‘ഗോനു’വിന് 17 ആണ്ട്; നടുക്കുന്ന ഓർമകളുമായി ഒമാൻ
text_fieldsഗോനു ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ വാഹനങ്ങൾ (ഫയൽ)
മസ്കത്ത്: ഒമാന്റെ ചരിത്രത്തിലെ കയ്പേറിയ പ്രകൃതി ദുരന്തത്തിന് 17 ആണ്ട് പൂർത്തിയായി. 2007 ജൂൺ ആറിനായിരുന്നു ഒമാനെ ദുരിതത്തിലാക്കിയ ഗോനു ചുഴലിക്കാറ്റ് അടിച്ചു വീശിയത്. രണ്ട് ദിവസങ്ങളിലായി അടിച്ചു വീശിയ ചുഴലിക്കാറ്റും കനത്ത മഴയും ചുരുങ്ങിയത് 50 പേരുടെയെങ്കിലും ജീവഹാനിയും 4.2 ശതകോടി ഡോളറിന്റെ സാമ്പത്തിക നഷ്ടങ്ങളുമാണ് വരുത്തിവെച്ചത്. 610 മില്ലീ മീറ്റർ മഴയാണ് പല ഭാഗത്തും ലഭിച്ചത്. മസ്കത്ത്, ശർഖിയ്യ ഗവർണറേറ്റുകളിൽ വൻ നാശനഷ്ടങ്ങളാണുണ്ടായത്. ചുഴലിക്കാറ്റു മൂലം തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ അമിറാത്തിൽ ഇപ്പോഴും കാണാം.
ഗോനു എന്ന് കേൾക്കുമ്പോൾ ഞെട്ടുന്നവർ ഇപ്പോഴുമുണ്ട്. വാദീ അദൈ, അമിറാത്ത്, അൽഖുവൈർ, ഗൂബ്ര, ഗാല തുടങ്ങിയ പ്രദേശങ്ങളിലുള്ള നിരവധി പേർ മരണത്തെ മുഖാമുഖം കണ്ടിരുന്നു. ഒലിച്ചു പോക്കിൽനിന്നും മരണത്തിൽനിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവരും നിരവധിയാണ്. റോഡുകൾ പലതും ഒലിച്ചു പോയി.
പ്രധാന റോഡുകൾ തകർന്നതിനാൽ സർവിസ് റോഡുകൾ വഴിയാണ് പലരും യാത്ര ചെയ്തത്. ചില മേൽ പാലങ്ങൾ തകർന്നുപോയി. നൂറുകണക്കിന് വാഹനങ്ങൾ ഒലിച്ചു പോവുകയും കേടാവകയും ചെയ്തു. ചില വാഹന കമ്പനികളുടെ ഗോഡൗണുകളിൽ വെള്ളം കയിറയതു കാരണം വൻ സാമ്പത്തിക നഷ്ടമുണ്ടായി. ദിവസങ്ങളോളം വൈദ്യുതിയും വെള്ളവും നിലച്ചതു കാരണം പൊതുജനങ്ങൾ അക്ഷരാർഥത്തിൽ പൊറുതി മുട്ടി. വെള്ളം കിട്ടാത്തതു കാരണം പലരും കുളിക്കുകയോ അലക്കുകയോ ചെയ്തില്ല. എന്തിനേറെ പ്രാഥമിക ആവശ്യങ്ങൾക്കു പോലും ബുദ്ധിമുട്ടായി. കുടിവെള്ളത്തിനായി ബക്കറ്റുമായി അലഞ്ഞവരും നിരവധിയാണ്. കനത്ത മഴ കാരണം മസ്കത്ത് അന്തരാഷ്ട്ര വിമാനത്താവളം അടച്ചിടേണ്ടി വന്നു. കടകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയതു കാരണം ഭക്ഷ്യ വസ്തുക്കൾക്കും ക്ഷാമം അനുഭവപ്പെട്ടു.
എന്നാൽ ദുരന്ത സമയത്ത് സഹായ ഹസ്തവുമായി രംഗത്തെത്തിയവരും നിരവധിയാണ്. ജലക്ഷാമം നേരിടുന്ന മേഖലകളിൽ ടാങ്കുകളിലും മറ്റും വെള്ളമെത്തിക്കാൻ സ്വദേശികളും വിദേശികളും സഹകരിച്ചിരുന്നു. തങ്ങളുടെ വെള്ള കിണറുകൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തവരുമുണ്ടായിരുന്നു. ഗോനുവിൽ പ്രയാസ അനുഭവിച്ചവർക്ക് സഹായഹസ്തവുമായി നിരവധി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ടായിരുന്നു. ദാഹജലെമത്തിക്കുന്നവരും ഉടുതുണിക്ക് മറുതുണി നഷ്ടപ്പെട്ടവർക്ക് വസ്ത്രങ്ങളെത്തിച്ചവരും വിശന്നുവലഞ്ഞവർക്ക് ഭക്ഷണമെത്തിച്ചവരും നിരവധിയാണ്.
ഗോനു ജീവിതത്തിൽ എക്കാലവും ഓർക്കുന്ന വലിയ പാഠമായിരുന്നുവെന്ന് അൽ ഗൂബ്ര ഇന്റർനാഷനൽ സ്കൂൾ അധ്യാപകൻ കെ. മുനീർ അനുസ്മരിക്കുന്നു. നാട്ടിൽ പോവാനൊരുങ്ങി നിൽക്കുമ്പോൾ ഗോനു ഒമാനിൽ അടിച്ചു വീശിയത്. ആറാം തീയതി വൈകുന്നേരത്തോടെ മഴ ആരംഭിച്ചിരുന്നു. അപ്പോൾ റോഡിൽ ചെറിയ വെള്ളമുണ്ടായിരുന്നു.
എന്നാൽ അത് കാര്യമാക്കിയിരുന്നില്ല. അഞ്ചരയോടെ അൽ ഗൂബ്രയിലെ വീട്ടിൽ വെള്ളം കയറാൻ തുടങ്ങി. അതോടെ നിലത്തുള്ള ലഗേജും മറ്റു വസ്തുക്കളും കട്ടിലിലും ഉയർന്ന സ്ഥലത്തുവെക്കുകയായിരുന്നു.
അപ്പോഴാണ് പുറത്തു മുഴുവൻ വെള്ളമാണന്നും ഉടൻ പുറത്തിറങ്ങി രക്ഷപ്പെടണമെന്നും ആവശ്യപ്പെട്ടത്. ഇതോടെ ഉടുത്ത വസ്ത്രവുമായി താനും കൂടെയുണ്ടായിരുന്ന സുഹൃത്തും എങ്ങനെയോ വാതിൽ തള്ളി തുറന്നു പുറത്തേക്ക് ചാടുകയായിരുന്നു. അപ്പോൾ പുറത്ത് വെള്ളം കുത്തിയൊലിച്ചെത്തുന്നതാണ് കണ്ടത്.
ആദ്യം ഒന്നാം നിലയിൽ പിന്നീട് കെട്ടിടത്തിന്റെ ടെറസിലും ഓടി കയറുകയായിരുന്നു. കെട്ടിടത്തിന്റെ മുകളിൽ കയറി നിന്നപ്പോഴാണ് വെള്ളപൊക്കത്തിന്റെ യഥാർഥ ചിത്രം മനസിലായത്. പുറത്ത് റോഡും അതിരുകളും തിരച്ചറിയാത്ത രീതിയിൽ എല്ലാ ഇടത്തും വെള്ളമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്നു രാത്രി മുഴുവൻ മുനീറും അഞ്ചു കുടുംബങ്ങളും ടെറസിലാണ് കഴിച്ചുകൂട്ടിയത്. വെള്ളവും വൈദ്യുതിയും നിലച്ചത് വലിയ പ്രതിസന്ധിയായി.
മഴ ആരംഭിച്ചു രണ്ടു മണിക്കൂറിനകം എല്ലാ നഷ്ടപ്പെട്ടവനായത് ജീവിതത്തിലെ വലിയ പാഠമായിരുന്നു. വെള്ളം ഇരച്ചു കയറിയപ്പോൾ ഓടി രക്ഷപ്പെട്ടതിനാൽ വീട്ടിൽ ഇരിക്കുന്ന പാസപോർട്ട് പോലും എടുക്കാൻ കഴിഞ്ഞിരുന്നില്ല. വീടിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം കയറിയതിനാൽ വസ്ത്രങ്ങളടക്കം എല്ലാം വെള്ളത്തിലും ചെളിയിലും നശിച്ചു പോയിരുന്നു.
താനടക്കം നിരവധി പേരാണ് ഏതാനും മണിക്കൂറിനുള്ളിൽ ഒന്നുമില്ലാത്തവരായത്. കുടിവെള്ളത്തിനു പോലും മറ്റുള്ളവരുടെ സഹായത്തിനായി കാത്തിരിക്കേണ്ടിവന്നത് ജീവിതത്തിലെ വലിയ പാഠമാണെന്നും മുനീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

