്റ്റർ, ബർക്കയിലെ ഭക്ഷ്യ വ്യവസായ മേഖല എന്നിവ ഇതിൽ ഉൾപ്പെടുന്നു.
3.13 ലക്ഷം പുതിയ വീടുകൾ നിർമ്മിക്കുന്നതിനൊപ്പം കൂടുതൽ ഹരിത ഇടങ്ങളും പാർക്കുകളും ഒരുക്കി ‘ഗ്രീൻ മസ്കത്ത്’ എന്ന ലക്ഷ്യം ‘ഗ്രേറ്റർ മസ്കത്ത് പ്ലാൻ’ വഴി കൈവരിക്കും. കടൽക്ഷോഭവും വാദികളിലെ വെള്ളപ്പൊക്കവും പ്രതിരോധിക്കാൻ 16 പുതിയ ഡാമുകളും 250 കിലോമീറ്റർ ഡ്രെയിനേജ് ചാനലുകളും നിർമ്മിക്കും.
ലോകത്തിലെ പ്രമുഖ ബിസിനസ് നഗരങ്ങളുടെ കൂട്ടായ്മയായ ‘ഗ്ലോബൽ ബിസിനസ്സ് ഡിസ്ട്രിക്റ്റ്സ് ഇന്നവേഷൻ ക്ലബ്ബിൽ’ മസ്കത്ത് അംഗമായതായും ഉദ്ഘാടന ചടങ്ങിൽ അറിയിച്ചു. ഇതോടെ മിഡിൽ ഈസ്റ്റിൽ നിന്ന് ഈ പട്ടികയിൽ ഇടംപിടിക്കുന്ന ആദ്യ നഗരമായി മസ്കത്ത് മാറി. ഭാവിയിൽ മസ്കത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളാണ് ‘ഗ്രേറ്റർ മസ്കത്ത് പ്ലാൻ’ വഴി നടപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

