ദാഹിറയിൽ ഇനി മധുരമൂറും മുന്തിരിക്കാലം...
text_fieldsയാങ്കുൾ വിലായത്തിൽ മുന്തിരി വിളവെടുപ്പ് സീസണിണ് തുടക്കമായപ്പോൾ
മസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ യാങ്കുൾ വിലായത്തിൽ മുന്തിരി വിളവെടുപ്പ് സീസണിന് ഔദ്യോഗിക തുടക്കമായി. ആഗസ്റ്റ് ആദ്യംവരെ നീണ്ടുനിൽക്കുന്നതാണ് സീസൺ. പ്രാദേശികമായി വളർത്തുന്ന മുന്തിരിയുടെ രുചിയും ഉയർന്ന ഗുണനിലവാരവും കാരണം പ്രാദേശിക വിപണികളിൽ വളരെ ഡിമാന്റാണ് ഇവക്ക്. വിലായത്തിൽ ഏകദേശം 13 ഏക്കർ സ്ഥലത്ത് മുന്തിരികൾ വളരുന്നുണ്ടെന്നും ആകെ 2,600 മുന്തിരി മരങ്ങളുണ്ടെന്നും യാങ്കുളിലെ കൃഷി, ജലവിഭവ വകുപ്പ് ഡയറക്ടർ സലേം ബിൻ സുഹൈൽ അൽ അലവി ചൂണ്ടിക്കാട്ടി. വേനൽക്കാലത്ത് പ്രാദേശിക വിപണിയിലെ വിതരണത്തിന് ഗണ്യമായ സംഭാവന നൽകുന്ന പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
മുന്തിരി കർഷകർക്ക് മന്ത്രാലയം നിരവധി സേവനങ്ങൾ നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നടീൽ ദൂരം, മുന്തിരി ട്രെല്ലിസ് ഡിസൈൻ, ആധുനിക ജലസേചന സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക മേൽനോട്ടവും ഉപദേശക തുടർനടപടികളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, കീട നിയന്ത്രണം, കർഷകർക്ക് മുന്തിരി തൈകൾ നൽകൽ, പ്രതിരോധ സ്പ്രേ ചെയ്യലും വളപ്രയോഗവും ഷെഡ്യൂൾ ചെയ്യൽ എന്നിവയിലും സഹായം ചെയ്തുവരുന്നു.
കർഷകരുടെ വൈദഗ്ധ്യവും അനുഭവങ്ങളും അയൽ ഗവർണറേറ്റുകളിലുള്ളവർക്ക് കൈമാറുക, കർഷകർക്ക് ഒരു വരുമാന സ്രോതസ്സ് സൃഷ്ടിക്കുക, ആധുനിക ജലസേചന സാങ്കേതികവിദ്യ ഉപയോഗിച്ച് ജലസ്രോതസ്സുകളുടെ ഉപഭോഗം യുക്തിസഹമാക്കുന്നതിനൊപ്പം പ്രദേശത്തെ വിഭവങ്ങളിൽനിന്ന് പ്രയോജനം നേടുക എന്നിവയും സേവനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 15 വർഷത്തിലേറെയായി വാണിജ്യ മുന്തിരി കൃഷിയിൽ ഏർപ്പെട്ടു വരുകയണെന്ന് യാങ്കുളിലെ മുന്തിരി കർഷകനായ ഖൈസ് ബിൻ നാസർ അൽ ഫാർസി പറഞ്ഞു. രുചി വൈവിധ്യത്തിന് പേരുകേട്ട തായിഫ്, അമേരിക്കൻ, ടർക്കിഷ് മുന്തിരികൾ പോലുള്ള ഇറക്കുമതി ചെയ്ത ഇനങ്ങൾക്കൊപ്പം പ്രാദേശിക കറുപ്പും വെളുപ്പും മുന്തിരിയുടെ ഇനവും അദ്ദേഹം കൃഷി ചെയ്യുന്നു. പൂവിടുന്നതിനും കായ്ക്കുന്നതിനും മുമ്പ് മുന്തിരിത്തോട്ടങ്ങൾക്ക് തുടർച്ചയായ പരിചരണം ആവശ്യമാണ്. മണ്ണ് തയാറാക്കലും വളപ്രയോഗവും മുന്തിരി മരങ്ങളുടെ പതിവ് ജലസേചനം നിരീക്ഷിക്കലും ഇതിൽ ഉൾപ്പെടുന്നതണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

