ചരക്കു ഗതാഗത, കൈമാറ്റ മേഖലയിൽ ഒന്നാമതെത്താൻ ഒമാൻ
text_fieldsമസ്കത്ത്: ചരക്കു ഗതാഗത, കൈമാറ്റരംഗത്ത് മേഖലയിലെ സുപ്രധാന കേന്ദ്രമാകാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി ഒമാൻ. ഒമാൻ തീരത്തിെൻറ വിവിധയിടങ്ങളിലായി തുറമുഖങ്ങളുടെ നിർമാണങ്ങൾക്കും നവീകരണ ജോലികൾക്കുമായി ശതകോടി റിയാലാണ് മുതൽമുടക്കിയത്. കയറ്റിറക്കുമതിക്കാരുടെ ജോലികൾ എളുപ്പമാക്കുന്നതിനും വിദേശനിക്ഷേപം ആകർഷിക്കുന്നതിനുമായുള്ള ചട്ടങ്ങളും സാേങ്കതിക സംവിധാനങ്ങളും നടപ്പിൽവരുത്തുന്ന ജോലികളും പൂർത്തീകരിച്ചതായി ഒൗദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കസ്റ്റംസ് നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനായി ആരംഭിച്ച ഇലക്ട്രോണിക് സംവിധാനം ‘ബയാൻ’ നിക്ഷേപകരെ ആകർഷിക്കുന്നതും കയറ്റുമതി-ഇറക്കുമതി മേഖലയിൽ പ്രവർത്തിക്കുന്നവരെ ഒമാൻതീരം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതുമാണെന്ന് കസ്റ്റംസ് ഡയറക്ടറേറ്റ് ജനറലിലെ ‘ബയാൻ’ സിസ്റ്റംസ് മേധാവി ലഫ്. കേണൽ മൻസൂർ ബിൻ നാസർ അൽ റഹ്ബി പറഞ്ഞു.
ഭൂമിശാസ്ത്രപരമായ കിടപ്പും ഒമാെൻറ ഇൗ രംഗത്തുള്ള സാധ്യതകൾ വർധിപ്പിക്കുന്നതാണ്. കൂടുതൽ പേർ ഇങ്ങനെ കടന്നുവരുന്നത് വഴി വാണിജ്യ, സാമ്പത്തിക മേഖലയിൽ ഒമാന് ഏറെ നേട്ടം കൊയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഒമാനിലെ ഏറ്റവും വലിയ ഇലക്ട്രോണിക് സംവിധാനമാണ് ‘ബയാൻ’ എന്ന് അൽ റഹ്ബി പറഞ്ഞു. ഒരു മിനി ഗവൺമെൻറ് എന്നുതന്നെ ഇതിനെ വിളിക്കാം. 42 സർക്കാർ വകുപ്പുകളെയും വിവിധ ഷിപ്പിങ് -ക്ലിയറിങ് കമ്പനികളെയും തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും വാണിജ്യബാങ്കുകളെയും തമ്മിൽ ബന്ധിപ്പിച്ചുള്ള സുപ്രധാനമായ സംവിധാനമാണ് ഇതെന്നും അൽ റഹ്ബി പറഞ്ഞു.
ആർ.ഒ.പി കസ്റ്റംസ് ഡയറക്ടറേറ്റ് മുഖേന ‘ബയാൻ’ സിസ്റ്റവുമായി വ്യവസായ വാണിജ്യ മന്ത്രാലയത്തെ ബന്ധപ്പെടുത്തിയിട്ടുള്ളതായി മന്ത്രാലയത്തിലെ വാണിജ്യകാര്യ വിഭാഗം ഡയറക്ടർ ജനറൽ അവദ് ബിൻ സൈദ് അൽ അലവി പറഞ്ഞു. കയറ്റുമതി-ഇറക്കുമതി അപേക്ഷകൾ നൽകൽ, ഷിപ്മെൻറുകളുടെ വേഗത്തിലുള്ള വിട്ടുകൊടുക്കൽ, ലൈസൻസുകൾ ഇലക്ട്രോണിക് മാർഗത്തിലൂടെ നൽകൽ, ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് സാധനങ്ങൾ ഒമാനിലേക്ക് നേരിട്ട് ഇറക്കുമതി ചെയ്യൽ തുടങ്ങിയ സേവനങ്ങളാണ് ‘ബയാൻ’ മുഖേന മന്ത്രാലയം ചെയ്തുവരുന്നത്.
രാജ്യത്ത് വ്യവസായ, വാണിജ്യ പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കുന്നതിനും കയറ്റുമതി-ഇറക്കുമതി നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനും മന്ത്രാലയത്തിെൻറ കീഴിൽ ‘ഇൻവെസ്റ്റ് ഇൗസി’ പോർട്ടൽ സംവിധാനവും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര വാണിജ്യ കണക്കുകൾ പ്രകാരം മറ്റു രാഷ്ട്രങ്ങളിൽനിന്ന് ഒമാനിലേക്ക് 8.954 ശതകോടി റിയാലിെൻറ സാധനങ്ങളാണ് ഇറക്കുമതി ചെയ്തത്. കയറ്റുമതിയിലൂടെ 8.376 ശതകോടി റിയാലിെൻറയും വിദേശ ഉൽപന്നങ്ങളുടെ റീ എക്സ്പോർട്ടിങ്ങിലൂടെ 3.024 ശതകോടി റിയാലിെൻറയും വരുമാനം ഒമാൻ നേടി. 2040ഒാടെ ചരക്കുഗതാഗത, കൈമാറ്റ മേഖലയിൽ ലോകത്തിലെ മുൻനിരയിൽ നിൽക്കുന്ന പത്തു രാഷ്ട്രങ്ങളിൽ ഒന്നാവുകയെന്ന ലക്ഷ്യവുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇതുവഴി ദേശീയ വരുമാനത്തിെൻറ രണ്ടാമത്തെ വലിയ വിഹിതം ഇൗ മേഖലയിൽനിന്ന് ലഭിക്കുമെന്നാണ് സർക്കാറിെൻറ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
