ഗോപിനാഥ് മുതുകാടിന്റെ ‘എം ക്യൂബ്’ ഫെബ്രുവരി ആറിന് ഒമാനിൽ
text_fieldsഎം ക്യൂബ് പരിപാടിയുടെ പ്രഖ്യാപനത്തിനായി മസ്കത്തിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽനിന്ന്
മസ്കത്ത്: ഭിന്നശേഷിക്കാരുടെ സമഗ്ര വികാസം ലക്ഷ്യമിട്ട് എം ക്യൂബ് പരിപാടിയുമായി ഗോപിനാഥ് മുതുകാട് ഒമാനിലെത്തുന്നു. തിരുവനന്തപുരം ഡിഫറന്റ് ആര്ട്ട് സെന്ററിന്റെ നേതൃത്വത്തിൽ ലോകോത്തര മാതൃകയിൽ കാസർകോട് നിർമിക്കുന്ന ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് (ഐ.ഐ.പി.ഡി) സംരംഭത്തിന്റെ ഫണ്ട് ശേഖരണാർഥം നന്മ കാസർകോടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എം ക്യൂബ് പരിപാടി മാജിക്, മെലഡി, മിഷൻ എന്നീ ആശയങ്ങളോടെ ഫെബ്രുവരി ആറിന് ഒമാനിൽ നടക്കും.
120 കോടി ചെലവിൽ നിർമിക്കുന്ന സംരംഭത്തിന് പ്രവാസലോകത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഈ വർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഐ.ഐ.പി.ഡിക്ക് തറക്കല്ലിട്ടിരുന്നു. ആയിരം ദിനങ്ങൾ കൊണ്ട് പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
അടുത്തവർഷം ഫെബ്രുവരിയിൽ ഒന്നാംഘട്ടം പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.
ലോകമെമ്പാടുമുള്ള കലാസ്നേഹികളെ അണിനിരത്തിയാണ് മുതുകാട് 'എം ക്യൂബ്' പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിനകം ആസ്ട്രേലിയ, ഖത്തർ എന്നിവിടങ്ങളിൽ പരിപാടികൾ പൂർത്തിയാക്കി. ഒമാന് പുറമെ യു.കെ, അയർലൻഡ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലും എം ക്യൂബ് വൈകാതെ അരങ്ങേറും.
കാഞ്ഞങ്ങാട് മടിക്കൈയിൽ 30 ഏക്കർ സ്ഥലത്ത് ഒരുങ്ങുന്ന ഐ.ഐ.പി.ഡി, എൻഡോസൾഫാൻ ദുരിതബാധിതരടക്കം ലോകമെമ്പാടുമുള്ള ഭിന്നശേഷികുട്ടികൾക്ക് ആശ്രയമാകുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്നും പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷി സ്ഥാപനമായി ഇത് മാറുമെന്നും മുതുകാട് പറഞ്ഞു.
അന്തർദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങൾ, അത്യാധുനിക തെറപ്പി സൗകര്യങ്ങൾ, പേഴ്സനലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂനിറ്റുകൾ, തൊഴില് പരിശീലന കേന്ദ്രങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ, പരിശീലന കേന്ദ്രങ്ങൾ തുടങ്ങി വിപുലീകരിച്ച സംവിധാനങ്ങൾ കാസർകോട് ഐ.ഐ.പി.ഡിയിൽ ഉണ്ടാകും. ഓരോ വ്യക്തിക്കും ആവശ്യമായ സഹായ ഉപകരണങ്ങൾ നിർമിക്കുന്ന യൂനിറ്റുകൾ.
തൊഴിൽ പരിശീലന കേന്ദ്രങ്ങൾ: ഭിന്നശേഷിക്കാർക്ക് സ്വന്തമായി വരുമാനം കണ്ടെത്താൻ സഹായിക്കുന്ന തൊഴിൽ പരിശീലനം തുടങ്ങി ഇന്ത്യയിലാദ്യമായാണ് ഇത്രയധികം വിഭാഗങ്ങൾ ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പാക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ പ്രതിവർഷം 1000 ഭിന്നശേഷിക്കാർക്ക് ഇവിടെ പരിശീലനം നൽകാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മസ്കത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ ഐ.ഐ.പി.ഡി പ്രോജക്ട് ഇന്റർനാഷനൽ കോഓഡിനേറ്റർമാരായ ഷംസീർ ഹംസ, നൗഫൽ അബ്ദുറഹ്മാൻ, നന്മ കാസർകോട് ഭാരവാഹികളായ പ്രവീൺ കുമാർ, ജയരാജ്, വിനു പുന്തൂർ, റൈജു എടവന, പ്രസന്നകുമാർ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

